Categories
opinion

ഗവര്‍ണര്‍ ജയിക്കുകയാണ്….!

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട നേതാവോ ജനപ്രതിനിധിയോ അല്ല. അതു കൊണ്ടു തന്നെ കേരളത്തിന്റെ രാഷ്ട്രീയത്തില്‍ പരസ്യമായി ഇടപെട്ടു അസ്വസ്ഥമാക്കുന്നതും ഇവിടുത്തെ രാഷ്ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ സമ്പ്രദായങ്ങളെ മാറ്റിമറിക്കുന്നതും ജനഹിതത്തിന് തീര്‍ത്തും എതിരാണ്.

സംസ്ഥാനത്തിന് ദശാബ്ദങ്ങളായി സ്വീകാര്യത നേടിയ വിദ്യാഭ്യാസപദ്ധതിയും അനുബന്ധ ഭരണസംവിധാനങ്ങളും സങ്കല്‍പങ്ങളുമുണ്ട്. ഇതിനെ വികലമാക്കാനോ മാറ്റിമറിക്കാനോ ഇവിടെ തിരഞ്ഞെടുക്കപ്പെടാത്ത നേതാവിനോ ഭരണാധികാരിക്കോ ഒരു അവകാശവും ഇല്ല. ഗവര്‍ണര്‍ ഭരണഘടനാ പദവിയാണെങ്കിലും സംസ്ഥാനത്തിന്റെ രാഷ്ട്രീയ,ഭരണ സംവിധാനത്തില്‍ ഇവിടുത്തെ ജനങ്ങള്‍ തിരഞ്ഞെടുക്കാത്ത ഒരു വ്യക്തി ഇടപെടുന്നത് ശരിയല്ലാത്ത കാര്യമാണ്. അത് ഈ നാട്ടിലെ ജനപ്രാതിനിധ്യ സങ്കല്‍പത്തിന് എതിരാണ്. തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ നടപടിയാണിത്.

thepoliticaleditor

പക്ഷേ നിർഭാഗ്യവശാൽ അതാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്തിരിക്കുന്നത് എന്നതില്‍ ഒരു സംശയവും ഇല്ല.
എന്നാല്‍ ആരിഫ് ഖാന്‍ ഇങ്ങനെ ചെയ്യുന്നതില്‍ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കുന്നില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന് വലിയ പിന്തുണ ലഭിക്കുന്നുമുണ്ട്.

ഇടതുപക്ഷക്കാര്‍ ആരോപിക്കുന്നതു പോലെയോ സ്വപ്‌നാടകരെപ്പോലെ വിശ്വസിക്കുന്നതു പോലെയോ യു.ഡി.എഫ്, ബിജെപി ഭാഗത്തുള്ളവര്‍ മാത്രമല്ല ആരിഫ് ഖാന് പിന്തുണ പറയുന്നത്. അവരില്‍ വലിയൊരു ഭാഗം വ്യക്തമായ രാഷ്ട്രീയതീവ്രത ഇല്ലാത്തവരാണ്. അതാത് കാലത്തെ പൊതുക്കാര്യങ്ങളില്‍ വിമര്‍ശനാത്മകമായ നിഷ്പക്ഷത പുലര്‍ത്തുന്ന വലിയൊരു വിഭാഗം ആരിഫ് മുഹമ്മദ് ഖാനെ എതിര്‍ക്കുന്നില്ല എന്നതാണ് വാസ്തവം. ഇത് കൊണ്ടു മാത്രം ആരിഫ് ഖാന്‍ ജയിക്കുകയാണ്.
സര്‍ക്കാരിന്റെയും അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയുടെയും സമഗ്രാധിപത്യ നിലപാടുകളെന്ന് ആരോപിക്കപ്പെടുന്ന പല നടപടികളിലും ശക്തമായ അമര്‍ഷമുള്ളവരെല്ലാം ആരിഫ് മുഹമ്മദ് ഖാന്റെ വാക്കും പ്രവൃത്തിയും വീക്ഷിക്കുന്നത് ഒരുത്തനെങ്കിലും എതിര്‍ത്ത് നില്‍ക്കട്ടെ എന്ന മനോഭാവത്തോടെയാണ് എന്നാണ് പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പറയുന്നതിന്റെ നിലവാരം എന്തായാലും ആരെങ്കിലും ഒരാള്‍ എങ്കിലും എതിര്‍ക്കാനുണ്ടാവുന്നത് നല്ലതല്ലേ എന്ന് ചോദിക്കുന്നവരും കുറവല്ല. ഗവര്‍ണറുടെ ചെയ്തികള്‍ പലതും വിചിത്രമെന്ന് അവര്‍ സമ്മതിക്കുമ്പോഴും അവരുടെ ഉള്ളിലെ ചില പ്രതിപക്ഷ ചിന്തകളെ, വിമര്‍ശന ചിന്തകളെ ഗവര്‍ണര്‍ തൃപ്തിപ്പെടുത്തുന്നു എന്നതാണ് അവസ്ഥ. ഇത് തീര്‍ച്ചയായും ഇപ്പോഴത്തെ ഭരണത്തിനെതിരായ വികാരത്തിനെയാണ് പ്രതിഫലിപ്പിക്കുന്നത് എന്ന് പറയാം.

ഗവര്‍ണര്‍ ആണ് ഈ ഏറ്റുമുട്ടലില്‍ ജയിച്ചു നില്‍ക്കുന്നത്. കേരളത്തിലെ കാമ്പസുകളില്‍ ഗവര്‍ണറെ കയറ്റില്ല എന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചു, ഗവര്‍ണര്‍ അത് പരസ്യമായി വെല്ലുവിളിച്ച് കോഴിക്കോട്ടെത്തി ദിവസങ്ങളോളെ കാമ്പസില്‍ താമസിച്ചു. ഗവര്‍ണര്‍ക്കെതിരെ തിരുവനന്തപുരത്ത് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്‌ഐക്കാര്‍ വിചാരിച്ചതു പോലെയല്ല ഗവര്‍ണര്‍ പ്രതികരിച്ചത്. പൊലീസിന് കേരളത്തില്‍ ആദ്യമായി 124-ാം വകുപ്പനുസരിച്ച് കേസെടുക്കേണ്ടി വന്നു.

പൊലീസ് തനിക്ക് ഭരണഘടനാപരമായി സംരക്ഷണം തന്നേ തീരൂ എന്ന് അറിയുമ്പോഴും അത് പുല്ലുപോലെ പരിഗണിച്ച് ഗവര്‍ണര്‍ കോഴിക്കോട്ടെ ഏറ്റവും തിരക്കുള്ള തെരുവില്‍, മിഠായിത്തെരുവ് എന്ന കച്ചവടകേന്ദ്രത്തില്‍ ഒരു സുരക്ഷാസേനയെയും കൂടാതെ അലഞ്ഞു നടന്നു, പിണറായി വിജയന്‍ എത്രയധികം അകലം പാലിച്ചതായി ആരോപണം ഉയരുന്നുവോ അത്രയധികം ജനങ്ങളുമായി നിരുപാധികമായി ഇടപെട്ട് ഒരു പ്രതിസന്ദേശം നല്‍കി. അവിടെയും ജയിച്ചത് ഗവര്‍ണര്‍ ആണ്. മിഠായിത്തെരുവില്‍ നേരിയതെങ്കിലും ഒരു അപായ സംഭവം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് സംസ്ഥാനഭരണസംവിധാനം ഗുരുതരമായ സാഹചര്യം നേരിടേണ്ടി വരുമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഗുരുതമമായ ആരോപണങ്ങള്‍ ഗവര്‍ണര്‍ ഉയര്‍ത്തുമ്പോള്‍ അതില്‍ പ്രതിപക്ഷത്തിന്റെയല്ല, സംഘപരിവാറിന്റെ ശബ്ദം തന്നെയാണുള്ളത്. പക്ഷേ ഗവര്‍ണറോട് അതേ നാണയത്തില്‍ എന്ത് പറയാന്‍.

സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നോമിനേഷന്‍ നീതിയുക്തമായില്ലെന്ന പ്രാഥമിക കണ്ടെത്തല്‍ നടത്തിയ കോടതി ഗവര്‍ണറുടെ നാമനിര്‍ദ്ദേശം സ്‌റ്റേ ചെയ്തു. ഇത് ഗവര്‍ണര്‍ക്കേറ്റ വലിയ തിരിച്ചടിയാണ്. പക്ഷേ ചാന്‍സലര്‍ സ്ഥാനം തനിക്ക് വേണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ അത് പറ്റില്ലെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് വീണ്ടും ഏല്‍പിച്ചത് പിണറായി വിജയന്‍ തന്നെയാണ് . ആ ചാന്‍സലര്‍ സ്ഥാനം ഉപയോഗിച്ചാണ് ഇപ്പോള്‍ ഗവര്‍ണര്‍ നാമനിര്‍ദ്ദേശങ്ങള്‍ നടത്തുന്നത് എന്നു കാണണം. കണ്ണൂര്‍ സര്‍വ്വകലാശാലാ വി.സി.യെ ഒഴിവാക്കേണ്ടി വന്നതിലും ഗവര്‍ണര്‍ക്കുള്ള പങ്ക് വളരെ വലുതാണ്.
സര്‍ക്കാരിന്റെയോ വിദ്യാര്‍ഥി സംഘടനകളുടെയോ വെല്ലുവിളികളെ പരിഗണിക്കാത്ത ഗവര്‍ണറെ തെരുവില്‍ തളയ്ക്കാനാവും എന്ന, നടപ്പിലാക്കാന്‍ അസാധ്യമായ സങ്കല്‍പം, കേന്ദ്രത്തിന്റെ പിന്തുണ ഇല്ലാത്തിടത്തോളം, ഇടതു പക്ഷം ഉപേക്ഷിക്കേണ്ടി വരും. കാരണം ഭരണഘടനാ സ്ഥാനമായതിനാല്‍ ഗവര്‍ണറെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവര്‍ണറെ എതിര്‍ക്കുന്ന സര്‍ക്കാരിന് തന്നെയാണ്. അത് നിറവേറ്റിയേ പറ്റൂ. അതിൽ കോട്ടം ഉണ്ടായാൽ പിടിച്ചിടത്തൊന്നും നിൽക്കില്ല. അസാധാരണ സാഹചര്യം ആണ് ഇതോടെ ഉണ്ടാവുക. (അതു കൊണ്ടാണ് മലപ്പുറം എസ്.പി.യെ കൊണ്ട് തനിക്കെതിരായ ബാനര്‍ അഴിപ്പിക്കാന്‍ ഗവര്‍ണര്‍ക്കു സാധിച്ചത്.)

അതിനാല്‍ ഗവര്‍ണര്‍ക്കെതിരെ നിയമപരമായി പഴുതടച്ച് നീങ്ങുകയും-അതാണ് പഞ്ചാബിലും തമിഴ്‌നാട്ടിലുമൊക്കെ നമ്മള്‍ കാണുന്നത്-ഒപ്പം ഗവര്‍ണറുടെ വിടുവായത്തത്തിന് അതിലും കൂടിയ പ്രകോപനം ഉണ്ടാക്കി ഗവര്‍ണര്‍ക്ക് അപാരമായ മൈലേജ് ഉണ്ടാക്കിക്കൊടുക്കുന്നത് ഉപേക്ഷിച്ച് പരമാവധി അവഗണിക്കലും മാത്രമാണ് അഭികാമ്യം.

അതിലുപരി ഏറ്റവും വലുത് മറ്റൊന്നാണ്. ഗവര്‍ണര്‍ ഈ കാണിക്കുന്നതെല്ലാം കേരളത്തിന്റെ താല്‍പര്യത്തിന് എതിരാണ് എന്ന് ആത്മാര്‍ഥമായി കേരളജനതയെ ബോധ്യപ്പെടുത്തുക എന്നതാണത്. സര്‍ക്കാര്‍ ചെയ്യുന്നതിന് ബൈനറി സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണറെ തളയ്ക്കാന്‍ പലപ്പോഴും സാധ്യമാകാത്തത് സര്‍ക്കാരിന്റെ പല സമീപകാല നടപടികളും ജനങ്ങളില്‍ ചെറതല്ലാത്ത വിമര്‍ശനം വിളിച്ചുവരുത്തിയിട്ടുണ്ട് എന്നതിനാലാണ്. ഇത് പറയുമ്പോള്‍ രസിക്കാത്ത ഇടതുപക്ഷം കൂടുതല്‍ ആധിപത്യഭാവത്തോടെ നീങ്ങുമ്പോള്‍ അത്തരം ഓരോ ചുവടും ആരിഫ് മുഹമ്മദ് ഖാന് വലിയ സൗകര്യമാണ്, പിണറായിവിജയനെതിരെ കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കാന്‍ ഒരാളുണ്ട് എന്ന് റിബല്‍ ബോധം ശക്തിപ്പെടുത്തുന്ന വിധം കേരളീയ സമൂഹമനസ്സില്‍ ഇടം പിടിക്കാന്‍ നല്‍കുന്ന സഹായമാണ്. സംഘപരിവാറും അതിലുപരി യു.ഡി.എഫും അത് ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരു രൂപയുടെ ചിലവില്ലാതെ അതെല്ലാം സാധിക്കാന്‍ അവര്‍ക്ക് ഇപ്പോള്‍ കഴിയുന്നത് എന്തുകൊണ്ടാണ്…ഒരു സ്വയം വിമര്‍ശനം ഇടതുപക്ഷത്ത് ആവശ്യമില്ലേ?

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick