ക്രിമിനൽ മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച ഗുജറാത്തിലെ സൂറത്തിലെ കോടതിയിൽ അപ്പീൽ നൽകും. രണ്ട് വർഷം തടവിന് ശിക്ഷിച്ച കീഴ്ക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഹർജി സമർപ്പിക്കുമ്പോൾ രാഹുൽ ഗാന്ധി നേരിട്ട് സെഷൻസ് കോടതിയിൽ ഹാജരായേക്കുമെന്ന് കോൺഗ്രസ്സ് വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസിന്റെ മുതിർന്ന സംസ്ഥാന-ദേശീയ നേതാക്കളും സൂറത്തിൽ അദ്ദേഹത്തെ അനുഗമിക്കും.
ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചതിനെ തുടർന്ന് മാർച്ച് 24 ന് ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു.