ഇത്തവണ മായുമോ തീരദേശത്തെ ചുവപ്പ്–മലപ്പുറം രാഷ്ട്രീയത്തിലെ ചൂടുള്ള ചര്‍ച്ച ഇതു മാത്രമാണ്. മുസ്ലീംലീഗിന് സീറ്റുകള്‍ കുറയുമോ എന്ന ചോദ്യമല്ല, ഇടതിന് പഴയ സീറ്റുകളെല്ലാം നിലനിര്‍ത്താനാവുമോ എന്നതാണ് പ്രധാന ചര്‍ച്ചാവിഷയം. അതായത് ഇടതുപക്ഷത്തിന് മലപ്പുറത്ത് ഇത്തവണ സാധ്യമാകുക പരമാവധി കഴിഞ്ഞ തവണത്തെ സീറ്റുകള്‍ നഷ്ടപ്പെടാതെ നോക്കുക എന്നതാണ്.
മലപ്പുറം ജില്ലയിലെ മുസ്‌ലിം ലീഗിന്റെ അപ്രമാധിത്യത്തിന് തടയിടുകയെന്നത് കാലങ്ങളായി സി.പി.എം. ഏറ്റെടുത്ത വെല്ലുവിളിയാണ്. സമീപകാല നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുചേരിയ്‌ക്കൊപ്പം നിന്ന ചരിത്രമാണ് ജില്ലയിലെ തീരദേശത്തിന്. എന്നാല്‍, ഇത്തവണ തീരദേശത്തെ കാറ്റ് വലത്തോട്ട് വീശുമോ എന്ന പ്രതീതി ആശങ്കയുടെ കാര്‍മമേഘമായി ഇടതുപക്ഷത്തിന് മുകളില്‍ ഉരുണ്ടുകൂടിയുണ്ട്.

പൊന്നാനി
പൊന്നാനി, തവനൂര്‍, താനൂര്‍, നിലമ്പൂര്‍ എന്നീ മണ്ഡലങ്ങളാണ് ജില്ലയില്‍ സി.പി.എമ്മിന്റെ കൈമുതലായിട്ടുള്ളത്. ഇതില്‍ നിലമ്പൂര്‍ മാത്രമാണ് തീരദേശത്തിന് പുറത്തുള്ളത്. മറ്റ് മൂന്ന് മണ്ഡലങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥ ഇത്തവണ ആര്‍ക്ക് അനുകൂലമാകുമെന്നാണ് ജില്ല ഉറ്റുനോക്കുന്ന്.
പൊന്നാനിയില്‍ 15640 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശ്രീരാമകൃഷ്ണന്‍ വിജയിച്ചത്. ഇത്തവണ ശ്രീരാമകൃഷ്ണനെ മാറ്റി സി.ഐ.ടി.യു. നേതാവ് പി. നന്ദകുമാറിനെ മത്സരിപ്പിച്ചാണ് സി.പി.എം. തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നന്ദകുമാറിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പ്രാദേശികമായി ഉയര്‍ന്ന എതിര്‍പ്പ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നതാണ് മണ്ഡലം ഉറ്റുനോക്കുന്നത്. കാലങ്ങളായി ബി.ജെ.പി. മത്സരിച്ചുവന്ന മണ്ഡലത്തില്‍ ഇത്തവണ മത്സരിക്കുന്നത് ബി.ഡി.ജെ.എസാണ്. 11662 വോട്ടാണ് 2016-ലെ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. നേടിയത്. സീറ്റ് കൈമാറ്റം ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കിയ അസംതൃപ്തി ചെറുതല്ല. ബി.ജെ.പി. വോട്ടുകള്‍ മുന്നണി വിട്ടുപുറത്തുപോയാല്‍ അത് ജനവിധിയില്‍ നിര്‍ണായകമാവും.

സീനിയര്‍ നേതാവിനെ ഇടതുമുന്നണിയ്ക്കുവേണ്ടി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മത്സരിക്കുമ്പോള്‍ എതിര്‍ചേരിയില്‍ യു.ഡി.എഫ്. രംഗത്തിറക്കിയിരിക്കുന്നത് അഡ്വ. എ.എം. രോഹിത്തിനെയാണ്. യുവത്വത്തിന്റെ പ്രതീകമായി രോഹിത്തിനെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ യുവജനത ആര്‍ക്കൊപ്പം നി്ല്‍ക്കുമെന്നതും നിര്‍ണായകമാണ്.ഇത്തവണ മണ്ഡലത്തില്‍ സി.പി.എം. നേരിടുന്ന വെല്ലുവിളികള്‍ രണ്ടാണ്. മറ്റുള്ളരുടെ വോട്ടുകള്‍ സ്വന്തം അക്കൗണ്ടിലെത്തിക്കുന്നതോടൊപ്പം പരമ്പരാഗതവോട്ടുകള്‍ ചോരാതെ നോക്കേണ്ട ഉത്തരവാദിത്വവും ഇത്തവണ പാര്‍ട്ടിയ്ക്കുണ്ട്. അതുകൊണ്ടുതന്നെ പൊന്നാനി മണ്ഡലത്തില്‍ അത്ര എളുപ്പമല്ല ഇത്തവണ കാര്യങ്ങള്‍.
തവനൂരിലെ ഇഞ്ചോടിഞ്ച്…
തവനൂരിലും സ്ഥിതി മറിച്ചല്ല. വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിച്ച മന്ത്രി കെ.ടി. ജലീലാണ് ഇത്തവണയും ഇടതുപക്ഷത്തിനുവേണ്ടി തവനൂരില്‍നിന്ന് ജനവിധി തേടുന്നത്. മാര്‍ക്ക്ദാന വിവാദം, ബന്ധുനിയമനം, കേന്ദ്ര ഏജന്‍സികളുടെ ചോദ്യം ചെയ്യല്‍ ഇതെല്ലാം ജലീലിനെ വേട്ടയാടിയിരുന്നു. എന്നാല്‍, ഇതിലൊന്നും കുലുങ്ങാതെയാണ് അദ്ദേഹം മണ്ഡലത്തില്‍ വീണ്ടും മാറ്റുരയ്ക്കുന്നത്.ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലാണ് ഇത്തവണ ജലീലിന്റെ എതിരാളി. ഇവിടെയും ഇത്തവണ അത്ര എളുപ്പമല്ല കാര്യങ്ങള്‍.

2011-ല്‍ 6,854 വോട്ടിന്റെ ഭൂരിപക്ഷം 2016-ല്‍ 17,064 വോട്ടാക്കി ഉയര്‍ത്തി മന്ത്രിയായതാണ് കെ.ടി. ജലീല്‍. ആ ആത്മവിശ്വാസം പക്ഷേ ഇത്തവണയില്ല. കടുത്ത മത്സരമാണ്. മണ്ഡലം ആര്‍ക്കൊപ്പംനില്‍ക്കുമെന്ന് പ്രവചിക്കാനാകാത്ത സ്ഥിതിയിലെത്തിയിട്ടുണ്ട് മണ്ഡലത്തിലെ പോരാട്ടം.
ഇവിടെയും പരമ്പരാഗത പാര്‍ട്ടി വോട്ടുകള്‍ സംരക്ഷിക്കേണ്ട ബാധ്യതകൂടിയുണ്ട് സി.പി.എമ്മിന്. വിവാദങ്ങളുടെ തോഴനാകുമ്പോഴും പാര്‍ട്ടി ഒരിക്കല്‍പോലും ജലീലിനെ തള്ളിപ്പറഞ്ഞില്ല. ജലീലിന്റെ പ്രവൃത്തികളില്‍ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ക്കുപോലും നീരസമുണ്ടായിരുന്നു. പാര്‍ട്ടിയ്ക്ക് അതീതമായി പ്രവര്‍ത്തിക്കുന്നു എന്നതായിരുന്നു നേതാക്കള്‍ക്കിടയില്‍നിന്നുയര്‍ന്ന ആരോപണം. കഴിഞ്ഞ തവണ ഭൂരിപക്ഷം കൂടിയത് ജലീലിന്റെ വ്യക്തിപ്രഭാവം കാരണമാണെന്ന പ്രചാരണവും പാര്‍ട്ടി നേതാക്കളില്‍ അസംതൃപ്തിയുണ്ടാക്കി. എല്ലാം ജലീലിന്റെ നേട്ടമായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി വെറും നോക്കുകുത്തിയായെന്നാണ് അവരുടെ വിലയിരുത്തല്‍. രണ്ട് തവണ മത്സരിച്ചതിന്റെ പേരില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്കുപോലും സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴും സുരക്ഷിതനായ ജലീല്‍ നാലാം അങ്കത്തിനാണ് ഇപ്പോള്‍ തവനൂരില്‍ ‘ഓട്ടോ’യില്‍ വന്നിറങ്ങിയിരിക്കുന്നത്. പാര്‍ട്ടിയിലെ ജലീല്‍ വിരുദ്ധപക്ഷത്ത് ഇതുണ്ടാക്കിയ ആഘാതം ചെറുതല്ല. പാര്‍ട്ടിക്കാര്‍ക്ക് കിട്ടാത്ത പരിഗണനയും സംരക്ഷണവും സ്വതന്ത്രകുപ്പായമണിയുന്ന ജലീലിന് കിട്ടുന്നതില്‍ അവര്‍ക്ക് അമര്‍ഷമുണ്ട്. ആ അമര്‍ഷം പരമ്പരാഗത പാര്‍ട്ടി വോട്ടുകളെ എവിടെകൊണ്ടുവന്നെത്തിക്കുമെന്നത് കണ്ടറിയണം. എന്‍.ഡി.എ. സീറ്റ് ഇവിടെയും ബി.ഡി.ജെ.എസിനാണ്. കഴിഞ്ഞതവണ എന്‍.ഡി.എ. നേടിയ 15801 വോട്ടുകളില്‍ ഇത്തവണ ‘ഹെല്‍മെറ്റില്‍’ വീഴുന്നത് എത്രയെന്നതും മണ്ഡലത്തിലെ വിധിനിര്‍ണയത്തില്‍ പ്രധാനമാണ്.
തിരൂരില്‍
തിരൂരില്‍ കഴിഞ്ഞതവണ സി. മമ്മൂട്ടിയോട് 7,061 വോട്ടിനാണ് ഗഫൂര്‍ പി. ലില്ലീസ് പരാജയപ്പെട്ടത്. 2011-ലെ സി. മമ്മൂട്ടിയുടെ 23566 വോട്ടിന്റെ ഭൂരിപക്ഷമാണ് 2016-ല്‍ ഗഫൂര്‍ 7,061 ആക്കി കുറച്ചത്. ഇതാണ് ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നത്. സ്വതന്ത്രചിഹ്നത്തിലാണ് ഗഫൂര്‍ അന്ന് മത്സരിച്ചതെങ്കില്‍ ഇത്തവണ പാര്‍ട്ടി ചിഹ്നത്തിലാണ് മത്സരം. പാര്‍ട്ടി ചിഹ്നത്തില്‍ പി.പി. അബ്ദുള്ളക്കുട്ടി മത്സരിച്ചപ്പോഴാണ് 2011-ല്‍ സി. മമ്മുട്ടിയുടെ ഭൂരിപക്ഷം 23000 കടന്നത്. 2006-ലാണ് ഇതേ അബ്ദുള്ളക്കുട്ടിയിലൂടെ മണ്ഡലം ആദ്യമായി ചുവപ്പണിയുന്നത്. എന്നാല്‍, അന്നത്തെ തിരൂര്‍ മണ്ഡലമല്ല പിന്നീട് 2011 മുതല്‍. തവനൂര്‍ മണ്ഡലത്തിന്റെ രൂപീകരണത്തോടെ തിരൂരിന്റെ അതിര്‍ വരമ്പുകള്‍ മാറി.

പുതിയ മണ്ഡലം ഇടതിനെ കൈയൊഴിഞ്ഞ സ്ഥലത്താണ് ഇത്തവണ പാര്‍ട്ടി ചിഹ്നമെന്ന പരീക്ഷണവുമായി സി.പി.എം. ഇറങ്ങിയിട്ടുള്ളത്. മുസ്‌ലിം ലീഗിനു സ്വജീവിതം സമര്‍പ്പിച്ച കുറുക്കോളി മൊയ്തീനെതേടിയെത്തിയ അംഗീകാരമാണ് ഇപ്പോഴത്തെ സ്ഥാനാര്‍ഥിത്വം. സാധാരണക്കാരനുലഭിക്കുന്ന സഹതാപതരംഗത്തിന്റെ ആനുകൂല്യം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ആ തംരംഗങ്ങളെ മറികടന്നുവേണം സി.പി.എമ്മിന്റെ പാര്‍ട്ടിചിഹ്ന പരീക്ഷണത്തിന് മണ്ഡലത്തില്‍ വിജയം കാണാന്‍.
താനൂരില്‍
താനൂരില്‍ വി. അബ്ദുറഹിമാനെ സി.പി.എം. ഇത്തവണ രണ്ടാം അങ്കത്തിന് ഇറക്കിയത് 2016-ല്‍ ലീഗിന്റെ സിറ്റിങ് എം.എല്‍.എ.യായിരുന്ന അബ്ദുറഹിമാന്‍ രണ്ടത്താണിയെ തോല്‍പ്പിച്ച് 54 വര്‍ഷത്തെ ലീഗ് തേരോട്ടത്തിന് തടയിട്ടയാള്‍ എന്നതുകൊണ്ടാണ്. യൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസാണ് അബ്ദുറഹിമാന്റെ എതിരാളി. പുതുമ ആഗ്രഹിക്കുന്നവരാണ് തീരദേശത്തെ വോട്ടര്‍മാര്‍. ചാനല്‍ചര്‍ച്ചകളില്‍ കണ്ട് പരിചയിച്ച മുഖം മണ്ഡലത്തിലെത്തുമ്പോള്‍ സെല്‍ഫിയെടുക്കാനും മറ്റും ആളുകള്‍ ഒപ്പംകൂടാന്‍ കാരണം ആ പുതുമയാണ്. പുതുരക്തത്തെ ഇറക്കിയിലുള്ള യു.ഡി.എഫിന്റെ പരീക്ഷണത്തെ മറികടക്കാന്‍ കോണ്‍ഗ്രസ് വിട്ടുവന്ന അബ്ദുറഹിമാന് ഇത്തവണ കഴിയുമോ എന്നാണ് താനൂര്‍ ഉറ്റുനോക്കുന്നത്. താനാളൂര്‍ ഒഴികെയുള്ള പഞ്ചായത്തുകളെല്ലാം കൈയില്‍ ഭദ്രമാണെന്നത് യു.ഡി.എഫിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.