Categories
exclusive

ശ്രീധരനെ ജയിപ്പിക്കാന്‍ ആര്‍.എസ്.എസ്. കിണഞ്ഞു ശ്രമിച്ചു, വിജയം പ്രതീക്ഷിച്ചു

ചെറുപ്പത്തിലേ ആര്‍.എസ്.എസ്. അനുയായി ആയിരുന്ന മെട്രോമാന്‍ ഇ.ശ്രീധരനെ പാലക്കാട് മല്‍സരിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിജയത്തിന് നേരിട്ട് രംഗത്തിറങ്ങിയത് ആര്‍.എസ്.എസ്.

പ്രചാരണത്തില്‍ കണ്ടത് ബി.ജെ.പി.യെ ആയിരുന്നെങ്കിലും വിയര്‍ത്ത് പണിയെടുക്കാന്‍ ആര്‍.എസ്.എസ്. ഉണ്ടായിരുന്നു. അത് ഒട്ടും പരസ്യപ്പെടുത്താത്ത കാമ്പയിന്‍ ആയിരുന്നു.

പാലക്കാട് നിയോജക മണ്ഡലത്തില്‍ വലിയ വോട്ടുസമൂഹമായ അഗ്രഹാരങ്ങളിലെ ബ്രാഹ്മണ സമൂത്തിന്റെ മുഴുവന്‍ വോട്ടും ആര്‍.എസ്.എസ്. സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തി ഇ.ശ്രീധരന് അനുകൂലമാക്കാന്‍ പ്രയത്‌നിച്ചു.
പാലക്കാട് മണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ജയിച്ച് മന്ത്രിയായിരുന്ന കല്‍പാത്തി അഗ്രഹാരത്തിലെ സി.എം.സുന്ദരത്തിനൊപ്പം പിന്നീട് പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന അഗ്രഹാര വാസികളെ ഇത്തവണ ഷാഫി പറമ്പിലിനെതിരായും ശ്രീധരന് അനുകൂലമായും തിരിക്കുക എന്നതായിരുന്നു ആര്‍.എസ്.എസിന്റെ തന്ത്രം. ഇതോടൊപ്പം, പാലക്കാട് നഗരസഭാ പരിധിയില്‍ ബി.ജെ.പി.ക്കുള്ള പൊതുവായ ആധിപത്യം കൂടി ആകുമ്പോള്‍ ശ്രീധരന്റെ വിജയം സുനിശ്ചിതം എന്ന് ആര്‍.എസ്.എസ്. അനുമാനിച്ചു. അതു കൊണ്ടാണ് ശ്രീധരന്‍ പാലക്കാട്ട് നഗരത്തില്‍ തനിക്കായി എം.എല്‍.എ. ഓഫീസിന് വാടകക്കെട്ടിടം പോലും കണ്ടെത്താന്‍ ആരംഭിച്ചത്.
അഗ്രഹാരവാസികളായ തമിഴ് ബ്രാഹമണരെ കോണ്‍ഗ്രസിന്റെ അനുഭാവികളാക്കി മാറ്റിയത് മുന്‍ തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി സി.എം.സുന്ദരം ആയിരുന്നു. 1980-87 കാലത്ത് മന്ത്രിയാകുമ്പോള്‍ സുന്ദരം സ്വാമി പ്രജാ സോഷ്യലിസ്റ്റ് പാര്‍ടിയുടെ പ്രതിനിധിയായിരുന്നെങ്കിലും 1990-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒരു കാലത്ത് പാലക്കാട് എന്നു പറഞ്ഞാല്‍ സി.എം.സുന്ദരം ആയിരുന്നു. അഞ്ച് തവണയാണ് അദ്ദേഹം അവിടെ ജയിച്ചത്. അതായത് അഗ്രഹാരങ്ങളിലെ വോട്ട് ആണ് സുന്ദരത്തെ എന്നും ഭദ്രമാക്കിയിരുന്നത്.
ഈ വോട്ടു ബാങ്ക് ആണ് ഇത്തവണ ആര്‍.എസ്.എസ്. ആസൂത്രിത പ്രവര്‍ത്തനത്തിലൂടെ ശ്രീധരന് അനുകൂലമാക്കിയത്.

വോട്ടെണ്ണലിന്റെ അവസാന റൗണ്ടിനു തൊട്ടു മുന്‍പു വരെ ശ്രീധരന് വ്യക്തമായ ലീഡ് ലഭിച്ചത് ഇത്തരം ആസൂത്രിതമായ പ്രവര്‍ത്തനത്തിന്റെ ഫലമായുണ്ടായ വോട്ടുകളിലൂടെയായിരുന്നു. നൂറണി, കല്‍പാത്തി, കൊടുന്തിരപ്പുള്ളി തുടങ്ങിയ ഇടങ്ങളിലെ വോട്ടുകള്‍ ശ്രീധരന് അനുകൂലമാക്കാന്‍ സാധിച്ചു.
എന്നാല്‍ കണക്കുകൂട്ടലുകള്‍ പിന്നീട് തെറ്റി. നഗരസഭയോട് ചേര്‍ന്ന പഞ്ചായത്തുകളില്‍ നിന്നും മികച്ച പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പി.ക്കും ആര്‍.എസ്.എസിനും അത് ലഭിച്ചില്ല എന്നത് ഷാഫി പറമ്പിലിന് അവസാന റൗണ്ടില്‍ വിജയമൊരുക്കി. നഗരസഭയോട് ചേര്‍ന്നു നില്‍ക്കുന്ന ഗ്രാമപഞ്ചായത്തുകളായ അകത്തേത്തറ, പുതുപ്പരിയാരം എന്നിവ യു.ഡി.എഫിന്റെയും കണ്ണാടി ഗ്രാമപഞ്ചായത്ത് ഇടതുപക്ഷത്തിന്റെയും ശക്തിസ്ഥലങ്ങളാണ്. നഗരത്തിന്റെ തന്നെ ഭാഗമായ മേപ്പറമ്പ്, വെണ്ണക്കര എന്നിവിടങ്ങള്‍ യു.ഡി.എഫിന് കൂടുതല്‍ വോട്ട് കിട്ടുന്ന ന്യൂനപക്ഷങ്ങളുള്‍പ്പെടെയുള്ള വോട്ടര്‍മാരുടെ കേന്ദ്രമാണ്. ഇതെല്ലാം ഷാഫിയെ അവസാന ഘട്ടത്തില്‍ തുണച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
English Summary: RSS DONE MAXIMUM ground work for the victory of e sreedharan but slipped in last moments

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick