വാരാണസിയിലെ വിവാദ ഗ്യാൻവാപി മസ്ജിദിലെ ‘വ്യാസ് തെഹ്ഖാന’-യിൽ ഹിന്ദുക്കൾക്ക് പൂജ നടത്താൻ അനുമതി നൽകിയ വാരാണാസി ജില്ലാ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൻ്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ‘വ്യാസ് ജി കാ തെഹ്ഖാന’-യിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുമതി നൽകിയ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് അഞ്ജുമാൻ ഇൻ്റസാമിയ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിൻ്റെ സിംഗിൾ ബെഞ്ച് ഉത്തരവ്.
ഭക്തർക്ക് പൂജ നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് നിർദ്ദേശിച്ച കോടതി, ഇതിനായി പൂജാരിയെ നാമനിർദ്ദേശം ചെയ്യാൻ ശ്രീ കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് വാരാണസി കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.