കായംകുളം, തിരുവമ്പാടി, പേരാമ്പ്ര, തിരുവമ്പാടി, പൊന്നാനി, തവനൂര്‍, മാനന്തവാടി, ചിറയിന്‍കീഴ്, കാട്ടാക്കട, നേമം, അമ്പലപ്പുഴ തുടങ്ങി പരമ്പരാഗത ഇടതുകോട്ടകളില്‍ ഇത്തവണ ഇടതുമുന്നണി വിയര്‍ക്കുന്നു. ആദ്യഘട്ടം വോട്ട് എണ്ണിയപ്പോള്‍ തിരുവമ്പാടി, പേരാമ്പ്ര, കണ്ണൂര്‍, മാനന്തവാടി, പത്തനാപുരം, തൃശ്ശൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളിലെല്ലാം ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ പിന്നിലാണ്. പേരാമ്പ്രയില്‍ ഇടതു സ്ഥാനാര്‍ഥി ഇടതുമുന്നണി സംസ്ഥാന കണ്‍വീനര്‍ ആണ്. കൊല്ലം ജില്ലയില്‍ ഇടതു കോട്ടകളില്‍ വലിയ തിരിച്ചടിയാണ് വന്നു കൊണ്ടിരിക്കുന്നത്. ഇടുക്കിയിലെ ഇടതുകോട്ടയായ ദേവീകുളത്തും, പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലും യു.ഡി.എഫ്. മുന്നേറുന്നതാണ് ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ വോട്ടെണ്ണല്‍ സ്ഥിതി.
കേരളത്തിലെ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിലവിലെ മന്ത്രിമാരില്‍ 12 പേര്‍ പിന്നിലാണ്. മന്ത്രിമാരായ എം.ബി.രാജേഷ്, ഒ.ആര്‍.കേളു, വീണ ജോര്‍ജ്ജ്, പി.രാജീവ്, വി.എന്‍.വാസവന്‍ വി.അബ്ദുറഹിമാന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, റോഷി അഗസ്റ്റിന്‍, ചിഞ്ചുറാണി, പി. പ്രസാദ്, കെ.ബി. ഗണേഷ്‌കുമാർ എന്നിവരെല്ലാം യു.ഡി.എഫ്. സ്ഥാനാര്‍ഥികളെക്കാളും പിന്നിലാണ്. കെ.രാജന്‍, സജി ചെറിയാന്‍ എന്നിവര്‍ മുന്നില്‍ നില്‍ക്കുന്നു.
പിണറായി വിജയന്‍ ഒരു ഘട്ടത്തിൽ പിന്നിലായി എന്ന റിപ്പോർട്ടും വരുന്നുണ്ട്. ഇടതുകോട്ടയായ ചെമ്പിലോട് ഗ്രാമപഞ്ചായത്തില്‍ ഇപ്പോള്‍ ലീഡ് ചെയ്തിരിക്കുന്നത് യു.ഡി.എഫ്. സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദ് ആണ്. ഇവിടെ കഴിഞ്ഞ തവണ 10000 വോട്ടിന് പിണറായി വിജയന്‍ മുന്നിലായിരുന്നു.













