രാഷ്ട്രീയ വിവാദം സൃഷ്ടിച്ച നിലമ്പൂർ രാധ വധക്കേസിലെ രണ്ട് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. പ്രതികളുടെ അപ്പീലിലാണ് കോടതി വിധി. പ്രതികള്‍ക്ക് മേല്‍ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ ജീവപര്യന്തം തടവിന് വിധിച്ച മഞ്ചേരി കോടതി വിധിക്കെതിരെ ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീന്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2014ലാണ് നിലമ്പൂർ കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരിയായ രാധ (49) കൊല്ലപ്പെട്ടത്. പ്രതികളിലൊരാളായ ബിജു അന്ന് വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സണല്‍ സാറ്റാഫിലെ അംഗമായിരുന്നു.
ഇതുമായി ബന്ധപ്പെട്ടു ആര്യാടൻ മുഹമ്മദ്, മകൻ ആര്യാടൻ ഷൌക്കത്ത് എന്നിവർക്കെതിരെ വലിയ തോതിൽ ആരോപണങ്ങൾ ഉയർന്നു.
2014 ഫെബ്രുവരി അഞ്ചിന് കാണാതായ രാധയുടെ മൃതദേഹം ചുളളിയോട് ഉണ്ണിക്കുളത്തെ ഒരു കുളത്തില്‍ നിന്ന് ഫെബ്രുവരി 10ന് കണ്ടെതുകയായിരുന്നു.. അന്നുതന്നെ പ്രതികള്‍ പിടിയിലായി.