കൊവിഡ് കാലത്ത് വിതരണം ചെയ്ത പലവ്യഞ്ജന കിറ്റുകള്‍ കേന്ദ്രസര്‍ക്കാരിന്റെതാണെങ്കില്‍ എന്തു കൊണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ ഇത് വിതരണം ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. കിറ്റ് കേന്ദ്രത്തിന്റെതാണെന്ന് പറയുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇത് കൊടുക്കേണ്ടതില്ലേ എന്ന് അന്വേഷിക്കുമോ. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളുണ്ട്, അല്ലാത്തവയുമുണ്ട്. എന്തു കൊണ്ടാണ് അവിടെയൊന്നും ഈ കിറ്റ് വിതരണം ഇല്ലാതിരുന്നത്–മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
ഇത് സംസ്ഥാനസര്‍ക്കാരിന്റെ കിറ്റ് ആണെന്ന് ഞങ്ങളാരും കൊട്ടിഘോഷിക്കാന്‍ പോയിട്ടില്ല. അതുമായി ബന്ധപ്പെട്ട് കേരളത്തില്‍ അനാവശ്യപ്രചാരണവും സര്‍ക്കാര്‍ നടത്തിയിട്ടില്ല. പദ്ധതി സംസ്ഥാനത്തിന്റേതാണെന്നതാണ് വസ്തുത. കിറ്റ് മുടങ്ങാതെ വിതരണം ചെയ്യാന്‍ സാധിച്ചു. ഒരു വിവേചനവുമില്ലാതെയാണ് കിറ്റ് വിതരണം ചെയ്തത്. കോണ്‍ഗ്രസും ബി.ജെ.പി.യും കൂട്ടുകെട്ടിലാണ്. പ്രചാരണം പോലും പരസ്പര ധാരണയിലാണ്– പിണറായി വിജയന്‍ ആരോപിച്ചു. കാര്യങ്ങള്‍ എങ്ങനെ വക്രീകരിക്കാം എന്നാണ് കേരളത്തിലെ ബിജെപി-കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.