Categories
exclusive

ചാണ്ടി ഉമ്മനെയും ജെയ്ക് സി.തോമസിനെയും തൂക്കി നോക്കുമ്പോള്‍…

ജെയ്ക് സി.തോമസ് കേരള രാഷ്ട്രീയത്തില്‍ ചാണ്ടി ഉമ്മനെപ്പോലെയേ അല്ല, ചാണ്ടിയെക്കാള്‍ ബഹുദൂരം മുന്നിലുമാണ്

Spread the love

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനകീയ സ്വീകാര്യത ഊട്ടിയുറപ്പിക്കുമെന്ന് സിപിഎമ്മും ഇടതു മുന്നണിയും അമിതമായി പ്രതീക്ഷിച്ചിരുന്ന ആദ്യ ഉപതിരഞ്ഞെടുപ്പായിരുന്നു തൃക്കാക്കര. എന്നാല്‍ വലിയ ഭൂരിപക്ഷത്തിന് യുഡിഎഫ് ജയിച്ചത് വലിയ നിരാശയാണ് ഇടതുപക്ഷത്തിന്റെ അകത്തളങ്ങളില്‍ ഉണ്ടാക്കിയത്, അവരത് പുറമേ കാണിച്ചില്ലെങ്കിലും. തൃക്കാക്കര മാതൃകയിലുള്ള രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പിന് പുതുപ്പള്ളി ഒരുങ്ങുകയാണ്. തൃക്കാക്കരയില്‍ അതീവ ജനകീയനായ ഒരു എം.എല്‍.എ. അകാലത്തില്‍ മരണമടഞ്ഞപ്പോള്‍ അതിന്റെ വൈകാരികത മുഴുവന്‍ ഊറ്റിയെടുക്കാനെന്നോണം എം.എല്‍.എ.യുടെ സഹധര്‍മിണിയെത്തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി നേട്ടം കൊയ്തു.

ക്രിസ്ത്യന്‍ സഭയ്ക്ക് പ്രാധാന്യമുള്ള വോട്ടു സമൂഹം ഉണ്ടായിരുന്ന തൃക്കാക്കരയില്‍ എല്‍.ഡി.എഫ് ആ വഴിക്കുള്ള പരീക്ഷണമാണ് നടത്തി നോക്കിയത്. എന്നാല്‍ ഫലിച്ചില്ല. അതിനു കാരണം, പി.ടി.തോമസിനോട് തൃക്കാക്കരക്കാര്‍ക്കുണ്ടായിരുന്ന സ്‌നേഹവും വൈകാരിക ബന്ധവും ഉമാ തോമസിലേക്ക് പകര്‍ത്തിയെടുക്കാന്‍ സാധിച്ചു എന്നതു തന്നെയാണ്. അല്ലെങ്കില്‍ ജനകീയനായ, സഭാ പിന്തുണയോടെ സ്ഥാനാര്‍ഥിത്വം പോലും പ്രഖ്യാപിക്കപ്പെട്ട ഡോ.ജോ ജോസഫിന് മേല്‍ക്കൈ ലഭിക്കേണ്ടതായിരുന്നു. രാഷ്ട്രീയത്തില്‍ ഒന്നും ഒന്നും കൂട്ടിയാല്‍ രണ്ടല്ല എന്ന ഇ.എം.എസ്. വചനം ഇവിടെ ഇടതു മുന്നണിക്കു തന്നെ പാഠമായി മാറുന്ന കാഴ്ച കഴിഞ്ഞ വര്‍ഷം കേരളം കണ്ടു. ഉമാ തോമസ് രാഷ്ട്രീയ രംഗത്തേ ഇല്ലാത്ത ആള്‍ ആയിട്ടും തൃക്കാക്കരയിലെ പി.ടി. തോമസിന്റെ വൈകാരികത ഉമയെ സ്വീകാര്യയാക്കി.

