കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലില്‍ രണ്ട് വനിതാ ഓഫീസര്‍മാര്‍ ചുമതലയേറ്റപ്പോള്‍ അത് ഭാരതസ്ത്രീകളുടെ ഇദപര്യന്തമുള്ള ജീവിതായനത്തില്‍ ഒരു പുതുചരിത്രമായിരുന്നു രചിച്ചത്. ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായ ആദ്യ വനിതാ ഓഫീസര്‍മാരായിരുന്നു അവര്‍ എന്നതാണ് ആ ചരിത്രം. ഇത് ഇങ്ങ് കേരളത്തിലൊരു പൊതുപ്രവര്‍ത്തകയ്ക്ക് ആവേശകരമായ ഒരു പ്രചോദനമായിരുന്നു.
ഇന്ത്യന്‍ സ്ത്രീയുടെ മുന്നോട്ടുള്ള കുതിപ്പില്‍ നരേന്ദമോദിയുടെ സര്‍ക്കാര്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ഒരു ഗ്രന്ഥം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ആ വനിത കരുതി. എന്നാല്‍ ആ നിയോഗം തന്നില്‍ത്തന്നെ വന്നു ചേരുമെന്ന് അവര്‍ ആ സമയം കരുതിയിരുന്നില്ല. അവര്‍ മറ്റാരുമല്ല, ബി.ജെ.പി.യിലെ തീപ്പൊരി വനിതാനേതാവായ സാക്ഷാല്‍ ശോഭാസുരേന്ദ്രന്‍ തന്നെ.
അവിചാരിതമായി പുസ്തക രചനയിലേക്ക്
ആരെക്കൊണ്ടെങ്കിലും ഒരു പുസ്തകമെഴുതിക്കണം എന്ന് ചിന്തിച്ചുകൊണ്ട് നടക്കുമ്പോഴാണ് അവിചാരിതമായി പാര്‍ടിയിലെ കുറേ സഹപ്രവര്‍ത്തരാണ് ശോഭയുടെ വിചാരവഴി തിരിച്ചുവിടുന്നത്. എന്തുകൊണ്ട് ഈ വനിതാശാക്തീകരണ രേഖാ ഗ്രന്ഥം താങ്കള്‍ക്കു തന്നെ എഴുതിക്കൂടാ എന്ന പ്രവര്‍ത്തകരുടെ ചോദ്യമാണ് ശോഭയുടെ ചിന്താപദ്ധതിക്ക് പുതിയ വെളിച്ചമായി മാറിയത്.
അതിന്റെ സഫലമായ സന്താനമായി മാറിയ ‘നരേന്ദ്രമോദി-ജനപക്ഷത്തിലെ സ്ത്രീപക്ഷം’ എന്ന ഗ്രന്ഥം പിറവിയെടുക്കുന്നത് അങ്ങനെയാണ്. രാഷ്ട്രീയക്കാരിയായ ഗ്രന്ഥകാരികളുടെ നിരയിലേക്ക് ശോഭാ സുരേന്ദ്രനും ഇപ്പോള്‍ ഇടം നേടിയിരിക്കുന്നു.
2014-ല്‍ നരേന്ദ്രമോദി ഇന്ത്യയില്‍ അധികാരത്തിലെത്തിയതിനു ശേഷം സ്ത്രീശാക്തീകരണതത്തിനായി നടത്തിയ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ അടിസ്ഥാനപ്രതിപാദ്യം. മോദിയുടെ ഏറ്റവും വലിയ വോട്ടുബാങ്കായി സ്ത്രീകള്‍ പരിണമിച്ചത് അദ്ദേഹത്തിന്റെ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളായിരുന്നു എന്ന് ശോഭാ സുരേന്ദ്രന്‍ അടിവരയിടുന്നു. അതിന് ഉത്തമോദാഹരണങ്ങളായിരുന്നു നാവികസേനയിലെ ആദ്യ കമ്മീഷന്‍ഡ് ഓഫീസര്‍മാരായി 2020 സപ്തംബറില്‍ കുമുദിനി ത്യാഗി, റിതിസിങ് എന്നിവര്‍ നിയമിക്കപ്പെട്ടത്. ഇത്തരം മുന്നേറ്റങ്ങള്‍ കേരളത്തിലെ ജനങ്ങളില്‍ എത്തിക്കണം എന്ന ചിന്തയില്‍ നിന്നാണ് മലയാളത്തിലൊരു പുസ്തകം എന്ന ചിന്ത ആദ്യമായി ഉണ്ടാകുന്നതെന്ന് ശോഭ പറഞ്ഞു. മലയാളത്തിലെന്നല്ല ഇതര ഇന്ത്യന്‍ ഭാഷകളിലും ഈ ഉള്ളടക്കമുള്ള ഒരു രചന മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് ശോഭയുടെ സുചിന്തിത പക്ഷം. നരേന്ദ്രമോദിക്കുള്ള അഭിവാദ്യം കൂടിയാണ് ശോഭയുടെ ഈ ഗ്രന്ഥം.