പുതുപ്പള്ളി തിരഞ്ഞെടുപ്പിലേക്കു പോകുമ്പോള്‍ ഇടതു മുന്നണിയുടെ പ്രധാന പ്രചാരണായുധം മണ്ഡലത്തിലെ വികസനമില്ലായ്മയാണ്. പക്ഷേ എന്തിനും ഏതിനും ആലോചനയില്ലാതെ സമൂഹമാധ്യമത്തില്‍ കയറി മേഞ്ഞാല്‍ വിമര്‍ശനം ബൂമറാങ് പോലെ തിരിച്ചുകുത്തുമെന്നതിന് ഇതാ ഒരു മികച്ച ഉദാഹരണം.
സംഗതി ഉമ്മന്‍ചാണ്ടി ഒരു മരപ്പാലത്തില്‍ കയറി നടക്കുന്നതിന്റെ ഫോട്ടോയാണ്. സമൂഹമാധ്യമത്തിലെ സ്ഥിരം സാന്നിധ്യമായ മുരളി തുമ്മാരുകുടിയാണ് ഉമ്മന്‍ചാണ്ടിയുടെ ചിത്രം പോസ്റ്റു ചെയ്തത്. അത് പെട്ടെന്നു തന്നെ ഇടതു കേന്ദ്രങ്ങളില്‍ വൈറലായി.

പുതുപ്പള്ളിയിലെ വികസനമില്ലായ്മയുടെ പ്രതീകാത്മക ചിത്രം എന്ന നിലയില്‍ ഈ ഫോട്ടോ പ്രചരിപ്പിക്കപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. പക്ഷേ അതിപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലായിരിക്കയാണ്.

മുരളി തുമ്മാരുകുടിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രോളിക്കൊണ്ടിരിക്കയാണിപ്പോള്‍. അദ്ദേഹത്തിന്റെ സമൂഹമാധ്യമ പേജില്‍ ചീത്തവിളിയുടെ വിളയാട്ടമാണ്.
സിപിഎം വല്ലതും നക്കാൻ തരുന്നുണ്ടേൽ മൂലക്ക് ഇരുന്നു നക്കിക്കോണം..
നക്കി നക്കി ഹരം കേറുമ്പോൾ
നടുക്ക് വച്ചു നിർത്തരുത് 👌
പക്ഷെ…
അതും കൊണ്ടു പുതുപള്ളിക്ക് വരണ്ട നീ..🫵
👉 ഉളുപ്പുണ്ടോഡാ ചെറ്റേ 👈 –ഇതാണ് തുമ്മാരുകുടിക്കുള്ള തെറിവിളിയുടെ ഒരു സാമ്പിൾ.
ഉമ്മന്‍ചാണ്ടി നടന്ന ആ പാലം ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെതാണെന്നും 2016-ല്‍ ഈ ഫോട്ടോ എടുക്കുന്ന സമയത്ത് അവിടുത്തെ എംഎല്‍എ സിപിഎമ്മുകാരനായ സുരേഷ് കുറുപ്പ് ആണെന്നും നിലവിലെ പ്രതിനിധി മന്ത്രി കൂടിയായ വി.എന്‍.വാസവന്‍ ആണെന്നും വിശദീകരിച്ചുകൊണ്ട് കോണ്‍ഗ്രസ് സമൂഹമാധ്യമത്തില്‍ പ്രതികരിച്ചതോടെ വന്‍ ചര്‍ച്ചയായി. കോണ്‍ഗ്രസ് നേതാവ് കുഞ്ഞ് ഇല്ലംപള്ളി 2016 നവംബര്‍ 27-ന് എടുത്ത ഫോട്ടായാണിതെന്ന് അദ്ദേഹം തന്നെ പറയുന്നു. തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലിനു സമീപമാണ് ഈ ഫോട്ടോയില്‍ കാണുന്ന പാലം.
കുഞ്ഞ് ഇല്ലംപള്ളിയുടെ പോസ്റ്റ്:
ഇതാണ് പുതുപ്പള്ളിയുടെ വികസനം എന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി ഒരു ഒറ്റത്തടി പാലത്തിലൂടെ നടന്നു വരുന്ന പടം സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും അതിന് പ്രചരണം നടത്തുകയും ചെയ്യുന്ന സഹോദരങ്ങളോട്

ആടിനെ പട്ടിയാക്കുന്നവരാണ് നിങ്ങൾ എന്ന് എനിക്കറിയാം എന്നാലും, പറയട്ടെ.
ഉമ്മൻ ചാണ്ടി പാലത്തിലൂടെ നടക്കുന്ന പടം 2016 നവംബർ 27ന് എന്റെ മോബൈലിൽ ഞാനെടുത്തതാണ്. ഞങ്ങളുടെ സഹപ്രവർത്തകൻ എം.ഐ. വേലുവിന്റെ മകളുടെ വിവാഹത്തിൽ അദ്ദേഹത്തിന്റെ വീട്ടിലെത്തി വധുവിനെ ആശംസകൾ അറിയിക്കാനാണ് അദ്ദേഹം എത്തിയത്. തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിൽനിന്ന് ഇറമ്പത്തേക്ക് പോകുന്ന വഴിയിലാണ് ഈ പാലം.
നീണ്ട വർഷം കോട്ടയം എംപിയായും പിന്നീട് അവിടുത്തെ എംഎൽയുമായി 2021 വരെ തുടർന്നിരുന്ന സുരേഷ് കുറുപ്പ് ആയിരുന്നു ഈ കാലത്ത് അവിടുത്തെ എംഎൽഎ. 21 മുതൽ മന്ത്രി വാസവനും. വികസനം നടത്താൻ വരുന്നവർക്കായി 2016ലെ പടവും, ഇപ്പോൾ ആ പാലത്തിന്റെ പടവും ഞാൻ പ്രസിദ്ധീകരിക്കുന്നു. വലിയ വികസനം തന്നെയാണല്ലോ. അല്ലേ. താഴോട്ടാണെന്ന് മാത്രം. പടവലങ്ങ പോലെ 2023ലെ പാലത്തിന്റെ പടത്തിൽ, പാലത്തിലൂടെ സഞ്ചരിക്കുന്ന വ്യക്തിയാണ്. ശ്രീ വേലു ഗീബൽസിന്റെ പിതാക്കളായി സത്യം കുഴിച്ചു മൂടുന്ന ചിലർക്കും, അറിഞ്ഞും, അറിയാതെയും, ഇത് പ്രചരിപ്പിക്കയും ചെയ്യുന്ന വിവരദോഷികൾക്കുമായി ഞാൻ സമർപ്പിക്കുന്നു.