തൻ്റെ മണ്ഡലമായ പിലിഭിത്തിൽ നിന്ന് ലോക്‌സഭാ ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് ബിജെപി എംപി വരുൺ ഗാന്ധി ത്രിശങ്കുവിലാണ്. ബിജെപിയെ ഉപേക്ഷിച്ച് ഇതുവരെ വരുണ്‍ രംഗത്ത് വന്നിട്ടില്ലെങ്കിലും നിലപാടുകള്‍ സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നു. ഈ സാഹചര്യം മുതലെടുക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങിയെന്നതിന്റെ സൂചന പുറത്തുവന്നു. വരുണിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി രംഗത്ത് വന്നു .
“അദ്ദേഹം ക്ലീൻ ഇമേജുള്ള ശക്തനായ നേതാവാണ്. അദ്ദേഹത്തിന് ഗാന്ധി കുടുംബവുമായി ബന്ധമുണ്ട്. അതുകൊണ്ടാണ് ബിജെപി അദ്ദേഹത്തിന് ലോക്‌സഭാ ടിക്കറ്റ് നിഷേധിച്ചത്. അദ്ദേഹം വരണം കോൺഗ്രസിൽ ചേരണം, ഞങ്ങൾക്കു വളരെ സന്തോഷമാണ്.”– അധീറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
44 കാരനായ വരുൺ ഗാന്ധി 2009 ൽ പിലിഭിത്തിൽ നിന്ന് വിജയിച്ചാണ് ആദ്യമായി ലോക്‌സഭയിലെത്തിയത്. അടുത്തിടെ കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ നിരവധി വിഷയങ്ങളിൽ ആക്രമിച്ചിരുന്നു. വരുണിനെ ബിജെപി പരിഗണിക്കില്ല എന്ന് ഏതാണ്ട് ഉറപ്പായിരുന്നു. പാർട്ടിയുടെ വാതിലുകൾ അദ്ദേഹത്തിനായി തുറന്നിട്ടുണ്ടെന്ന് സൂചന നൽകി സമാജ്‌വാദി പാർട്ടി അഖിലേഷ് നേരത്തെ രംഗത്തു വന്നിരുന്നു.
വരുൺ ഗാന്ധിക്ക് പകരം ഉത്തർപ്രദേശ് മന്ത്രി ജിതിൻ പ്രസാദയെ പിലിഭിത്തിൽ നിന്നുള്ള ലോക്‌സഭാ സ്ഥാനാർത്ഥിയായി ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. വരുണിന്റെ അമ്മ മേനകയെ ബിജെപി വീണ്ടും സുൽത്താൻപൂരിൽ നിന്ന് മത്സരിപ്പിക്കുകയും ചെയ്യുന്നു.
മൻമോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽ രണ്ടുതവണ മന്ത്രിയായിരുന്ന ജിതിൻ പ്രസാദ, രാഹുൽ ഗാന്ധിയുടെ പ്രധാന സഹായികളിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്നു. 2014 ലും 2019 ലും രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടതോടെ രണ്ട് വർഷം മുമ്പ് അദ്ദേഹം ബിജെപിയിൽ ചേർന്ന് യുപി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.