Categories
kerala

തരൂരിന്റെ പ്രസംഗം സിപിഎമ്മിന് വോട്ടുനേട്ടമാകും…മുസ്ലീങ്ങള്‍ കോണ്‍ഗ്രസിനെ അവിശ്വസിക്കും

മുസ്ലീം ലീഗ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടത്തിയ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗ ശശി തരൂര്‍ നടത്തിയ പ്രസംഗത്തിന്റെ നേട്ടം കൊയ്യുക കേരളത്തില്‍ സിപിഎം ആയിരിക്കും. മുസ്ലീം ന്യൂനപക്ഷത്തിനെ ചേര്‍ത്തു നിര്‍ത്താനായി പാലസ്തീന്‍ പോരാട്ടത്തിനും ഇസ്രായേലിന്റെ അധിനിവേശ, സാമ്രാജ്യത്വ മോഹങ്ങള്‍ക്കും എതിരായി ശക്തമായ പരസ്യനിലപാട് സ്വീകരിച്ചിരിക്കുന്നത് കേരളത്തില്‍ ഇടതു പക്ഷമാണ് കോണ്‍ഗ്രസല്ല എന്ന മനോഭാവം മുസ്ലീങ്ങളില്‍ ഉണ്ടാക്കാന്‍ മാത്രമാണ് ശശി തരൂരിന്റെ ഹമാസിനെപ്പറ്റിയുള്ള പരാമര്‍ശം ഇടവരുത്തിയത്. ഹമാസ് ഭീകരരാണ് എന്ന തരൂരിന്റെ പരാമര്‍ശം മുസ്ലീംലീഗിനെ വലിയ കുരുക്കിലാണ് പെടുത്തിയത്. പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂരിനെ പ്രസംഗിക്കാന്‍ ക്ഷണിക്കുമ്പോള്‍ കോണ്‍ഗ്രസ് പാലസ്തീന്‍ ജനതയുടെ പോരാട്ടത്തിന് അനുകൂലമാണെന്ന സന്ദേശം നല്‍കി യു.ഡി.എഫിന്റെ പൊതു ധാരയില്‍ മുസ്ലീങ്ങളെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുക എന്ന രാഷ്ട്രീയസമീപനമാണ് മുസ്ലീം ലീഗ് സ്വീകരിച്ചത്. എന്നാല്‍ സംഭവിച്ചതാകട്ടെ നേരെ തിരിച്ചും. തരൂരിന് തല്‍സമയം തന്നെ എം.കെ.മുനീറുള്‍പ്പെടെയുള്ളവര്‍ മറുപടി നല്‍കിയെന്നത് ലീഗിനെ ഈ വിഷയം എത്രമാത്രം വെട്ടിലാക്കുന്നതാണെന്ന സന്ദേശം നല്‍കുന്നുണ്ട്.

അക്കാദമിക് വേദികളിലെ സംവാദത്തില്‍ പറയാവുന്ന ഒരു വിമര്‍ശനം പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി പോലുള്ള വന്‍ ജനക്കൂട്ടായ്മയ്ക്കു മുന്നില്‍ ഉയര്‍ത്തിയതിനെ തരൂരിന്റെ ബുദ്ധിപരമായ സത്യസന്ധത എന്ന നിലയില്‍ വ്യാഖ്യാനമുണ്ടെങ്കിലും അതിനെപ്പറ്റിയും വിമര്‍ശനമുണ്ട്. ഹമാസിനെ വിമര്‍ശിക്കുമ്പോള്‍ തന്നെ പാലസ്തീന്‍ വിഷയത്തില്‍ ഇസ്രായേലിന്റെ ഭീകരമായ പാലസ്തീന്‍വിരുദ്ധ പീഢനപരമ്പരകളെയും കൊലപാതകങ്ങളെയും ചരിത്രപരമായി വിശകലനം ചെയ്യുന്ന പ്രതികരണമൊന്നും നടത്തിയില്ല എന്നത് ഐക്യരാഷ്ട്ര സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിപ്പോലും പ്രവര്‍ത്തിച്ച ശശി തരൂരിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്നതിലേക്ക് നയിക്കുന്നുണ്ട്.

