Categories
kerala

ചോദിച്ച സ്ത്രീധനം ഒട്ടും താങ്ങാനാവാത്തത്…വിവാഹം മുടങ്ങിയതില്‍ ദുഖിച്ച ഡോ.ഷഹാന ആത്മഹത്യ ചെയ്തു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി. ഡോക്ടര്‍ ആയ ഷഹാനയുടെ ആത്മഹത്യ കേരളത്തില്‍ ഇപ്പോഴും ശക്തമായി തുടരുന്ന സ്ത്രീധന ഭീകരതയുടെയും സ്ത്രീധനം ആവശ്യപ്പെടുന്ന രക്ഷാകര്‍ത്താക്കളുടെ മാനസിക ക്രൂരതകളുടെയും സൂചനകള്‍ നല്‍കുന്നു. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന, ഉന്നത വിദ്യാസമ്പന്നയായ ഒരു ഡോക്ടര്‍ ആയിരുന്നിട്ടും അവരെ വിവാഹം കഴിക്കാന്‍ ആലോചിച്ച യുവാവിന്റെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടത് 150 പവന്‍ സ്വര്‍ണവും 15 ഏക്കര്‍ ഭൂമിയും ഒരു ആഡംബര ബി.എം.ഡബ്ല്യു. കാറും ആയിരുന്നു. ഈ രക്ഷിതാക്കള്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കാന്‍ നിയമം തയ്യാറാവേണ്ടതാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ശക്തമായി ആവശ്യപ്പെടുന്നു. മാത്രമല്ല ഇത്തരം രക്ഷിതാക്കളുടെ പേരും വിവരങ്ങളും സമൂഹത്തിനു മുന്നില്‍ അനാവരണം ചെയ്യണമെന്നും ആവശ്യമുയരുന്നുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഷഹാനയെ ഡിസംബർ 4 നാണ് അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോ.ഷഹാനയ്ക്ക് അവരുടെ ഒപ്പം പഠിക്കുന്ന പി.ജി. അസോസിയേഷന്‍ സെക്രട്ടറി കൂടിയായ ഡോക്ടറുടെ വിവാഹ ആലോചന വരികയുണ്ടായി. 50 പവൻ സ്വർണം, 50 ലക്ഷം രൂപ വിലമതിക്കുന്ന വസ്തു, ഒരു കാർ- ഇതായിരുന്നു ഷഹാനയുടെ കുടുംബം സ്ത്രീധനമായി നൽകാൻ തയ്യാറായിരുന്നത്. എന്നാൽ വരന്റെ ആൾക്കാർ ഇതിൽ തൃപ്തരായില്ല എന്നും 150 പവന്‍ സ്വര്‍ണവും 15 ഏക്കര്‍ ഭൂമിയും ഒരു ആഡംബര ബി.എം.ഡബ്ല്യു. കാറും ചോദിച്ചു എന്നും പറയുന്നു.

thepoliticaleditor

യുവാവിന്റെ രക്ഷിതാക്കള്‍ ചോദിച്ചത് ഒരിക്കലും താങ്ങാനാവാത്ത സ്ത്രീധനം ആയതോടെ ഷഹാന വിവാഹം മുടങ്ങിയതിന്റെ വിഷമത്തിലും വിഷാദത്തിലുമായി. ഇതേത്തുടര്‍ന്നാണ് അവര്‍ ആത്മഹത്യ ചെയ്തതെന്ന് ഷഹാനയുടെ കുടുംബം പോലീസിനോട് പറഞ്ഞു.

ഷഹാനയെ വിവാഹാഭ്യർത്ഥന നടത്തിയ യുവാവിന്റെ രക്ഷിതാക്കൾ വൻ സ്ത്രീധനം ആവശ്യപ്പെട്ടത് മാനസിക സംഘർഷത്തിന് ഇടയാക്കിയതായി ഷഹാനയുടെ ബന്ധുക്കൾ ആരോപിച്ചു. അവളുടെ അച്ഛൻ വിദേശത്താണ് ജോലി ചെയ്തിരുന്നതെങ്കിലും അടുത്തിടെ അദ്ദേഹം മരണപ്പെട്ടതോടെ കുടുംബം ബുദ്ധിമുട്ടിലുമായിരുന്നു.

ഷഹാനയുടെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളജ് സിഐ ഷഹാനയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. വിവാഹം മുടങ്ങിയതിനെ തുടർന്ന് ഷഹാന ദുഃഖിതയായിരുന്നെന്ന് കുടുംബം പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഡോ. ഷഹാനയുടെ മരണം വേദനാജനകമാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പ്രതികരിച്ചു. ആത്മഹത്യയ്ക്കു പിന്നില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കമാണെന്ന് ആരോപണം ഉണ്ടായ സാഹചര്യത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. പിന്നാലെ, വനിതാ കമ്മിഷൻ ഷഹാനയുടെ വീട് സന്ദർശിച്ച് മാതാവിൽനിന്നും സഹോദരനിൽനിന്നും വിവരങ്ങൾ ശേഖരിച്ചു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick