അയോധ്യ ക്ഷേത്ര നിർമ്മാണ ഫണ്ട് പിരിവ് കോൺഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്ത സംഭവം വിവാദമായി. ആലപ്പുഴ ഡി സി സി ഉപാധ്യക്ഷൻ രഘുനാഥ പിള്ള ആണ് ആർ എസ് എസ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. നവമാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നു.
കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്റ് കൂടിയായ രഘുനാഥപിള്ള കടവിൽ ക്ഷേത്രത്തിൽ വച്ച് ഫണ്ട് കൈമാറിയത്. ക്ഷേത്രമേൽശാന്തിക്കാണ് രഘുനാഥപിള്ള ഫണ്ട് കൈമാറിയത്. ജനുവരി 30 മുതൽ ഫെബ്രുവരി 28 വരെയാണ് രാമക്ഷേത്രനിർമ്മാണത്തിനുള്ള ഫണ്ട് പിരിവ് നടക്കുന്നത്.

ഇതേത്തുടർന്നാണ് നവമാധ്യമങ്ങളിലടക്കം കോൺഗ്രസ് പ്രവർത്തകർ രഘുനാഥ പിള്ളയ്ക്കെതിരെ രംഗത്തുവന്നത്. ആലപ്പുഴ ഡി സി സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് പ്രവർത്തകർ വിമർശനവുമായെത്തി.