Categories
latest news

കർഷകരുടെ മാർച്ച് അഞ്ചാം ദിവസത്തിലേക്ക്, ബിജെപി നേതാക്കളുടെ വീടിന് പുറത്ത് പ്രതിഷേധം

മിനിമം സപ്പോർട്ട് പ്രൈസിന് ( താങ്ങു വില ) നിയമപരമായ ഗ്യാരണ്ടി ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ നടത്തുന്ന പ്രതിഷേധത്തിൻ്റെ അഞ്ചാം ദിവസം പഞ്ചാബിലെ മൂന്ന് മുതിർന്ന ബിജെപി നേതാക്കളുടെ വസതിക്ക് പുറത്ത് ഭാരതി കിസാൻ യൂണിയൻ (ഏക്ത ഉഗ്രഹൻ) ശനിയാഴ്ച ധർണ തുടങ്ങി.

മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, ബിജെപിയുടെ പഞ്ചാബ് യൂണിറ്റ് മേധാവി സുനിൽ ജാഖർ, മുതിർന്ന നേതാവ് കേവൽ സിംഗ് ധില്ലൻ എന്നിവരുടെ വീടുകൾക്ക് പുറത്ത് ധർണകൾ നടത്തുന്നതിന് ആണ് ഒരുങ്ങുന്നത്. ഇതിനു പുറമെ, കർഷകരുടെ മാർച്ചിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്തെ ടോൾ പ്ലാസകളിലും യൂണിയൻ ഉപരോധം നടത്തുന്നുണ്ട്.

thepoliticaleditor

സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും ആഹ്വാനം ചെയ്ത ‘ഡൽഹി ചലോ’ മാർച്ചിൻ്റെ അഞ്ചാം ദിവസം കർഷകർ പഞ്ചാബിൻ്റെയും ഹരിയാനയുടെയും രണ്ട് അതിർത്തി പോയിൻ്റുകളിൽ ഉപരോധം ഏർപ്പെടുത്തി. പഞ്ചാബിൽ നിന്നുള്ള കർഷകർ ചൊവ്വാഴ്ച ഡൽഹിയിലേക്ക് മാർച്ച് ആരംഭിച്ചെങ്കിലും ഹരിയാനയുമായുള്ള പഞ്ചാബിൻ്റെ അതിർത്തിയിലെ ശംഭു, ഖനൗരി പോയിൻ്റുകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയുണ്ടായി. അന്നുമുതൽ ഈ രണ്ട് അതിർത്തി പോയിൻ്റുകളിൽ പ്രതിഷേധക്കാർ തമ്പടിച്ചിരിക്കയാണ്.

ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുർനാം സിംഗ് ചാരുണിയുടെ നേതൃത്വത്തിലുള്ള ഭാരതീയ കിസാൻ യൂണിയൻ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശനിയാഴ്ച ട്രാക്ടർ റാലി നടത്തും.

നാലാംഘട്ട ചർച്ചകൾക്കായി കേന്ദ്രമന്ത്രിമാരായ അർജുൻ മുണ്ട, പിയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവരും കർഷക നേതാക്കളും ഞായറാഴ്ച യോഗം ചേരും.

ശംഭു അതിർത്തിയിൽ പ്രതിഷേധക്കാർക്കിടയിൽ ഉണ്ടായിരുന്ന 63 കാരനായ കർഷകൻ വെള്ളിയാഴ്ച ഹൃദയാഘാതം മൂലം മരിച്ചിരുന്നു. കർഷകരുമായുള്ള ഏറ്റുമുട്ടലിൽ ഹരിയാന പോലീസിലെ 18 പേർക്കും ഏഴ് അർദ്ധസൈനിക സേനാ ജവാൻമാർക്കും പരിക്കേറ്റതായി റിപ്പോർട്ട് ഉണ്ട്. ശംഭു അതിർത്തിയിൽ നിരവധി കർഷകർ കല്ലെറിയുന്നതും സുരക്ഷാ ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നതും കാണിക്കുന്ന വീഡിയോ ക്ലിപ്പുകൾ ഹരിയാന പോലീസ് വെള്ളിയാഴ്ച പുറത്തുവിടുകയും ചെയ്തു.

എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ കര്‍ഷകരെ പ്രകോപിപ്പിച്ച്, അവര്‍ക്കെതിരെ നടപടിയെടുത്ത് കര്‍ഷകരുടെ പ്രതിരോധത്തെ അക്രമമാക്കി ചിത്രീകരിച്ച വീഡിയോ പുറത്തു വിടുകയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick