Categories
latest news

ഹമാസിന്റെ വൈകാരികത, ഇസ്രായേലിന്റെ ആധിപത്യ അഹന്ത…

ഇതു വരെ ഗാസ ആക്രമണത്തിലെ മരണസംഖ്യ 800 ആയിരിക്കുന്നു എന്നാണ് ഞായറാഴ്ച വൈകീട്ടത്തെ പുതിയ റിപ്പോര്‍ട്ട്. അതിഭീകരമായ ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത് എന്നതിന്റെ സൂചനയാണിത്. ഏറ്റുമുട്ടല്‍ എന്ന് വിളിക്കാനല്ല, യുദ്ധം എന്നാണ് ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്

Spread the love

ശനിയാഴ്ച രാവിലെ ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് പാലസ്തിന്‍ തീവ്ര പ്രസ്ഥാനമായ ഹമാസ് ഗാസയില്‍ നിന്നും ഇസ്രായേലിലേക്ക് കടന്നു കയറി നടത്തിയ ആക്രമണം പല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും സൂത്രശാലികളും വിപുലമായ ചാരക്കണ്ണുകളും ഉള്ളവര്‍ എന്ന് അറിയപ്പെടുന്ന ചാരസംഘടനയാണ് ഇസ്രായേലിന്റെ ‘മൊസാദ’്.( രാജീവ് ഗാന്ധി കൊല്ലപ്പെടാനിടയുണ്ടെന്ന കാര്യം പോലും ഇന്ത്യ അറിയും മുമ്പേ ഇന്ത്യക്കാരെ അറിയിച്ചത് മൊസാദ് ആണെന്ന് ഓര്‍ക്കുക.) എന്നാല്‍ മൊസാദിന്റെ പരാജയമായിത്തീര്‍ന്നു ഹമാസിന്റെ ആക്രമണം. ഹമാസിന്റെ കടന്നുകയറ്റത്തെ കുറിച്ച് ഒരു സൂചന പോലും ലഭ്യമാക്കാന്‍ മൊസാദിന് സാധിച്ചില്ല എന്നാണ് പുറത്തുവരുന്ന വാര്‍ത്ത. ഗാസയില്‍ നിന്നും ഇസ്രായേലിലേക്ക് കടന്നു കയറിയ ഹമാസ് പോരാളികള്‍ 5000 റോക്കറ്റുകളാണ് തൊടുത്തു വിട്ടത്. 300 ഇസ്രായേലികള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് ഇസ്രായേല്‍കാരെ ഹമാസ് ബന്ദികളാക്കി.

ഇസ്രായേല്‍ വാഹനം ഹമാസിന്റെ ഭടന്‍മാര്‍ കത്തിച്ച നിലയില്‍

വൈകാതെ ഇസ്രായേല്‍ കനത്ത തിരിച്ചടി ആരംഭിച്ചു. ഗാസയിലേക്ക് യഹൂദരുടെ സൈന്യം കനത്ത ആക്രമണം തന്നെയാണ് നടത്തിയത്. മണിക്കൂറുകള്‍ക്കകം 300-ലധികം പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിനു പേര്‍ക്ക് പരിക്കേറ്റു.

thepoliticaleditor

ഇതു വരെ ഗാസ ആക്രമണത്തിലെ മരണസംഖ്യ 800 ആയിരിക്കുന്നു എന്നാണ് ഞായറാഴ്ച വൈകീട്ടത്തെ പുതിയ റിപ്പോര്‍ട്ട്. അതിഭീകരമായ ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത് എന്നതിന്റെ സൂചനയാണിത്. ഏറ്റുമുട്ടല്‍ എന്ന് വിളിക്കാനല്ല, യുദ്ധം എന്നാണ് ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ വെച്ച് ഏറ്റവും രൂക്ഷമായ സംഘര്‍ഷവും ആക്രമണവുമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്താണിതിനു കാരണം. ആരാണ് ഇതിന് ഉത്തരവാദി.
ആദ്യം ആക്രമണം നടത്തിയത് ഹമാസ് ആയതിനാല്‍ ഹമാസിനെ കുറ്റപ്പെടുത്തുന്നവര്‍ ധാരാളം ഉണ്ട്. എന്നാല്‍ ഹമാസിന്റെ ആക്രമണത്തിന്റെ പിന്നില്‍ എന്താണെന്ന് അറിയാത്തവരും ധാരാളമുണ്ട്. ഹമാസ് ആണോ ഇസ്രായേല്‍ ആണോ ഇപ്പോഴത്തെ യുദ്ധത്തിന് ശരിക്കും ഉത്തരവാദി?

കഴിഞ്ഞ ഏതാനും വർഷമായി ഇസ്രായേൽ നടത്തുന്ന തുടർ ആക്രമണങ്ങളാണ് ഹമാസ് പ്രതികാരത്തിന് പിന്നിൽ. പാലസ്തീനിന്റെ വെസ്റ്റ് ബാങ്കിനും ഗാസ മുനമ്പിനും നേർക്ക് ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര അക്രമവും അധിനിവേശവും ഹമാസിനെ പ്രകോപിപ്പിച്ചു. ഈ രണ്ട് പലസ്‌തീൻ നഗരങ്ങളെയും പിടിച്ചടക്കുക ,അവിടെ തങ്ങളുടെ ആളുകളെ കുടിയിരുത്തുക: , കെട്ടിടങ്ങൾ നിർമ്മിക്കുക- ഇതാണ് ഇസ്രായേൽ 2021 മുതൽ ചെയ്യുന്നത്. സമാധാന സംഘടനയായ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ ) നേരത്തെ ഇസായേലുമായി നടത്തിയ നിരന്തര ചർച്ചകളും കരാറുകളും ഫലം കാണാത്ത അവസരത്തിൽ തീവ്രവാദികളായ ഹമാസ് ഇസ്രയേലിനെതിരെ നീങ്ങുകയായിരുന്നു.

ഇസ്രായേലും ഹമാസും തമ്മിൽ നിരന്തരം സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും മുന്നറിയിപ്പില്ലാതെയാണ് ശനിയാഴ്ച ഹമാസ് ആക്രമണം നടത്തിയത്. ഡസൻ കണക്കിന് ഹമാസ് പോരാളികൾ അതിർത്തി ലംഘിച്ച് ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവ് ലക്ഷ്യമാക്കി ആക്രമണം നടത്തുകയായിരുന്നു. ഇപ്പോഴും ഇസ്രായേൽ മണ്ണിൽ ഹമാസ് ഭടന്മാർ പലയിടങ്ങളിലും ഏറ്റുമുട്ടൽ നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഇസ്രായേലിന് നേരെ ആയിരക്കണക്കിന് റോക്കറ്റുകൾ ഹമാസ് പ്രയോഗിച്ചു.

നാസിസത്തിന്റെ കെടുതികളില്‍ ചിതറി ഇല്ലാതായിപ്പോയ യഹൂദര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭയാര്‍ഥികളെപ്പോലെ താമസിച്ചപ്പോഴാണ് 1948-ല്‍ അവര്‍ക്കായൊരു രാഷ്ട്രം എന്ന ആശയം യാഥാര്‍ഥ്യമാക്കാന്‍ ലോകം ഒരുമിച്ചത്. എന്നാല്‍ ഇസ്രായേല്‍ രൂപീകൃതമായപ്പോള്‍ അത് പാലസ്തീന്‍ അറബികളുടെ ചങ്കില്‍ കുത്തുന്ന രീതിയില്‍ അവരുടെ കൂടി പ്രദേശങ്ങളെ ഇസ്രായേലിന് നല്‍കിക്കൊണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാന ഇടമായിരുന്നു അറബികളുടെ കൂടി വിശുദ്ധ നഗരമായ ജറൂസലേം. പലസ്തീൻ പ്രദേശങ്ങൾ എന്നറിയപ്പെടുന്ന വെസ്റ്റ് ബാങ്കും ഗാസയും കിഴക്കൻ ജറുസലേമും റോമൻ കാലം മുതൽ പലസ്തീൻ എന്നറിയപ്പെടുന്ന ഭൂമിയുടെ ഭാഗമാണ്.

യാസര്‍ അറാഫത്തിന്റെ നേതൃത്വത്തിലുള്ള പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സ്വതന്ത്ര പാലസ്തീനു വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അറാഫത്തിനൊപ്പം നിന്നു. ഒടുവില്‍ ഇസ്രായേലുമായുള്ള ഉടമ്പടി പ്രകാരം സ്വതന്ത്ര പാലസ്തീന്‍ നിലവില്‍ വന്നെങ്കിലും ഇസ്രായേല്‍ നിരന്തരം അധിനിവേശ നീക്കങ്ങള്‍ നടത്തി. അതിന്റെ ഭാഗമായിരുന്നു ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള അവരുടെ കടന്നു കയറ്റം. ഇതില്‍ പ്രതിഷേധിച്ച് ചെറുത്തു നില്‍പിനായി രൂപം കൊണ്ട് സംഘടനയായിരുന്നു ഹമാസ്. പാലസ്തീന്‍ സര്‍ക്കാരിനെ പിന്തള്ളി ഗാസയില്‍ അധികാരം പിടിച്ചെടുത്ത ഹമാസ് ഇസ്രായേലുമായുള്ള സായുധ ഏറ്റുമുട്ടല്‍ നിരന്തരം നടത്തിക്കൊണ്ടിരുന്നു.
ഹമാസിന്റെ വൈകാരികമായ സമീപനമാണ് അവരെ അക്രമ മാര്‍ഗത്തിലേക്ക് നയിക്കുന്നത്. സമാധാനപരമായ നീക്കങ്ങള്‍ കൊണ്ട് ഇസ്രായേലിനെ ചെറുക്കാനാവില്ലെന്ന് മനസ്സിലാക്കിയതു കൊണ്ടാണിതെന്ന് ന്യായീകരണമുണ്ട്. ഇറാന്‍, ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ ഹമാസിന് പൂര്‍ണ പിന്തുണയുമായി ഉണ്ട്. എന്നാല്‍ സൗദി അറേബ്യ പോലുള്ളവ നിഷ്പക്ഷ നിലപാടില്‍ നില്‍ക്കുന്നത് ശ്രദ്ധേയമാണ്.

