അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്ത സുപ്രീം കോടതി രാഹുൽ ഗാന്ധിയെ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.. രാഹുൽ ഗാന്ധിയുടെ ഗുജറാത്തിലെ പ്രസംഗം നല്ലതല്ലെന്നും പ്രസംഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും കോടതി ഗുണദോഷിച്ചു.
അയോഗ്യനാക്കുമ്പോൾ അതിന്റെ അന്തരഫലങ്ങൾ വ്യക്തിയെ മാത്രമല്ല വോട്ടർമാരെയും ബാധിക്കുമെന്ന് കോടതി വ്യക്തമാക്കി. വിചാരണ കോടതി പരമാവധി ശിക്ഷ വിധിക്കുന്നതിന് പകരം ഒരു ദിവസം കുറച്ചിരുന്നെങ്കിൽ അത് അയോഗ്യതയെ ബാധിക്കില്ലായിരുന്നു. രാഹുലിന് പരമാവധി ശിക്ഷ വിധിച്ചതിന് വിചാരണ ജഡ്ജി ഒരു കാരണവും നൽകിയിട്ടില്ല. അതിനാലാണ് അന്തിമ വിധി വരുന്നത് വരെ ശിക്ഷ സ്റ്റേ ചെയ്തതെന്നും സുപ്രീംകോടതി അറിയിച്ചു.
രാഹുലിന് എന്തുകൊണ്ട് അപകീർത്തിവകുപ്പിലെ പരമാവധി ശിക്ഷ നൽകിയെന്ന് വിചാരണക്കോടതി വിശദീകരിക്കണമെന്നും കോടതി അറിയിച്ചു. ഒന്നര മണിക്കൂറിലധികമാണ് കേസിൽ വാദം നീണ്ടത്. അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയാണ് രാഹുലിനായി വാദിച്ചത്.