thepoliticaleditor

പുതുപ്പള്ളിയിലും ഇതേ മാതൃകയിലാണ് യു.ഡി.എഫ്.രാഷ്ട്രീയം മുന്നോട്ടു പോകുന്നത്. ഉമ്മന്‍ചാണ്ടി എന്ന ‘പുണ്യവാള’ സദൃശനായ നേതാവിന്റെ വിയോഗത്തില്‍ വന്ന ഒഴിവില്‍ അദ്ദേഹത്തിന്റെ ഏറ്റവും രക്തബന്ധമുള്ള ആള്‍ മല്‍സരിക്കുന്നു. ഇദ്ദേഹത്തിനാകട്ടെ കേരള രാഷ്ട്രീയത്തില്‍ കാര്യമായ റോള്‍ ഒന്നും ഇതു വരെ ഉണ്ടായിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ എന്ന ലേബലിനപ്പുറം ചാണ്ടി ഉമ്മന്‍ കേരള രാഷ്ട്രീയത്തിലോ എന്തിന് കോട്ടയം രാഷ്ട്രീയത്തിലോ ഒന്നുമല്ല എന്നതാണ് വസ്തുത.(യൂത്ത് കോണ്‍ഗ്രസിന്റെ ഔട്ട് റീച്ച് ചുമതല എന്നതൊക്കെ ഒരു ഉദ്യോഗാലങ്കാരിക പദവി മാത്രം). ഉമ്മന്‍ചാണ്ടിയുടെ നേരെ ജനത്തിനുണ്ടെന്നു കണ്ട വൈകാരികമായ അടുപ്പത്തെ ചാണ്ടി ഉമ്മനിലേക്ക് പകര്‍ത്താമെന്നതാണ് പുതുപ്പള്ളിയെ തൃക്കാക്കര മോഡല്‍ മല്‍സരമാക്കി മാറ്റുന്നത്. അത് വര്‍ക്കൗട്ടായാല്‍ പുതുപ്പള്ളി ഇത്തവണ, ഇത്തവണ മാത്രം, ചാണ്ടി ഉമ്മനൊപ്പം നില്‍ക്കാം. അതായത് അവിടെ ഇത്തവണ ജയിക്കുക ചാണ്ടി ഉമ്മനല്ല, ഉമ്മന്‍ചാണ്ടി തന്നെയായിരിക്കും.

എന്നാല്‍ തൃക്കാക്കരയില്‍ നിന്നും പുതുപ്പള്ളിയെ തീര്‍ത്തും വ്യത്യസ്തമാക്കുന്നൊരു സവിശേഷത ഉണ്ട്-അത് ഇടതു മുന്നണി സ്ഥാനാര്‍ഥിയുടെ കാര്യത്തിലാണ്. ചാണ്ടി ഉമ്മനെതിരെ ഇടതു മുന്നണി നിര്‍ത്താന്‍ ഉദ്ദേശിക്കുന്നതായി പറയുന്ന ജെയ്ക് സി.തോമസ് കേരള രാഷ്ട്രീയത്തില്‍ ചാണ്ടി ഉമ്മനെപ്പോലെയേ അല്ല, ചാണ്ടിയെക്കാള്‍ ബഹുദൂരം മുന്നിലുമാണ്. കേരളം മുഴുവന്‍ നടന്ന യുവ രാഷ്ട്രീയ നേതാവാണ് ജെയ്ക്. സി.പി.എമ്മിന്റെ യുവനിരയിലെ തിളങ്ങി നില്‍ക്കുന്നയാളാണ്. സോഷ്യല്‍ മീഡിയയിലെയും പാനല്‍ ചര്‍ച്ചകളിലെയും ജനം ശ്രദ്ധിക്കുന്ന ശബ്ദവും മുഖവുമാണ്. സി.പി.എമ്മിന്റെ തന്നെ വക്താവായി പാനല്‍ ചര്‍ച്ചകളില്‍ വരുന്ന ആളാണ്. സംഘടനാ തലത്തിലുള്ള പരിചയം നോക്കിയാലും ചാണ്ടി ഉമ്മന്‍ ജെയ്കിന്റെ അടുത്തു പോലും വരില്ല. ഡി.വൈ.എഫ്.ഐ.യുടെ കേന്ദ്രകമ്മിറ്റി അംഗവും, എസ്.എഫ്.ഐ.യുടെ മുന്‍ പ്രസിഡണ്ടും, സിപിഎം കോട്ടയം ജില്ലാക്കമ്മിറ്റി അംഗവും ആണ്.

ഇത്രയും സോഷ്യല്‍, പൊളിറ്റിക്കല്‍ പ്രൊഫൈല്‍ ഉള്ള ജെയ്ക് പുതുപ്പള്ളിയെ സംബന്ധിച്ച് ചാണ്ടി ഉമ്മനെക്കാള്‍ തിളക്കവും പ്രചാരവും അനുയായികളും ഉള്ള സ്ഥാനാര്‍ഥിയാണ്. എന്നു മാത്രമല്ല, സാക്ഷാല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പതറാതെ മല്‍സരിച്ച് അദ്ദേഹത്തിന്റെ ഭൂരിപക്ഷം കാല്‍ലക്ഷത്തില്‍ നിന്നും വെറും ഒന്‍പതിനായിരമാക്കി കുറച്ചെടുത്ത് ഞെട്ടിച്ചുകളഞ്ഞ തിരഞ്ഞെടുപ്പു രാഷ്ട്രീയ താരവുമാണ്. സര്‍വ്വോപരി ചാണ്ടി ഉമ്മനെപ്പോലെ പുതുപ്പള്ളി മണ്ഡലക്കാരന്‍ തന്നെയാണ്.

സത്യത്തില്‍ ഇതൊന്നും ചാണ്ടി ഉമ്മന്റെ കാര്യത്തില്‍ പറയാനില്ല. ആകെ പറയാനുള്ള ഏക കാര്യം ഉമ്മന്‍ചാണ്ടിയുടെ മകന്‍ ആണെന്ന പ്രാധാന്യം ആണ്. മറ്റെല്ലാം വെറും നാമമാത്രമാണ്. അതു കൊണ്ടു തന്നെ തൃക്കാക്കരയെ പോലെ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് ജയിക്കാനുള്ള ഏക വഴി പിതാവിന്റെ വൈകാരികത തന്നിലേക്ക് പകര്‍ത്തിയെടുക്കുക എന്നതു മാത്രമാണ്. അത് സാധ്യമായാല്‍ നേടാം. എന്നാല്‍ ചാണ്ടി ഉമ്മന്‍ സ്വയം താനൊരു ജനപ്രതിനിധിയും ജനകീയനായ നേതാവുമാകാനുള്ള അകക്കാമ്പ് ഉള്ളയാളാണെന്ന് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു. അതിനുള്ള പരീക്ഷണം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. അവിടെ നാട്യങ്ങള്‍ തിരിച്ചറിയപ്പെടും. ശരിയായ വ്യക്തിത്വം പ്രകടിപ്പിക്കാന്‍ സാധിച്ചാല്‍ പുതുപ്പള്ളി ചാണ്ടിയുടെതായിരിക്കും.

എന്തായാലും ജെയ്ക് സി.തോമസ് വരുന്നതോടെ ചാണ്ടി ഉമ്മന്‍ വലിയ പരീക്ഷണത്തെ തന്നെയാണ് നേരിടേണ്ടി വരിക. യുവരക്തം എന്നൊക്കെ വെറുതെ ദൃശ്യ-പത്രമാധ്യമ ക്യാപ്ഷനെഴുത്തുകാര്‍ തട്ടിവിടുന്ന ടാഗ് ലൈനിന് അപ്പുറത്ത് ജെയ്ക്-ചാണ്ടി മല്‍സരം കൃത്യമായ രാഷ്ട്രീയ മല്‍സരമാണ്. ജെയ്കിന്റെ മികച്ച രാഷ്ട്രീയ പശ്ചാത്തലവും ചാണ്ടി ഉമ്മന്റെ പൈതൃക വൈകാരികതയും തമ്മിലുള്ള മല്‍സരം. അതാണ് ഇനി ചര്‍ച്ച ചെയ്യേണ്ടത്.

ഉമ്മന്‍ചാണ്ടി അല്ലായിരുന്നെങ്കില്‍ ജെയ്കിന് വോട്ടു ചെയ്യുമായിരുന്നു എന്ന് പറഞ്ഞിട്ടുള്ള ധാരാളം പേര്‍ ഉണ്ടേ്രത പുതുപ്പള്ളിയില്‍. അങ്ങിനെയെങ്കില്‍ ഉമ്മന്‍ചാണ്ടിയില്ലാത്ത മല്‍സരത്തില്‍, ഉമ്മന്‍ചാണ്ടിയുടെ വൈകാരികത പരിഗണിക്കാതെ ജനം വോട്ടു ചെയ്യാന്‍ തുനിയുകയാണെങ്കില്‍ അത് ചാണ്ടി ഉമ്മന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്താന്‍ പോകുന്നത്. പ്രത്യേകിച്ച് ചാണ്ടിയെ പോലെ ജെയ്ക് തോമസും പുതുപ്പള്ളിക്കു തൊട്ടടുത്ത മണര്‍കാടുകാരന്‍ തന്നെയാണെന്ന സ്വദേശി പരിഗണനയും ചേര്‍ത്താല്‍ ചിത്രം പൂര്‍ണമാകും.

ഒരുകാര്യം കൂടി പറയാതെ വയ്യ- ഉമ്മന്‍ചാണ്ടിയുടെ വൈകാരികതയുടെ ആനുകൂല്യം ചാണ്ടി ഉമ്മന് കിട്ടുക പരമാവധി ഈ തിരഞ്ഞെടുപ്പില്‍ മാത്രമായിരിക്കും. അടുത്ത ഒരവസരം വരികയാണെങ്കില്‍ ചാണ്ടി ഉമ്മന്‍ ചാണ്ടി ഉമ്മനായി മാത്രം മല്‍സരിക്കേണ്ടി വരും. ഒരു നിഴലും കൂടെയുണ്ടാകില്ല, ചാണ്ടി ഉമ്മനെ അദ്ദേഹമായി വിലയിരുത്തുന്ന അവസ്ഥയാകും വരിക. അതും നമ്മള്‍ കാണുക തന്നെ ചെയ്യുമായിരിക്കാം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick