പൊന്നാനി: പാര്‍ട്ടി ഒന്ന് തീരുമാനിച്ചാല്‍ അത് നടപ്പാക്കും. ആ തീരുമാനം അംഗീകരിക്കുകയെന്നതാണ് ഓരോ പ്രവര്‍ത്തകന്റേയും ഉത്തരവാദിത്വം. ഇതുപറഞ്ഞാണ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി പൊന്നാനിയിലും കുറ്റ്യാടിയിലും ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ സി.പി.എം. നേതാക്കാള്‍ നേരിട്ടത്. എന്നാല്‍, ഈ പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങുന്ന കാഴ്ചയാണ് കുറ്റ്യാടിയില്‍ പിന്നീട് കണ്ടത്. പൊന്നാനിയുടെ കാര്യത്തില്‍ ഒരു വീട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയ്യാറായതുമില്ല. പൊന്നാനിയിലെ പ്രതിഷേധത്തോട് സി.പി.എം. മുഖംതിരിക്കാന്‍ എന്താണ് കാരണമെന്നാണ് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചിന്തിക്കുന്നത്.
പി. ശ്രീരാമകൃഷ്ണനുപകരം സി.ഐ.ടി.യു. നേതാവ് പി. നന്ദകുമാറിനെ മത്സരിപ്പിക്കുന്നതിനെതിരേയാണ് പൊന്നാനിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അണികളും പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. മലപ്പുറം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.എം. സിദ്ദീഖിനെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രതിഷേധിച്ചവരുടെ മ്‌റ്റൊരാവശ്യം.
എന്നാല്‍, സീറ്റ് കേരള കോണ്‍ഗ്രസി(എം)ന് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു കുറ്റ്യാടി മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിമതസ്വരമുയര്‍ത്തിയത്. രണ്ടിടത്തും പരസ്യപ്രതിഷേധങ്ങളാണ് അരങ്ങേറിയത്.
എന്നിട്ടും കുറ്റ്യാടിയില്‍ തിരുത്താന്‍ പാര്‍ട്ടി തയ്യാറായി. എന്നാല്‍, പൊന്നാനിയില്‍ വിട്ടുവീഴ്ച വേണ്ട എന്ന നിലപാടാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. ഈ ഇരട്ടനീതി ചൂണ്ടിക്കാണിക്കുമ്പോള്‍ പൊന്നാനിയല്ല കുറ്റ്യാടിയെന്ന മറുപടിയാണ് നേതൃത്വത്തില്‍നിന്ന് ലഭിക്കുന്നത്. ശരിയാണ്, കുറ്റ്യാടിയിലും പൊന്നാനിയിലും പ്രതിഷേധക്കാരുടെ ആവശ്യം വ്യത്യസ്തമായിരുന്നു.
കുറ്റ്യാടിയില്‍ പാര്‍ട്ടിയ്ക്ക് സീറ്റിനുവേണ്ടിയാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത് എങ്കില്‍ പൊന്നാനിയില്‍ ഒരു വ്യക്തിയ്ക്കുവേണ്ടിയായിരുന്നു. ഇത് യാഥാര്‍ഥ്യമാണെങ്കിലും രണ്ടിടത്തേയും പ്രതിഷേധങ്ങള്‍ക്ക് ഒരു സമാനസ്വഭാവമുണ്ട്. രണ്ടിടത്തും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേയായിരുന്നു പ്രതിഷേധം ഉയര്‍ന്നത്.
അവിടെയാണ് പാര്‍ട്ടി ഒരുകാര്യം തീരുമാനിച്ചാല്‍ അത് നടപ്പാക്കുമെന്ന ആദ്യഘട്ടത്തിലുള്ള സി.പി.എം. നേതാക്കളുടെ പ്രതികരണം അണികള്‍ക്കിടയില്‍ ചോദ്യംചെയ്യപ്പെടുന്നത്. കുറ്റ്യാടിയിലെയും പൊന്നാനിയിലെയും കാര്യത്തിലുണ്ടായതും പാര്‍ട്ടി തീരുമാനം തന്നെയാണ്. ഈ തീരുമാനങ്ങളിലൊന്നാണ് ഇതേ പാര്‍ട്ടി നേതൃത്വം പിന്നീട് തിരുത്തിയത്. എന്നാല്‍, പൊന്നാനിയുടെ കാര്യത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് നേതൃത്വം ഒരിക്കല്‍പോലും തയ്യാറായില്ല. ഒരുപക്ഷേ, കുറ്റ്യാടിയേക്കാള്‍ കൂടുതല്‍പേര്‍ തെരുവിലിറങ്ങിയത് പൊന്നാനിയിലായിരുന്നു.
പൊന്നാനിയിലെ കടുംപിടുത്തം-രണ്ട് കാരണങ്ങള്‍
രണ്ട് കാരണത്താലാണ് പൊന്നാനിയില്‍ തിരുത്തലിന് പാര്‍ട്ടി തയ്യാറാകാതിരുന്നത്. പൊന്നാനിയിലെ പ്രതിഷേധം വ്യക്തിതാല്‍പര്യത്തില്‍നിന്ന് ഉരുത്തിരിഞ്ഞതാണെന്ന ബോധ്യം നേതൃത്വത്തിനുണ്ട്. രണ്ടാമത്തേത് പ്രതിഷേധത്തിന് കൈവന്ന സാമുദായികച്ഛായയാണ്. പി. നന്ദകുമാറിനുപകരം ടി.എം. സിദ്ദീഖ് എന്ന വികാരത്തിന് കാരണം സാമുദായികസ്‌നേഹമാണെന്ന ബി.ജെ.പി. നേതാക്കളുടെ പ്രതികരണവും പാര്‍ട്ടി മുഖവിലക്കെടുത്തു എന്നുവേണം കരുതാന്‍. അതുകൊണ്ടുതന്നെ പൊന്നാനിയില്‍ പുനര്‍വിചിന്തനത്തിന് തയ്യാറാകുന്നത് പാര്‍ട്ടിയെ കുരുതികൊടുക്കുന്നതിന് തുല്യമാണെന്ന് നേതൃത്വം വിലയിരുത്തി.
എന്നാല്‍, അണികളെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയുടെ വിജയത്തിനുവേണ്ടിയാണ് നല്ല സ്ഥാനാര്‍ഥിയ്ക്കായി തെരുവിലിറങ്ങിയത് എന്ന വാദമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്. പാര്‍ട്ടി തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കാന്‍ ടി.എം. സി്ദ്ദീഖിനുപോലും കഴിയാതെവന്നു. അതുകൊണ്ട് പാര്‍ട്ടിതീരുമാനം അംഗീകരിക്കുന്നുവെന്ന് പ്രതിഷേധക്കാര്‍ക്ക് പപരസ്യമായി പറയേണ്ടിവന്നു. ഈ ഏറ്റുപറച്ചില്‍ വോട്ടായി മാറുമോ എന്ന് ഇനി കണ്ടറിയണം…