2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നു ലാലു പ്രസാദ് യാദവ്. ദേശീയ തലത്തില്‍ ജാതിസര്‍വ്വേക്കായി വാദിക്കുന്ന രാഹുല്‍ഗാന്ധിയെ ലാലു കണക്കറ്റ് പ്രശംസിക്കുകയും ചെയ്തു. അതേസമയം ബിഹാര്‍ മുഖ്യമന്ത്രി കൂടിയായ ഇന്ത്യ സഖ്യനേതാവ് നിതീഷ് കുമാറിന്റെ പേര് പോലും അദ്ദേഹം പരാമര്‍ശിച്ചുമില്ല എന്നതും ശ്രദ്ധേയമായി.
ബിഹാറിന്റെ ആദ്യ മുഖ്യമന്ത്രി ശ്രീകൃഷ്ണ സിങ്ങിന്റെ ജന്മവാർഷികത്തിൽ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ലാലു. 2024ൽ കേന്ദ്രത്തിൽ ‘ഇന്ത്യ’ സഖ്യം അധികാരത്തിൽ വന്നാൽ രാജ്യമൊട്ടാകെ ജാതി അടിസ്ഥാനത്തിലുള്ള സർവേ നടത്തുമെന്ന് പ്രഖ്യാപിച്ച രാഹുലിനെ അദ്ദേഹം പ്രശംസിച്ചു.
ആറ് വർഷത്തിന് ശേഷം ഇതാദ്യമായാണ് ലാലു കോൺഗ്രസ് ആസ്ഥാനമായ സദഖത്ത് ആശ്രമത്തിൽ എത്തുന്നത്. 2017ലാണ് ലാലു അവസാനമായി സദാഖത്ത് ആശ്രമം സന്ദർശിച്ചത്. നവംബറിൽ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി പരാജയപ്പെടുമെന്നും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി ദയനീയമായി പരാജയപ്പെടാൻ പോകുകയാണെന്ന് ലാലു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ആർഎസ്എസിനും തിരഞ്ഞെടുപ്പിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.