80 ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷം ബിജെപി നേതൃത്വത്തിലുളള എന്‍.ഡി.എ.ക്ക് കിട്ടുമെന്ന് അഭിപ്രായ സര്‍വ്വേ പ്രവചനം. ന്യൂസ്-18 നടത്തിയ സര്‍വ്വേയിലാണ് ഇങ്ങനെ പറയുന്നത്. 80-ല്‍ 77 സീറ്റുകള്‍ എന്‍.ഡി.എ. സഖ്യത്തിനു കിട്ടുമെന്നും 57 ശതമാനം വോട്ടുകള്‍ നേടുമെന്നും ന്യൂസ് ചാനല്‍ സര്‍വ്വേ പറയുന്നു. ഇന്ത്യ മുന്നണിയുടെ എസ്.പി-കോണ്‍ഗ്രസ് സഖ്യം രണ്ടു സീറ്റില്‍ ഒതുങ്ങും. അവര്‍ക്ക് 26 ശതമാനം വോട്ട് വിഹിതം ലഭിക്കും. ഒരു സീറ്റ് മായാവതിയുടെ ബിഎസ്പി നേടുമെന്നും ഒന്‍പത് ശതമാനം വോട്ട് കിട്ടുമെന്നും അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നു.
2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പി 62 സീറ്റു നേടിയിരുന്നു. മായാവതിയുടെ ബി.എസ്.പിക്ക് 10 സീറ്റും അഖിലേഷ് യാദവിൻ്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാർട്ടിക്ക് 5 ഉം അപ്നാ ദൾ-ന് (സോനേലാൽ) 2 ഉം കോൺഗ്രസിന് ഒരു സീറ്റും മാത്രമാണ് നേടാനായത്. ഉത്തർപ്രദേശിൽ 80 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും ഏറ്റവും കൂടുതൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ഉത്തർപ്രദേശാണ് . രാജ്യസഭയിൽ ഉത്തർപ്രദേശ് പാർലമെൻ്റിലേക്ക് 31 അംഗങ്ങളെ സംഭാവന ചെയ്യുന്നു.