ബഹുരാഷ്ട്ര കുത്തക കമ്പനിയായ സ്റ്റെര്‍ലൈറ്റ് തങ്ങളുടെ തൂത്തുക്കുടിയിലെ ചെമ്പു സംസ്‌കരണ ശാല കോടതി അനുമതിയോടെ തുറക്കുന്നത് ജീവന്‍ രക്ഷിക്കാനുള്ള ഓക്‌സിജന്‍ ഉല്‍പാദനത്തിനു വേണ്ടിയാണ്. 4 മാസത്തേക്ക് കമ്പനി തുറക്കാൻ അത് ഒരിക്കൽ പൂട്ടാൻ ഉത്തരവിട്ട ഭരണകൂടം തന്നെ ഇന്ന് അനുമതി നൽകിയിരിക്കുന്നു. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇതിനു ധാരണ ഉണ്ടാക്കിയത്.
എന്നാല്‍ 2018-ല്‍ ഈ വ്യവസായ ശാല തമിഴ്‌നാട് സര്‍ക്കാര്‍ പൂട്ടിക്കുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ നൂറുകണക്കിന് നാട്ടുകാര്‍ അവശരായിരുന്നു. ജനരോഷത്തിനു നേരെ നടന്ന പൊലീസ് വെടിവെപ്പില്‍ 13 സമരക്കാര്‍ കൊല്ലപ്പെട്ടത് ഈ വ്യവസായശാലയുടെ പൂട്ടലിലേക്ക് നയിച്ചു. കൊവിഡ് രോഗികള്‍ക്ക് ആയിരക്കണക്കിന് ടണ്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിച്ചു നല്‍കാമെന്നും ശാല തുറക്കാന്‍ അനുവദിക്കണമെന്നും സ്റ്റെര്‍ലൈറ്റിന്റെ മാതൃകമ്പനിയായ വേദാന്ത മൂന്നു ദിവസം മുമ്പ് സുപ്രീംകോടതിയില്‍ വാഗ്ദാനം ചെയ്തിരുന്നു. കോടതിയുടെ അനുമതി പ്രകാരമാണ് ഓക്‌സിജന്‍ ഉല്‍പാദനത്തിനായി മാത്രം പ്ലാന്റ് വീണ്ടും തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് സംസ്‌കരണ കമ്പനിയായ സ്റ്റെര്‍ലൈറ്റ് 1998 ലാണ് തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. അതിനു മുമ്പ് മഹാരാഷ്ട്രയില്‍ അവര്‍ രത്‌നിഗിരിയില്‍ പ്ലാന്റ് സ്ഥാപിച്ചപ്പോള്‍ വലിയ എതിര്‍പ്പ് നേരിടേണ്ടി വന്നു. മുപ്പതിനായിരത്തോളം ആളുകള്‍ പ്ലാന്റിലേക്ക് മാര്‍ച്ച് ചെയ്ത് പ്ലാന്റ് നിര്‍മ്മാണ തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സുള്‍പ്പെടെ ഇടിച്ചു നിരത്തിക്കളഞ്ഞു. ഇതോടെയാണ് കമ്പനി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലേക്ക് മാറിയത്.
ചെമ്പ് സംസ്‌കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ആസിഡ് മാലിന്യങ്ങള്‍ വലിയ കെടുതിയാണ് പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ജലാശയങ്ങള്‍ക്കും ഉണ്ടാക്കിയത്. ഇതാണ് എല്ലായിടത്തും സ്റ്റെര്‍ലൈറ്റ് കനത്ത എതിര്‍പ്പ് നേരിടാന്‍ കാരണം. കമ്പനിക്ക് തൂത്തുക്കുടിയില്‍ തന്നെ ഒരു സള്‍ഫ്യൂറിക് ആസിഡ് പ്ലാന്റും ഒരു ഫോസ്‌ഫോറിക് ആസിഡ് പ്ലാന്റും ഉണ്ട്.

ജനങ്ങളുടെ കനത്ത പ്രതിഷേധം തമിഴ്‌നാട്ടിലും നേരിട്ട സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ കനത്ത സമരമാണ് നടന്നത്. 2018 മെയ് 22-ന് ഇരുപതിനായിരത്തില്‍ പരം ആളുകള്‍ അണിനിരന്ന ഒരു പ്രതിഷേധമാര്‍ച്ചിനു നേര്‍ക്കുണ്ടായ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതോടെ സര്‍ക്കാര്‍ അതിന്റെ അധികാരം ഉപയോഗിച്ച് ഈ വ്യവസായ ശാല മെയ് 28-ാംതീയതി പൂട്ടിച്ചു. ആ ശാലയാണ് ഇപ്പോള്‍ വീണ്ടും തുറക്കാന്‍ വഴി തെളിയുന്നത്. ഓക്‌സിജന്‍ ഉല്‍പാദനത്തിനു മാത്രമായി, ആ വിഭാഗത്തിലേക്കു മാത്രം വൈദ്യുതി പുനസ്ഥാപിച്ചു കൊണ്ട് ആണ് പ്ലാന്റ് തുറക്കാന്‍ പോകുന്നതെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. ഈ ഭാഗിക തുറക്കല്‍ ഭാവിയില്‍ ഈ വ്യവസായ ശാല മുഴുവനായി പ്രവര്‍ത്തനം നടത്താനുള്ള അനുമതി ഏതെങ്കിലും വിധേന നേടുന്നതിലേക്കു നയിച്ചേക്കാമെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. ഖനന വ്യവസായ മേഖലയിലെ ഭീമനായ ഇന്ത്യന്‍ കമ്പനി വേദാന്തയാണ് ഇപ്പോള്‍ സ്‌റ്റെര്‍ലൈറ്റിന്റെ പ്രധാന ഓഹരി ഉടമകള്‍. ഛത്തീസ് ഗഢിലെ ബസ്തറിലും ദണ്ഡകാരണ്യത്തിലും വനത്തിനകത്ത് വേദാന്ത കമ്പനി നടത്തിയ അതിഭീകരമായ പരിസ്ഥിതിലംഘനത്തിലൂടെയുള്ള ഖനനമാണ് അവിടെ മാവോയിസത്തിന് തുടക്കം കുറിച്ചതിലേക്ക് നയിച്ചത് എന്ന വസ്തുത എത്ര പേര്‍ ഓര്‍ക്കുന്നുണ്ട്. പിന്നീട് അവര്‍ ചില മാവോയിസ്റ്റ ഗ്രൂപ്പുകളെ കയ്യിലെടുക്കുകയും അവരെ ഉപയോഗിച്ച് വനവാസികളെ സ്വാധീനിച്ച് ഖനനം വ്യാപകമായി തുടരുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായി. സ്റ്റേര്‍ലൈറ്റിന് ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാ്ജ്യങ്ങളില്‍ ചെമ്പു ഖനികള്‍ ഉണ്ട്.