യാസര്‍ അറാഫത്തിനെ രാജ്യമില്ലാതിരിക്കുമ്പോഴും രാഷ്ട്രത്തലവനായി അംഗീകരിച്ചു സ്വീകരിച്ച ഇന്ത്യ ഇസ്രായേലിന്റെ അനാവശ്യമായ അധിനിവേശത്തെ മുന്‍കാലത്തെല്ലാം എതിര്‍ത്തിരുന്നു. അതേസമയം ഇപ്പോള്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ നല്‍കുന്ന സമീപനമാണ് ഇന്ത്യ സ്വകീരിച്ചു വരുന്നത്.

ഗാസ മുനമ്പ് ഭരിക്കുന്ന ഫലസ്തീനിലെ ഒരു ഇസ്ലാമിക തീവ്രവാദ സംഘടനയാണ് ഹമാസ്. 2007ൽ ഗാസയിൽ അധികാരമേറ്റതിന് ശേഷം ഇസ്രയേലുമായി ഹമാസ് നിരവധി യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. ഇസ്രായേൽ, ഈജിപ്ത്, മെഡിറ്ററേനിയൻ കടലുകൾ എന്നിവയ്ക്കിടയിലുള്ള 41 കിലോമീറ്റർ (25 മൈൽ) നീളവും 10 കിലോമീറ്റർ വീതിയുമുള്ള പ്രദേശമാണ് ഗാസ മുനമ്പ്. ഏകദേശം 2.3 ദശലക്ഷം ആളുകൾ വസിക്കുന്ന ഇവിടെ ലോകത്തിലെ ഏറ്റവും ഉയർന്ന ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഗാസയിലെ ജനസംഖ്യയുടെ 80 ശതമാനം ജനങ്ങളും അന്താരാഷ്ട്ര സഹായത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഏകദേശം ഒരു ദശലക്ഷം ആളുകൾ ദൈനംദിന ഭക്ഷണത്തിന് ആശ്രയിക്കുന്നത് പുറം സഹായത്തെയാണ്.

പശ്ചിമ മധ്യേഷ ഇപ്പോള്‍ യുദ്ധ കലുഷിതമാണ്. റഷ്യ-ഉക്രെയിന്‍ യുദ്ധം രക്തരൂക്ഷിതമായി തുടരുന്നു. രണ്ടു മാസം കൊണ്ട് ഉക്രെയിനെ ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ട് റഷ്യ ആരംഭിച്ച യുദ്ധം ഒന്നര വര്‍ഷം പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല. റഷ്യയ്ക്ക് ഉക്രെയിനെ കീഴടക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ കഴിഞ്ഞ അമ്പതു വര്‍ഷത്തിലെ ഏറ്റവും വലിയ ഏറ്റുമുട്ടല്‍ ഗാസയില്‍ നടക്കുമ്പോള്‍ ചോര മണക്കുന്ന ഭൂപ്രദേശങ്ങള്‍ ലോകത്തിന്റെ സങ്കടമായി മാറുകയാണ്.
ഇന്ത്യ ഇസ്രയേലിന് പിന്തുണ നല്‍കുന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച തന്നെ എത്തിയപ്പോള്‍ ചൈന യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുദ്ധം ഒരു പരാജയമാണ്, പരാജയം മാത്രമാണെന്ന പ്രതികരണവുമായി വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഞായറാഴ്ച മുന്നോട്ടു വന്നിരിക്കുന്നു. ഇതെല്ലാം കാണേണ്ടവര്‍ കാണുമോ എന്നതാണ് സമാധാന പ്രേമികള്‍ ഉയര്‍ത്തുന്ന ചോദ്യം.

