കോഴിക്കോട്: എം.കെ.മുനീറിന്റെ മണ്ഡലത്തിലെ മുസ്ലീംലീഗ് കുത്തക തകര്‍ത്ത് ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയിലൂടെ ഇടത്തോട്ട് വരുത്താന്‍ ഇത്തവണ സി.പി.എം. ആത്മാര്‍ഥമായി ആഗ്രഹിച്ചിട്ട് കാര്യമില്ല..മണ്ഡലത്തിന്റെ മനസ്സില്‍ ശരിയായ സ്വാധീനമുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്തുകയും വേണം. ലീഗിന്റെ വോട്ടു ബാങ്കില്‍ വിള്ളല്‍ വീഴ്ത്തുന്ന സ്ഥാനാര്‍ഥിയെ അല്ല ഉന്നത നേതൃത്വം കെട്ടിയിറക്കിയ വ്യക്തിയെ ആണ് സ്ഥാനാര്‍ഥിയാക്കുവാന്‍ പോകുന്നത് എന്ന കടുത്ത ആശങ്ക മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ ഭൂരിപക്ഷവും പങ്കുവെക്കുന്നു. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ കടുത്ത ഭിന്നത നിലനില്‍ക്കുകയാണ് കോഴിക്കോട് സൗത്തില്‍. വ്യക്തമായതീരുമാനം കൈക്കൊള്ളാനാകാതെ ഉഴലുകയാണ് ഐ എന്‍ എല്‍ നേതൃത്വം. മുന്നണിമാറ്റങ്ങളുടെ ചരിത്രമുള്ള സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമോ അതോ പ്രതിസന്ധികാലത്തു പോലും ഇടതുമുന്നണിയെ കൈവിടാതെ ഉറച്ചു നിന്ന ജനകീയനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമോ എന്ന ചോദ്യമാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ ഉയര്‍ത്തുന്നത്.. പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യക്തമായ ഭിന്നത ഇക്കാര്യത്തിലുണ്ടെന്നാണ് മനസ്സിലാകുന്നത്.
മണ്ഡലം സി പി എം ഏറ്റെടുക്കുകയാണെന്നായിരുന്നു ആദ്യം കേട്ടിരുന്നത്. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദായിരിക്കും സ്ഥാനാര്‍ഥിയെന്നുമുള്ള സൂചനകളാണ് ആദ്യം പുറത്തു വന്നത്. എന്നാല്‍, ഇടത് പിന്തുണയോടെ 2006 ല്‍ ഐ എന്‍ എല്‍ ജയിച്ച തട്ടകം ആണിത്. അതിനാല്‍ ഇത്തവണ ഐ എന്‍ എല്ലിലൂടെ തന്നെ തിരിച്ചു പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ് ഇത്തവണ സി പി എം. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സൗത്ത് മണ്ഡലത്തില്‍ ഇടത് മുന്നേറ്റമുണ്ടായത് ശുഭസൂചനയാണ്. മണ്ഡലത്തിന്റെ ഭാഗമായ 25 കോര്‍പറേഷന്‍ വാര്‍ഡുകളില്‍ 15 വാര്‍ഡുകളിലും എല്‍ ഡി എഫ് ആണ് ജയിച്ചത്. വോട്ട് കണക്കിലും എല്‍ ഡി എഫ് ആണ് മുന്നില്‍. മുഖദാര്‍ പോലുള്ള യു ഡി എഫിന്റെ കുത്തക വാര്‍ഡുകള്‍ എല്‍ ഡി എഫ് പിടിച്ചെടുത്തു. ലീഗ് കോട്ടകളില്‍ ഭൂരിപക്ഷം കുത്തനെ കുറയുന്നതും തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടു. ഇവിടെ ലീഗ് വോട്ടുകളില്‍ കാര്യമായ വിള്ളലുണ്ടാക്കാന്‍ സാധിച്ചത് നിര്‍ണായകമായി.
മണ്ഡലത്തില്‍ ഐ എന്‍ എല്ലിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ രണ്ട് പേരുകളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. സംസ്ഥാന സെക്രട്ടേറയറ്റ് അംഗം എന്‍ കെ അബ്ദുല്‍ അസീസും അഖിലേന്ത്യാ സെക്രട്ടറി അഹമ്മദ്‌ദേവര്‍കോവിലുമാണ് രംഗത്തുള്ളത്.
ഐ എന്‍ എല്‍ സൗത്ത് മണ്ഡലം കമ്മിറ്റിയിലും സി പി എം ജില്ലാ നേതാക്കള്‍ക്കിടയിലും അബ്ദുല്‍ അസീസിനാണ് സ്വീകാര്യതയെങ്കിലും ഇതൊന്നും മുഖവിലക്കെടുക്കാതെ ഐ എന്‍ എല്‍ അഖിലേന്ത്യാ നേതൃത്വത്തിന്റെ പിന്തുണയോടെ അഹമ്മദ് ദേവര്‍കോവിലിനെ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നു. ഐ എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ ആണ് ഈ നിലപാട് എടുത്തിരിക്കുന്നത്. നാളെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകും.
തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് സൗത്ത് മണ്ഡലത്തിലെ വാര്‍ഡുകളില്‍ ഇടതുപക്ഷത്തിന്റെ ആശയപ്രചാരണത്തിനായി പൊതുയോഗങ്ങളില്‍ പ്രാസംഗികനായി നിറഞ്ഞു നിന്ന വ്യക്തിയാണ് എന്‍ കെ അബ്ദുല്‍ അസീസ്.
സന്ദിഗ്ധ ഘട്ടങ്ങളിലെല്ലാം ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ച ഐ എന്‍ എല്‍ നേതാവ് എന്ന പ്രതിച്ഛായ അബ്ദുല്‍ അസീസിന് അനകൂല ഘടകമാണ്. ഐ എന്‍ എല്ലിന് മുന്നണിപ്രവേശം നല്‍കുന്നില്ല എന്ന് ആരോപിച്ച് ഐ എന്‍ എല്‍ നേതൃത്വം ഇതിന് മുമ്പ് യു ഡി എഫിലേക്ക് ചേക്കേറിയിരുന്നു. അന്ന് ഐ എന്‍ എല്‍ സെക്യുലര്‍ രൂപീകരിച്ച് എല്‍ ഡി എഫിനൊപ്പം നിന്ന ചരിത്രമാണ് അബ്ദുല്‍ അസീസിന്റേത്. തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമ്പോള്‍ അസീസിന് ഇടതുപക്ഷ അണികളില്‍ നിന്ന് ലഭിക്കാന്‍ പോകുന്ന സ്വീകാര്യത എന്നും ഒപ്പമുള്ള സഹയാത്രികന്‍ എന്ന നിലക്കായിരിക്കും. ചാനല്‍ ചര്‍ച്ചകളില്‍ ഇടതുപക്ഷ മുഖമായി വരുന്ന അബ്ദുല്‍ അസീസ് കെ.എം.ഷാജി എം എല്‍ എയുടെ സാമ്പത്തിക അഴിമതിക്കെതിരെ ഇ. ഡി-ക്ക് പരാതി നല്‍കിയതിലും യൂത്ത് ലീഗ് കത്വ ഫണ്ടില്‍ നടത്തിയ തിരിമറികള്‍ പുറത്തു കൊണ്ടു വന്നതിലും വഹിച്ച പങ്ക് ഇടതു പക്ഷത്തെ മാത്രമല്ല, മുസ്ലീംലീഗിലെ ആദര്‍ശമുള്ള യുവാക്കളില്‍ പോലും വലിയ മതിപ്പുണ്ടാക്കിയിരുന്നു.
അതേ സമയം ഇടതുപക്ഷത്തെ തള്ളി യു ഡി എഫിലേക്ക് പോവുകയും അവിടെയും പരിഗണനയില്ലാതെ വന്നതോടെ എല്‍ ഡി എഫിലേക്ക് മടങ്ങുകയും ചെയ്ത അഹമ്മദ് ദേവര്‍കോവിലിന്റെ ചരിത്രം മണ്ഡലം പിടിക്കാനൊരുങ്ങുന്ന എല്‍ ഡി എഫിന് തലവേദനയാകും.
എല്‍ ഡി എഫിലേക്ക് തിരിച്ചു വന്നതിന് ശേഷവും അഹമ്മദ് ദേവര്‍കോവില്‍ യു എഡി എഫിനെ പിന്തുണക്കുന്ന നിലപാടെടുത്ത് വിവാദം സൃഷ്ടിച്ചത് ഇതിനകം ഉയര്‍ന്നു വന്നിട്ടുണ്ട്. കോഴിക്കോട് കെ എസ് ആര്‍ ടി സി ടെര്‍മിനല്‍ ഉദ്ഘാടനത്തില്‍ നിന്ന് എല്‍ ഡി എഫ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ഘടകകക്ഷിയിലുള്ള അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്തത് ചര്‍ച്ചക്കിടയാക്കിയിരുന്നു. എല്‍ ഡി എഫ് വിട്ടുനിന്നു, ഐ എന്‍ എല്‍ പങ്കെടുത്തു എന്നായിരുന്നു ഒരു പ്രമുഖപത്രം നല്‍കിയ തലക്കെട്ട്.
അഹമ്മദ് ദേവര്‍കോവിലനെയാണ് ഐ എന്‍ എല്‍ സ്ഥാനാര്‍ഥിയാക്കുന്നതെങ്കില്‍ വിജയസാധ്യത പരിശോധിച്ച് സി പി എം സൗത്ത് മണ്ഡലം തിരിച്ചെടുത്തേക്കും. അബ്ദുല്‍ അസീസിനെ സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള സാധ്യതയും അവസാന റൗണ്ടില്‍ സി പി എം നേതൃത്വം ആലോചിച്ചേക്കും.
സുരക്ഷിത മണ്ഡലം തേടിപ്പോയ എം കെ മുനീര്‍ എം എല്‍ എ അഹമ്മദ് ദേവര്‍കോവില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത വന്നതോടെ സൗ ത്തിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്തയും വരുന്നു.
പട നയിച്ചാല്‍ പിടിച്ചെടുക്കാവുന്ന ഒരു മണ്ഡലത്തില്‍ കുളിപ്പിച്ച് കുളിപ്പിച്ച് ഒടുവില്‍ കുട്ടിയില്ലാതാവുമോ എന്ന ആശങ്ക സി.പി.എം. ജില്ലാ നേതൃത്വം പങ്കുവെക്കുന്നുണ്ട്.