മലപ്പുറം വേങ്ങരയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ മല്‍സരിക്കുന്ന ഒരാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രം കുറിക്കാന്‍ പോകുന്ന വ്യക്തിയാണ്. അനന്യകുമാരി അലക്‌സ് എന്നാണ് ആ സ്ഥാനാര്‍ഥിയുടെ പേര്. അനന്യകുമാരി ചരിത്രത്തില്‍ അറിയപ്പെടാന്‍ പോകുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യമായി സ്ഥാനാര്‍ഥിയാകുന്ന ഭിന്നലിംഗക്കാരിയായ വ്യക്തി എന്നതായിരിക്കും.
കൊല്ലം ജില്ലയിലെ പെരുമണ്‍ സ്വദേശിയായ, കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ അനന്യകുമാരി എന്തിനാണ് മലപ്പുറത്തു വന്ന് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ തന്നെ മല്‍സരിക്കുന്നത് എന്ന ചോദ്യത്തിനും ഉത്തരമുണ്ട്–ഇത്രയും സ്ത്രീവിരുദ്ധനായ വ്യക്തിക്കെതിരായി പോരാടാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്ന് അനന്യകുമാരി തുറന്നു പറയുന്നു. എന്റെ പോരാട്ടം ഏറ്റവും കൃത്യമായ എതിരാളിയോടാണ്-അനന്യ പറഞ്ഞു.
തന്റെ പോരാട്ടം സ്ത്രീ-പുരുഷ-ട്രാന്‍സ്‌ജെന്റര്‍ തുല്യതയ്ക്കു വേണ്ടിയാണെന്ന് 28 കാരിയായ അനന്യ വ്യക്തമാക്കുന്നു. ട്രാന്‍സ്‌ജെന്റര്‍ സമൂഹം മുഴുവനായും തന്നെ പിന്തുണയ്ക്കുന്നുണ്ട്. സോഷ്യല്‍ ജസ്റ്റിസ് പാര്‍ടി എന്ന സംഘടനയുടെ ബാനറിലാണ് അനന്യ മല്‍സരിക്കുന്നത്. ടെലിവിഷന്‍ ആണ് ചിഹ്നം. താന്‍ ജയിക്കുന്ന പോരാട്ടത്തിലല്ല ഭാവിയില്‍ തന്റെ വിഭാഗത്തിലുള്ളവര്‍ക്ക് ജയിക്കാനും തലയുയര്‍ത്തിപ്പിടിക്കാനും ഉതകുന്ന പോരാട്ടത്തിലാണ് ഇന്ന് തന്റെ മല്‍സരമെന്ന് അനന്യ അഭിപ്രായപ്പെടുന്നു. സമൂഹത്തിന് ഒരു വലിയ സന്ദേശം നല്‍കുക എന്നതാണ് ഈ സ്ഥാനാര്‍ഥിത്വം കൊണ്ട് അനന്യ ഉദ്ദേശിക്കുന്നത്.
