പാലാ നഗരസഭയില്‍ ഭരണപക്ഷമായ സിപിഎമ്മും- കേരള കോണ്‍ഗ്രസും തമ്മിലടിച്ച പ്രശ്നത്തിൽ നേതൃത്വങ്ങൾ ഇടപെടുന്നു. ഇന്ന് വൈകീട്ട് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ അനുരഞ്ജന ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് എം-സിപിഎം ഉള്‍പ്പെട്ട ഇടതുമുന്നണിയാണ് പാലാ നഗരസഭയില്‍ ഭരണത്തിലുള്ളത്. സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിന്റെ തല കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍ അടിച്ചു പൊട്ടിച്ചു. സ്ത്രീകള്‍ അടക്കം നിരവധി കൗണ്‍സിലര്‍മാര്‍ക്കു പരിക്കേറ്റിട്ടുണ്ട്.
നേരത്തെ തന്നെ പാലാ നഗരസഭയിൽ സി പി എമ്മും ജോസ് വിഭാഗം കേരളം കോൺഗ്രസ്സും തമ്മിൽ തർക്കവും ഭിന്നതയും ഉണ്ടായിരുന്നു. എന്നാൽ ഇത് തുടരുന്നതിനു എതിരെ ഇരു പാർട്ടി ഉന്നത നേതൃത്വവും നിർദേശം നൽകിയിരുന്നു. പക്ഷെ ഇതൊന്നും നടപ്പായില്ല എന്നാണു ഇന്നത്തെ സംഭവം കാണിക്കുന്നത്.
ഭരണത്തിലേറിയത് മുതല്‍ ഇരുകക്ഷികളും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചേരുന്നതടക്കമുള്ള വിഷയങ്ങളിലാണ് തര്‍ക്കം നിലനിന്നിരുന്നത്. ഇതിനിടെ ഇന്ന് രാവിലെ നഗരസഭ കൗണ്‍സില്‍ കൂടിയഘട്ടത്തില്‍ ഒരു ഓട്ടോ സ്റ്റാന്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം ഒരു സിപിഎം കൗണ്‍സിലര്‍ ഉന്നയിച്ചു. ഇതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ എത്തുകയും പിന്നീട് വാക്കു തര്‍ക്കവും പിന്നീട് തമ്മിലടിയും ഉണ്ടാവുകയായിരുന്നു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണിയാണ് പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.