നമ്മള്‍ 72 രാജ്യങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നു. ലോകത്തില്‍ ഇന്ത്യയുടെ തലപ്പൊക്കം വര്‍ധിച്ചത് നരേന്ദ്രമോദിയുടെ ഇത്തരം ഗാഢ സൗഹൃദ നീക്കം വഴിയാണ്, ഈ കൊവിഡ് കാലത്തു പോലും–ഈ വാക്കുകള്‍ മറ്റാരുടെതുമല്ല, ഇന്ത്യയുടെ വിദേശ കാര്യമന്ത്രി എസ്.ജയ്ശങ്കര്‍ കഴിഞ്ഞ മാര്‍ച്ച് 17-ന് രാജ്യസഭയില്‍ പറഞ്ഞതാണ്.
നരേന്ദ്രമോദിയുടെ വാക്‌സിന്‍ ഡിപ്ലോമസിയുടെ ഭാഗമായുള്ള പരസ്യങ്ങളായിരുന്നു ഇതൊക്കെ. ലോകത്തിനു മുന്നില്‍ സ്വന്തം യശസ്സ് ഉയര്‍ത്തുവാന്‍ മോദി കണ്ട മാര്‍ഗം പക്ഷേ സ്വന്തം തറവാട്ടിലെ പാവങ്ങളുടെ സുരക്ഷയും ക്ഷേമവും പരിഗണിക്കാതെയാണെന്നാണ് ഇപ്പോള്‍ തെളിയുന്നത്.
വാക്‌സിന്‍ ഡിപ്ലോമസി, വാക്‌സിന്‍ ഫ്രണ്ട്ഷിപ്പ് എന്നെല്ലാം ഓമനപ്പേരിട്ടു വിളിക്കുന്ന ഈ പരിപാടി നല്ലതു തന്നെ, പക്ഷേ ഇന്ത്യയില്‍ വാക്‌സിന്‍ ക്ഷാമം ഉണ്ടാക്കുന്ന രീതിയില്‍ അത് നടപ്പാക്കിയതില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ലക്ഷ്യം തന്നെ വികലമായി എന്നു പറയാന്‍ ഇന്ന് പ്രതികരണങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കോടിക്കണക്കിന് ഡോസ് അധികം ഉല്‍പാദിപ്പിക്കാന്‍ സൗകര്യം ഉണ്ടായിട്ടും അതിന് വേണ്ടത്ര സഹായവും പ്രോല്‍സാഹനവും ഉത്തേജക സഹായങ്ങളും നല്‍കി ആഭ്യന്തര വിപണിയില്‍ ക്ഷാമം ഇല്ലാതാക്കാനുള്ള കര്‍മ്മപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ല എന്നതാണ് ഇപ്പോള്‍ ഉണ്ടായ അവസ്ഥയ്ക്ക് കാരണം എന്നും വിമര്‍ശിക്കപ്പെടുന്നു.
ഇന്ത്യയിലെ കൊവിഡ് ഗുരുതരബാധയുണ്ടായ പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ അഞ്ച് ദിവസം കുത്തിവെപ്പു നടത്താനുള്ള വാക്‌സിന്‍ മാത്രമേ സ്റ്റോക്ക് ഉള്ളൂ. അതും കടന്ന് ബിഹാറിലും ആന്ധ്രയിലും അത്രയും ദിവസത്തേക്കു പോലും തികയില്ല. അതേസമയം അയല്‍രാജ്യമായ ഭൂട്ടാന്‍ അതിന്റെ ജനസംഖ്യയുടെ 62 ശതമാനം പേര്‍ക്കും ഇന്ത്യ നല്‍കിയ വാക്‌സിന്‍ ഉപയോഗിച്ച് കുത്തിവെച്ചു. ബ്രിട്ടനെയും അമേരിക്കയെയും പിന്നിലാക്കുന്ന നേട്ടമാണ് അവികസിത രാജ്യമായ ഭൂട്ടാന്‍ സാധിച്ചത്.
മാലിദ്വീപിന് രണ്ട് ലക്ഷം ഡോസ്, നേപ്പാളിന് 11 ലക്ഷം, മ്യാന്‍മാറിന് 17 ലക്ഷം, മൗറീഷ്യസിന് ഒരു ലക്ഷം, നൈജീരിയക്ക് ഒരു ലക്ഷം, ശ്രീലങ്കയ്ക്ക് ഒരു ലക്ഷം, ബഹറിന് ഒരു ലക്ഷം, ഒമാന് ഒരു ലക്ഷം, അഫ്ഗാനിസ്ഥാന് അഞ്ച് ലക്ഷം, ബര്‍ബഡോസിന് ഒരു ലക്ഷം, മംഗോളിയക്ക് ഒന്നര ലക്ഷം, ഘാനയ്ക്കും ഐവറി കോസ്റ്റിനും റുവാണ്ടയ്ക്കും അര ലക്ഷം വീതം, കെനിയക്കും ഫിജിക്കും പരാഗ്വേക്കും പതിനായിരം വീതം, ഉഗാണ്ടയ്ക്ക് ഒരു ലക്ഷം, സിംബാബ് വേക്ക് 35,000 എന്നിങ്ങനെ ഇന്ത്യ വാക്‌സിന്‍ നല്‍കി.