എന്‍.സി.പിയിലെ വിരുന്നുകാരനായിട്ടാണ് മാണി സി.കാപ്പനെ പാര്‍ടിയിലുള്ളവര്‍ വിലയിരുത്തുന്നത്. അതിനാല്‍ കാപ്പന്‍ പാര്‍ടി വിട്ടുപോകുന്നതില്‍ അല്‍ഭുതമില്ലെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ പ്രഫുല്‍പട്ടേലിന് പിണറായി വിജയന്‍ അഭിമുഖത്തിന് സമയം കൊടുത്തില്ലെന്ന് കാപ്പനും അത് ശരിയല്ലെന്ന് ടി.പി.പീതാംബരനും ഏ.കെ.ശശീന്ദ്രനും വാക്‌പോര് നടത്തുന്നതിനു പിന്നിലും യു.ഡി.എഫിലേക്ക് പോയി പാലാ സീറ്റ് ഉറപ്പാക്കാനുള്ള കാപ്പന്റെ കൗശലമാണെന്നും എന്‍.സി.പി. അണികള്‍ വിശ്വസിക്കുന്നു.
എന്‍.ഡി.തിവാരി കോണ്‍ഗ്രസ് വിട്ട് അവസാന കാലത്ത് പ്രത്യേക പാര്‍ടി രൂപീകരിച്ചപ്പോള്‍ ആ പാര്‍ടിക്കും കേരളത്തില്‍ ഘടകം ഉണ്ടായി. മുന്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമൊക്കെയായ എം.പി.ഗംഗാധരന്‍ ആയിരുന്നു തിവാരി കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍. ആ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു മാണി സി.കാപ്പന്‍. അവിടെ ഇരിക്കെയാണ് കാപ്പന്‍ കൂടുതല്‍ മികച്ച താവളം തേടി എന്‍.സി.പി.യില്‍ ചേരുന്നത്. കെ.കരുണാകരനും കെ.മുരളീധരനും ഒക്കെ അക്കാലത്ത് എന്‍.സി.പി.യില്‍ ചേര്‍ന്ന് രാഷ്ട്രീയക്കളി നടത്തി. ഇത്തരം വിരുന്നുകാരൊക്കെ അവരുടെ ആവശ്യം കഴിഞ്ഞപ്പോള്‍ കളംമാറി. എന്നാല്‍ ഇതൊക്കെ പഴയ അവിഭക്ത കോണ്‍ഗ്രസ്-എസ്. ആയ എന്‍.സി.പി. എന്ന പാര്‍ടിക്ക് ഉണ്ടാക്കിയ നാശനഷ്ടം വലുതായിരുന്നു എന്ന് അതിലെ പ്രമുഖരും സീനിയര്‍മാരുമായ നേതാക്കള്‍ ഓര്‍ക്കുന്നുണ്ട്. വിരുന്നുകാര്‍ക്കുള്ള മമതയൊക്കെയോ കാപ്പനും കാണൂ എന്നാണ് ഈ നേതാക്കളുടെ അഭിപ്രായം. വിജയസാധ്യത ഉറപ്പൊന്നുമില്ലാത്ത ഒരു സീറ്റിന്റെ പേരില്‍ എന്തിനാണ് ഈ മുന്നണിവിടല്‍ എന്നത് പാര്‍ടിയിലെ ബഹുഭൂരിപക്ഷമായ ഇടതുപക്ഷ അനുഭാവചേരിക്ക് മനസ്സിലാക്കാന്‍ പ്രയാസമാണ്. പാലാ വിട്ടാലും പകരം സീറ്റ് കിട്ടിയാലും പോരാ എന്ന കാപ്പന്റെ കടുംപിടുത്തത്തിന് അനുസരിച്ച് ആ പാര്‍ടിക്ക് ജനസ്വാധീനം ഉണ്ടോ എന്ന് സി.പി.എമ്മിലും വികാരമുണ്ട്. മുഖ്യമന്ത്രി കാപ്പന്റെ സമ്മര്‍ദ്ദത്തിന് വേണ്ടത്ര മുഖം കൊടുക്കാത്തതും അതുകൊണ്ടാണ്. പ്രഫുല്‍ പട്ടേലിനെ മുഖ്യമന്ത്രി അപമാനിച്ചെന്നു വരുത്തി മുന്നണി വിടാനാണ് കാപ്പന്റെ നീക്കം എന്നാണ് എന്‍.സി.പിയിലെയും ഇടതുമുന്നണിയിലെയും മിക്കവരും കരുതുന്നുത്. നേരത്തെ കാപ്പനൊപ്പം നിന്നിരുന്ന സംസ്ഥാന പ്രസിഡണ്ട് ടി.പി.പീതാംബരനും ഇപ്പോള്‍ കാപ്പനൊപ്പം നില്‍ക്കുന്നില്ല എന്നതും ശ്രദ്ധേയം.
