ദളിതനെ ചെരുപ്പ് നക്കാൻ നിർബന്ധിക്കുകയും അയാളുടെ ദേഹത്തു പോലീസ് ഇൻസ്‌പെക്ടർ മൂത്രമൊഴിക്കുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് എംഎൽഎ ഗോപാൽ മീണയ്ക്കും അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ജൂൺ 30 ന് കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന തന്നെ പോലീസ് പിടിച്ചു കൊണ്ടുപോയെന്നും എംഎൽഎയുടെ ചെരുപ്പ് നക്കാൻ നിർബന്ധിച്ചുവെന്നും പിന്നീട് സർക്കിൾ ഓഫീസർ ശിവ്കുമാർ ഭരദ്വാജ് മൂത്രമൊഴിച്ചുവെന്നും പരാതിക്കാരൻ ആരോപിച്ചു.
തന്റെ പരാതി പോലീസ് അവഗണിച്ചെന്ന് ഇര ആരോപിച്ചതിനെ തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ, സ്വത്ത് സംബന്ധമായ തർക്കം മൂലമാണ് തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതെന്ന് ജാംവ രാംഗഡ് എംഎൽഎയായ ഗോപാൽ മീണ ആരോപിച്ചു. “എനിക്ക് മേൽ സമ്മർദ്ദം ചെലുത്താനുള്ള തന്ത്രമാണിത്. അനധികൃത ഭൂമി കയ്യേറ്റത്തിന് സഹായിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടിരുന്നു . ഈ കേസ് രജിസ്റ്റർ ചെയ്ത ആളെ എനിക്കറിയില്ല”– മീണ പറഞ്ഞു.