രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിച്ചു. ലോക് സഭ സെക്രട്ടറി ഉത്പൽ കുമാർ സിംഗ് രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കികൊണ്ട് വിജ്ഞാപനം പുറത്തിറക്കി. 134 ദിവസത്തിന് ശേഷമാണ് രാഹുൽ ഗാന്ധി എംപി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. ക്രിമിനൽ മാനനഷ്ടക്കേസിൽ കഴിഞ്ഞയാഴ്ച അദ്ദേഹത്തിന്റെ ശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. ലോക്‌സഭയിൽ നാളെ ആരംഭിക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ പങ്കെടുക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അവസാന ആഴ്‌ച ഇന്ന് ആരംഭിക്കാനിരിക്കെ, എല്ലാ കണ്ണുകളും രാജ്യസഭയിലായിരിക്കും.
മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം കോൺഗ്രസിന് വളരെ പ്രധാനപ്പെട്ടതാണ്.
2019 ലെ ക്രിമിനൽ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയുടെ ‘മോദി കുടുംബപ്പേര്’ പരാമർശത്തിന്റെ പേരിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയായി സേവനമനുഷ്ഠിച്ച രാഹുൽ ഗാന്ധി, ശിക്ഷിക്കപ്പെട്ടതിന് ശേഷം ഈ വർഷം മാർച്ചിലാണ് അയോഗ്യനാക്കപ്പെട്ടത്.