കൊവിഡിന്റെ ഒന്നാംഘട്ടത്തിലെതു പോലെ പ്രവര്‍ത്തിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തിച്ച അതേ സംവിധാനവും സൗകര്യവും ചുമതലയും തിരിച്ചു കൊണ്ടുവരാനാണ് തീരുമാനം.
ഇതിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ തദ്ദേശസ്ഥാപനങ്ങളില്‍ നിയമിക്കും. എല്ലാ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലും ചികിത്സാ സംവിധാനങ്ങള്‍ ഉണ്ടാകണം.
കോവിഡ് പ്രതിരോധത്തിന് ജനകീയ പങ്കാളിത്തം ഉറപ്പാക്കും. എല്ലാം തദ്ദേശ സ്ഥാപനതലത്തില്‍ കൈകാര്യം ചെയ്യാനാവുന്ന തരത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തും.
ആരോഗ്യവകുപ്പിനു കീഴിലുള്ള കെട്ടിടങ്ങള്‍ ഇതിനായി പരമാവധി ഉപയോഗിക്കും. താല്‍ക്കാലിക ജീവനക്കാരെ ഇവിടങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിയമിക്കും. സംസ്ഥാനതലത്തില്‍ ഇത് മോണിറ്റര്‍ ചെയ്യും.
പിഎച്ച്സികളെ കൂടുതല്‍ ശക്തിപ്പെടുത്തും. കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഹെല്‍പ്പ് ഡെസ്ക്ക് വേണം. കൗണ്‍സിലിങ്ങിനായി മറ്റൊരു ഹെല്‍പ്പ് ഡെസ്ക് കൂടി സജ്ജീകരിക്കും.
ടെലി മെഡിസിന്‍ സംവിധാനം ശക്തിപ്പെടുത്തും. ഡോക്ടര്‍മാര്‍ക്കൊപ്പം മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും ഇതിനായി ഉപയോഗിക്കാം.
വളണ്ടിയര്‍മാരുടെ രണ്ട് സംഘങ്ങള്‍
ഫീല്‍ഡ് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ടീമിനെ തയ്യാറാക്കണം. ഇതിനായി സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിക്കാം. 50 ശതമാനം ഉദ്യോഗസ്ഥരെയും നിയോഗിക്കാം.
വളണ്ടിയര്‍മാരുടെ രണ്ട് സംഘങ്ങള്‍ ഉണ്ടാകണം. ഒന്ന്, അവശ്യ സാധനങ്ങളും സേവനങ്ങളും വീടുകളിലെത്തിക്കാന്‍. രണ്ട്, കോവിഡ് രോഗികളുടെ ആവശ്യങ്ങള്‍ക്കായി.
50-60 വീടുകള്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയിലാകണം. അധ്യാപകരെയും ഉപയോഗിക്കാനാകണം.
പ്രതിരോധം, ചികിത്സ, ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമായുള്ള ബന്ധം എന്നിവ ഉണ്ടാകണം. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലുള്ള ഹെല്‍ത്ത് സിസ്റ്റത്തിന്‍റെ ഭാഗമായി ഇവര്‍ പ്രവര്‍ത്തിക്കണം.