സി.പി.എം. സംസ്ഥാന സമിതി തുടരുന്നതിനിടെ പുറത്തു വരുന്ന വാര്‍ത്തകളില്‍ ഏറ്റവും അപ്രതീക്ഷിതമായത് മന്ത്രി എ.കെ.ബാലന്റെ ഭാര്യ ഡോ. ജമീലയുടെ സ്ഥാനാര്‍ഥിത്വം പാര്‍ടി അംഗീകരിച്ചു എന്നതാണ്. ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പിന് പകരം വി.എന്‍.വാസവനും, കോഴിക്കോട് എ.പ്രദീപ്കുമാറിനു പകരം തോട്ടത്തില്‍ രവീന്ദ്രനും വരും. തൃത്താലയില്‍ എം.ബി.രാജേഷ് സ്ഥാനാര്‍ഥിയാകും. കെ.എന്‍.ബാലഗോപാലിന് സീറ്റ് നല്‍കും. റാന്നിയില്‍ അഞ്ചുതവണ ജയിച്ച രാജു ഏബ്രഹാമിന് സീറ്റ് നല്‍കില്ല എന്നു മാത്രമല്ല ഈ സീറ്റ് കേരള കോണ്‍ഗ്രസിന് കൈമാറുകയാണ് എന്നാണ് തീരുമാനം. യു.ഡി.എഫ് മണ്ഡലമായ റാന്നിയില്‍ രാജുവിന്റെ സ്വാധീനമാണ് തുടര്‍ച്ചയായ വിജയത്തിന് കാരണമായത്.
രണ്ട് ടേം പൂര്‍ത്തിയാക്കിയവരെയും രണ്ട് തവണ ലോക്‌സഭ-നിയമസഭ മല്‍സരിച്ചവരെയും പരിഗണിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നെങ്കിലും ലോക്‌സഭയിലേക്ക് മല്‍സരിച്ചു എന്നതിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. അതിനാലാണ് വാസവനും രാജേഷിനും അവസരം ലഭിക്കുന്നത്. എന്നാല്‍ ലോക്‌സഭയിലേക്ക് പരാജയപ്പെട്ട പി.ജയരാജന് സീറ്റില്ല എന്നാണ് വിവരം.

സംവരണ മണ്ഡലത്തിലേക്കാണ് ഡോ.ജമീലയെ പരിഗണിക്കുന്നത്. മന്ത്രി എ.കെ.ബാലന്‍ കഴിഞ്ഞ ദിവസമാണ് ഭാര്യയുടെ സ്ഥാനാര്‍ഥിത്വം ആരുടെയോ തിരക്കഥയാണെന്ന് പ്രസ്താവിച്ചത്.