അമേരിക്ക മുൻകൈയെടുത്ത് ഫലസ്തീൻ നേതാക്കളുമായി നടത്തിയ ചർച്ച ഒരു കരാറിലെത്തിയിരുന്നു. പി. എൽ. ഒ നേതാവ് യാസർ അറഫാത്ത് ഇതിൽ ഒപ്പുവെച്ചു.ഇരു രാഷ്ട്രങ്ങൾക്കും അതിർത്തി പരിധി നിശ്ചയിക്കുക എന്നായിരുന്നു .പലസ്തീനും ഇത് അംഗീകരിക്കുകയും ചെയ്തു . ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിന് പിന്തുണ പ്രഖ്യാപിച്ചു. സമാധാനത്തിലേക്ക് നീങ്ങി എന്ന് കരുതിയ സമയത്താണ് വീണ്ടും ഇസ്രായേൽ വെസ്റ്റ് ബാങ്കിലേക്ക് സേനയുമായി നീങ്ങുന്നത്. നിരവധി വീടുകൾ ഇതിനകം ബെസ്റ്റ് ബാങ്കിലും മറ്റും അവർ നിർമ്മിച്ചു കഴിഞ്ഞു. തങ്ങളുടെ രാജ്യം ഇസ്രായേൽ വിഴുങ്ങുമോ എന്ന അവസ്ഥയിലാണ് ഇപ്പോഴത്തെ ആക്രമണം ഹമാസ് നടത്തിയത്.

ഇസ്രായേലിന്റെ ആയുധമുഷ്ട്കിന്റെ ബലത്തില്‍ അവര്‍ നടത്തുന്ന ഏകപക്ഷീയമായ കടന്നുയറ്റത്തെ നിയന്ത്രിക്കാനും ചര്‍ച്ചയിലൂടെ സമവായം ഉണ്ടാക്കാനും ഇസ്രായേല്‍ പക്ഷ രാജ്യങ്ങളൊന്നും മുന്‍കൈ എടുക്കാത്തതിന്റെ പരിണിത ഫലം കൂടിയാണിത്. ഒരു വര്‍ഷം മുമ്പ് ടെല്‍ അവീവിനൊപ്പം ജറൂസലേം കൂടി തലസ്ഥാനമാക്കാനുള്ള ഇസ്രായേലിന്റെ ഏകപക്ഷീയമായ തീരുമാനം അറബികളെ ഏറെ പ്രകോപിപ്പിച്ചിരുന്നു.

അമേരിക്കയുള്‍പ്പെടെയുള്ള ഇസ്രായേല്‍ പിന്തുണാ രാഷ്ട്രങ്ങള്‍ക്ക് വ്യക്തമായ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. മേഖലയില്‍ യുദ്ധത്തിനെതിരെ ഒരു ഭാഗത്ത് നിലപാട് എടുക്കുന്ന അമേരിക്ക ഇസ്രായേലിന്റെ സയണിസ്റ്റ് അഹന്തയെ നിയന്ത്രിക്കാന്‍ ഒന്നും ചെയ്യുന്നില്ല. മാത്രമല്ല ഇസ്ലാമിക തീവ്രവാദം എന്ന ആരോപണം മുന്‍നിര്‍ത്തി ഇസ്രായേല്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് രഹസ്യമായും പരസ്യമായും പിന്തുണ നല്‍കുകയും ചെയ്യുന്ന വിദേശകാര്യനയം സ്വീകരിച്ചും മുന്നോട്ടു പോകുന്നു.

അതേസമയം ഈ വാരിക്കുഴിയില്‍ വീണ് അതിവൈകാരികമായ പ്രതികരണങ്ങള്‍ ആയുധമുപയോഗിച്ച് ഹമാസ് പ്രകടിപ്പിക്കുകയും ചെയ്യുന്നത് അവരെ ലോകത്തിനു മുന്നില്‍ പ്രതിപ്പട്ടികയില്‍ നിര്‍ത്തുന്നുണ്ട്. യുദ്ധം എന്തെങ്കിലും പരിഹാരം ഉണ്ടാക്കുമെന്ന അബദ്ധ ചിന്തയാണോ ഹമാസിന്-എങ്കില്‍ അത് പിശകാണ്. ഒരു യുദ്ധം മറ്റൊന്നിലേക്ക് നയിക്കുന്നു എന്നാണ് ഇസ്രായേല്‍-അറബ് സംഘര്‍ഷത്തിന്റെ ചരിത്രം. വെടിയും പുകയുമില്ലാത്ത സമാധാനയുദ്ധങ്ങള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് നടത്താന്‍ ലോക രാഷ്ട്രങ്ങള്‍ ഇടപെടുകയാണ് ഏറ്റവും അത്യാവശ്യം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick