Categories
kerala

ചാണ്ടിക്ക് മറിഞ്ഞതില്‍ ഒട്ടേറെ ഉറച്ച ഇടതു വോട്ടുകളും മാണി കോണ്‍ഗ്രസ് വോട്ടുകളും…മുഖ്യമന്ത്രി മറുപടി പറയാത്തതിലും അമര്‍ഷം

സഹതാപതരംഗമാണ് പുതുപ്പള്ളിയിലെ യു.ഡി.എഫിന്റെ മിന്നും വിജയത്തിന് കാരണമെന്ന് സി.പി.എം. പുറമേ പറയുന്നുവെങ്കിലും നിര്‍വ്വചിക്കാനാവാത്ത തരം ആഘാതമാണ് പാര്‍ടിക്ക് ഏറ്റിരിക്കുന്നത് എന്നത് നേതൃകേന്ദ്രങ്ങള്‍ സ്വകാര്യമായി ചര്‍ച്ച ചെയ്യുന്നു. മന്ത്രി വി.എന്‍.വാസവന്റെയും, സ്ഥാനാര്‍ഥി ജെയ്ക് സി.തോമസിന്റെയും സ്വന്തം ബൂത്തുകളില്‍ പോലും പാര്‍ടിക്ക് മുന്‍തൂക്കമുണ്ടായില്ല എന്നത് സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്. പുതുപ്പള്ളിയിലെ എട്ട് പഞ്ചായത്തുകളില്‍ ആറും ഭരിക്കുന്നത് തങ്ങളാണെന്ന ആത്മവിശ്വാസത്തിന്റെ തേരിലേറി പ്രചാരണം പെരുപ്പിച്ച ഇടതുമുന്നണിക്ക് ഇതിലധികം നാണക്കേട് അടുത്ത കാലത്തൊന്നും നേരിട്ടിട്ടില്ല. ഉപതിരഞ്ഞെടുപ്പു നടന്ന തൃക്കാക്കരയിലെ പോലെ പുതുപ്പള്ളിയും കോണ്‍ഗ്രസ് മണ്ഡലമാണെന്ന തിരിച്ചറിവ് സി.പി.എമ്മിന് ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. എന്നാല്‍ തൃക്കാക്കരയില്‍ നിന്നും വ്യത്യസ്തമായി ചില കണക്കുകൂട്ടലുകള്‍ പുതുപ്പള്ളിയില്‍ സിപിഎം വെച്ചു പുലര്‍ത്തി.

എന്നാല്‍ മണ്ഡലത്തിലെ സി.പി.എം.-ഇടത് അനുഭാവ വോട്ടുകള്‍ വ്യാപകമായി ഇത്തവണ ചാണ്ടി ഉമ്മന് ലഭിക്കാനിടയായി എന്നാണ് വ്യക്തമായ തെളിവുകളോടെ പുതുപ്പള്ളിയിലെ ബൂത്ത് തല പാര്‍ടി പ്രവര്‍ത്തകര്‍ പറയുന്നത്. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതേ വരെ ഇടതുപക്ഷത്തിന് മാത്രം വോട്ടു ചെയ്തിരുന്ന ഉറച്ച സിപിഎം അനുഭാവികള്‍ പോലും തങ്ങള്‍ ഇത്തവണ ചാണ്ടിക്ക് വോട്ട് നല്‍കിയതായി തുറന്നു പറയുന്നു. ഈ സാഹചര്യത്തിലേക്ക് എങ്ങിനെ എത്തി എന്നത് കാര്യമായി പരിശോധിക്കണമെന്നും അവര്‍ തന്നെ ആവശ്യപ്പെടുന്നുണ്ട്. ചാണ്ടി ഉമ്മന് ഇടതുപക്ഷത്തു നിന്നും 12,000-ത്തിലധികം വോട്ടുകള്‍ കിട്ടിയെന്ന് ബിജെപി പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ ആരോപിച്ചിട്ടുണ്ട്.

thepoliticaleditor

യുഡിഎഫ് വിജയം പ്രതീക്ഷിക്കാത്തതല്ലെങ്കിലും വോട്ടിങില്‍ അത്ര വലിയ അന്തരം ഉണ്ടായത് എങ്ങിനെ എന്നത് സൂക്ഷ്മമായി പരിശോധന വേണ്ട കാര്യമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി അഭിപ്രായപ്പെട്ടിരിക്കുന്നത് പാര്‍ടിയില്‍ ഈ വിഷയം ആഴത്തിലുള്ള ചര്‍ച്ചയ്ക്ക് വഴി തെളിക്കാന്‍ പോകുകയാണെന്നതിന്റെ സൂചനയായി കാണണം.

മറ്റൊരു പ്രധാന കാര്യം മാണി വിഭാഗം കേരള കോണ്‍ഗ്രസുകാരുടെ വോട്ടും നല്ല വണ്ണം ചാണ്ടി ഉമ്മന് ലഭിച്ചിട്ടുണ്ട് എന്നതാണ്. അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലെ വിജയശതമാനം ഇത് വ്യക്തമാക്കുന്നതായി സിപിഎം പ്രവര്‍ത്തര്‍ തന്നെ പറയുന്നു. ഇടതുമുന്നണിയില്‍ മാണി വിഭാഗവുമായി കോട്ടയത്തെ പ്രാദേശിക തലത്തില്‍ സിപിഎമ്മില്‍ ഉള്ള പല രഹസ്യമായ സൗന്ദര്യപ്പിണക്കങ്ങളും നെഗറ്റീവ് വോട്ടിലേക്ക് നയിച്ചിട്ടുണ്ടെന്ന് പറയുന്നു.

കെ.എം.മാണിയുടെ പിന്‍തുടര്‍ച്ചയായി പാലായില്‍ ജോസ് കെ.മാണി മല്‍സരിച്ചപ്പോള്‍ അദ്ദേഹത്തെ ഇടതു മുന്നണി മാണി സി.കാപ്പനെ ഇറക്കി തോല്‍പിച്ചതില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം അനുഭാവികളില്‍ ഇപ്പോഴും നീരസമുണ്ടെന്നും പുതുപ്പള്ളിയില്‍ അവരത് പ്രകടമാക്കിയിട്ടുണ്ടെന്നും സിപിഎം അനുഭാവികള്‍ ആരോപിക്കുന്നുണ്ട്. ഇതിലെ യാഥാര്‍ഥ്യം കൂടുതല്‍ തെളിയാനിരിക്കുന്നതേയുള്ളൂ.

മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തില്‍ പര്യടനം നടത്തി പ്രസംഗിച്ചെങ്കിലും പ്രതിപക്ഷം ഉന്നയിച്ച ഒരു ആരോപണത്തിനും ചോദ്യത്തിനും പ്രതികരിക്കാതിരുന്നത് വലിയ തോതില്‍ അമര്‍ഷം പുതുപ്പള്ളിയിലെ സി.പി.എം. അനുഭാവികള്‍ക്കിടയില്‍ ഉണ്ട്. എന്നാല്‍ അവര്‍ വിവാദം ഭയന്ന് അത് പരസ്യമായെന്നല്ല, രഹസ്യമായി പോലും പറയാന്‍ മടി കാണിക്കുന്ന അവസ്ഥയുണ്ട്. മുഖ്യമന്ത്രി മറുപടി പറയണമായിരുന്നു എന്നും ചോദ്യങ്ങളെ അഭിമുഖീകരിക്കണമായിരുന്നു എന്നും ഇപ്പോള്‍ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ചില പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു. മുഖ്യമന്ത്രി എത്തും മുമ്പ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉന്നയിച്ച ഏഴ് ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി നിന്ന മുഖ്യമന്ത്രിയുടെ നടപടി തങ്ങളുടെ രാഷ്ട്രീയനിലപാടുകളില്‍ സുതാര്യത ഇല്ലാതാക്കാന്‍ മാത്രമേ പുതുപ്പള്ളിയില്‍ ഉപകരിച്ചിട്ടുള്ളൂ എന്ന് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു.

ചാണ്ടി ഉമ്മന്റെ വിജയം യു ഡി എഫിനൊപ്പം എൽ ഡി എഫും പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഇത്രയും ഉയർന്ന ഭൂരിപക്ഷം കിട്ടുമെന്ന് എൽ ഡി എഫ് കേന്ദ്രങ്ങൾ കരുതിയിരുന്നില്ല. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹ ബഹുമാനങ്ങൾ മകനോടും പുതുപ്പള്ളിക്കാർ കാണിച്ചപ്പോൾ എൽ ഡി എഫ് വോട്ടുകൾ പോലും യു ഡി എഫ് പക്ഷത്തേക്കെത്തി എന്നുവേണം കരുതാൻ. എൽ ഡി എഫ് ഭരിക്കുന്നതുൾപ്പടെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സമ്പൂർണ ആധിപത്യം പുലർത്താൻ യു ഡി എഫിന് കഴിഞ്ഞതും ഇതുകൊണ്ടുതന്നെ.

മീനടം പഞ്ചായത്തിലെ ഒരേയൊരു ബൂത്തില്‍ മാത്രമാണ് മണ്ഡലത്തിലാകെ ജെയ്കിന് കൂടുതല്‍ വോട്ട് കിട്ടിയത് എന്നത് ഇടതുമുന്നണിക്ക് ഉണ്ടാക്കിയിരിക്കുന്ന ആഘാതം ചെറുതല്ല. ജെയ്കിനെ ബലിയാടാക്കുകയാണ് ചെയ്തത് എന്ന വികാരവും പുതുപ്പള്ളിയിലെ പല പാര്‍ടി പ്രവര്‍ത്തകരും പങ്കുവെക്കുന്നുണ്ട്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick