കെഎസ്ആർടിസിയിൽ മാസങ്ങളായി ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് സ്റ്റിക്കർ എഴുതി യൂണിഫോമിൽ ധരിച്ച വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ്.നായരെ പാലായിലേക്ക് സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. സിഎംഡിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
“ശമ്പളരഹിത സേവനം 41–ാം ദിവസ”മെന്ന ബാഡ്ജ് ധരിച്ചു ജോലി ചെയ്തതിനു കഴിഞ്ഞ ദിവസമാണ് അഖിലയെ വൈക്കം ഡിപ്പോയിൽനിന്നു പാലായിലേക്കു സ്ഥലംമാറ്റിയത്. പ്രതിഷേധം സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നാണു കെഎസ്ആർടിസി നിലപാട്. ജനുവരി 11ന് ആണ് ഇവർ പ്രതിഷേധ ബാഡ്ജ് ധരിച്ചു ജോലിക്കെത്തിയത്.
യാത്രക്കാരിൽ ഒരാൾ ഇതിന്റെ ചിത്രമെടുത്ത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ഇത് വ്യാപകമായി ചർച്ചയാകുകയും ചെയ്തു