thepoliticaleditor

മുസ്ലീം ന്യൂനപക്ഷത്തിന്റെ പിന്തുണയാണ് മലബാറില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു വിജയങ്ങളില്‍ നിര്‍ണായകമായി മാറുന്നത്. എന്നാല്‍ ഇടതുപക്ഷം സമീപകാലത്തായി മുസ്ലീം ന്യൂനപക്ഷ വോട്ടുകളില്‍ വിള്ളലുണ്ടാക്കുന്നതില്‍ വലിയ തോതില്‍ വിജയിച്ചിട്ടുണ്ട്. മുസ്ലീംലീഗിന് രാഷ്ട്രീയ പിന്തുണ നല്‍കാറുള്ള സമസ്ത സുന്നി വിഭാഗത്തെ ഉള്‍പ്പെടെ സ്വാധീനിക്കാന്‍ ഇടതുപക്ഷത്തിന് ചില കാര്യങ്ങളില്‍ സാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ശശി തരൂരിന്റെ പ്രസംഗത്തില്‍ ഹമാസിനെ ഭീകരവാദികളായി ചിത്രീകരിച്ചതിലൂടെ മുസ്ലീങ്ങള്‍ക്കു കോണ്‍ഗ്രസിനോട് അവിശ്വാസം സൃഷ്ടിക്കാനാണ് ഉപകരിക്കുക എന്നതാണ് കാര്യം.

ബിജെപിയും സംഘപരിവാറും പറഞ്ഞു പ്രചരിപ്പിക്കുന്ന ആശയങ്ങളാണ് കോണ്‍ഗ്രസും പങ്കുവെക്കുന്നത് എന്ന സംശയം ബലപ്പെടുത്താന്‍ മാത്രമേ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൂടിയായ ശശി തരൂരിന്റെ പ്രസംഗം സഹായിക്കൂ എന്ന വിമര്‍ശനമാണ് ഉയരുന്നത്.

പാലസ്തീന്‍ പോരാട്ടത്തിന് നിരുപാധികമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഹമാസിനെ ഭീകരപ്രസ്ഥാനം എന്നു വിശേഷിപ്പിച്ച കെ.കെ.ശൈലജയെ പോലും ഒട്ടും പിന്തുണയ്ക്കാതെ ഇസ്രായേല്‍ വിരുദ്ധ കാമ്പയിന്‍ ശക്തമാക്കുകയും ചെയ്യുന്ന സി.പി.എമ്മിനും ഇടതു പക്ഷത്തിനും മുസ്ലീം വിഭാഗത്തിനിടയില്‍ കൂടുതല്‍ വിശ്വാസവും രാഷ്ട്രീയ പിന്തുണയും നേടാന്‍ ഈ സാഹചര്യം സഹായിക്കുമെന്ന അനുമാനവും പ്രസക്തമാണ്.

അതേസമയം, തരൂര്‍ വളരെ തന്ത്രപരമായി മൃദുഹിന്ദുത്വം കളിക്കുകയാണെന്ന വിമര്‍ശനവും ഉണ്ട്. ശശി തരൂര്‍ നേരത്തെയും ഈ രീതിയിലുള്ള മൃദുഹിന്ദുത്വ നിലപാടുകളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സംഘപരിവാര്‍ പക്ഷത്തുള്ള ഹിന്ദുവോട്ടര്‍മാരുടെ പിന്തുണ തനിക്കനുകൂലമാക്കാനായിട്ടാണെന്ന് ആരോപിക്കപ്പെടുന്ന രീതിയില്‍ തരൂര്‍ പലപ്പോഴും കോണ്‍ഗ്രസിന്റെ പൊതുനിലപാടിനെതിരെ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ടിയുടെ പരമോന്നത നയ രൂപീകരണ വേദിയായ പ്രവര്‍ത്തക സമിതിയിലെ അംഗമായിത്തീര്‍ന്ന ശേഷം തരൂര്‍ ഇത്തരം വിമര്‍ശനത്തിന് ഇടയാക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി തോന്നിപ്പിച്ചിരുന്നു. കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന പഴയ തരൂര്‍ ശൈലിയാണ് ഹമാസിനെപ്പറ്റിയുള്ള പരാമര്‍ശത്തിലൂടെ വീണ്ടും വന്നിരിക്കുന്നത്.

സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള പല വിഷയങ്ങളിലും സിപിഎമ്മിന് പരോക്ഷ പിന്തുണ നല്‍കും വിധത്തിലും കോണ്‍ഗ്രസിനെ കുരുക്കില്‍ പെടുത്തുന്ന രീതിയിലും പ്രതികരിച്ചിട്ടുള്ള ശശി തരൂര്‍ ഹമാസ് വിഷയത്തിലും മറ്റൊരു രീതിയില്‍ സിപിഎമ്മിന് മുസ്ലീങ്ങള്‍ക്കിടയില്‍ കൂടുതല്‍ രാഷ്ട്രീയ ഇഷ്ടം വര്‍ധിപ്പിക്കാനുള്ള ഉപാധിയാണ് നല്‍കിയിരിക്കുന്നത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick