സിപിഎം നേതൃത്വും മലയാള മനോരമ ദിനപത്രവും നേരിട്ട് പരസ്യമായി പേരു പറഞ്ഞുള്ള ആക്ഷേപം രൂക്ഷമായി. വീണ വിജയന്‍ വിവാദ വ്യവസായിയില്‍ നിന്നും മാസപ്പടി രൂപത്തില്‍ ഒന്നേമുക്കാല്‍ കോടി രൂപ കൈപ്പറ്റി എന്ന വാര്‍ത്ത മനോരമ രണ്ടു നാള്‍ മുമ്പ് ബ്രേക്ക് ചെയ്തതാണ് നേരിട്ടുള്ള ഏറ്റുമുട്ടലിലും ഗ്വാഗ്വാ വിളിയിലും എത്തിയിരിക്കുന്നത്. ഇന്നത്തെ മനോരമയുടെ മുഖപ്രസംഗം പരസ്യമായി സിപിഎമ്മിനെതിരായ പോരാട്ടമായി കണക്കാക്കാം. അതേസമയം കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ചു മരിക്കുമെന്ന് മലയാള മനോരമ പ്രഖ്യാപിച്ചെന്ന ഏറെ പഴയ ആക്ഷേപം ഒന്നു കൂടി ശക്തിയായി ഉന്നയിച്ചുള്ള സി.പി.എമ്മിന്റെ സംസ്ഥാന നേതൃസമിതിയുടെ പ്രസ്താവന മനോരമയ്‌ക്കെതിരായ യുദ്ധപ്രഖ്യാപനം തന്നെയായി വിലയിരുത്തപ്പെടുന്നു. പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് വരുന്നതിനാലാണ് മനോരമ സിപിഎമ്മനെതിരെ കള്ളക്കഥ മെനെയുന്നതെന്ന് വ്യക്തമായി പാര്‍ടിയുടെ നേതൃസമിതി പറഞ്ഞിരിക്കുന്നു.

വീണ വിജയന്‍ മാസപ്പടി കൈപ്പറ്റി എന്ന ആരോപണത്തിലാണ് സിപിഎം ദുഷ്ടലാക്ക് കാണുന്നത്. വാര്‍ഷിക സേവനച്ചാര്‍ജ്ജായി നല്‍കിയ തുക എങ്ങിനെ മാസപ്പടിയാകും എന്നാണ് പാര്‍ടി ചോദിക്കുന്നത്. സേവനം നല്‍കിയിട്ടില്ലെന്ന് കമ്പനി തന്നെ പറയുമ്പോള്‍ കരാറിന്റെ പേരിലായാലും മാസാമാസം കൈപ്പറ്റുന്ന തുകയെ പിന്നെ എന്ത് വിളിക്കണം എന്നാണ് ഇന്ന് മനോരമയുടെ ഡല്‍ഹി ലേഖകന്‍(അദ്ദേഹമാണ് ഈ സ്‌കൂപ്പിന്റെ ഉടമ) എഴുതിയതും സി.ിപി.എമ്മിനുള്ളതുമായ വിശദമായ മറുപടിയില്‍ ചോദിക്കുന്നത്. സേവനം ഒന്നും ലഭിച്ചില്ല എന്നത് ആരോപണമല്ലെന്നും അത് കമ്പനിയുടെ ഭാഗത്തു നിന്നും ഔദ്യോഗികമായി നല്‍കപ്പെട്ട മൊഴിയെത്തുടര്‍ന്ന് ആദായ നികുതി തര്‍ക്കപരിഹാര ബോര്‍ഡിന്റെ കണ്ടെത്തലാണെന്നും മനോരമ ലേഖകന്‍ പറയുന്നു.

“പണം പറ്റിയത് മാധ്യമസൃഷ്ടിയല്ല” എന്ന മനോരമ മുഖപ്രസംഗത്തിന്റെ തലക്കെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിനുള്ള മറുപടിയാണ്. കള്ളക്കഥ കാലത്തിന്റെ ചവറ്റുകൊട്ടയില്‍ സ്ഥാനം പിടിക്കും എന്ന സി.പി.എം. പ്രസ്താവനയിലെ ഭാഗത്തിനെതിരെ, ‘ ആദായ നികുതി ഇടക്കാല സെറ്റില്‍മെന്റ് ബോര്‍ഡിന്റെ തീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് മാധ്യമസൃഷ്ടിയാക്കുന്ന പാര്‍ടി ചിന്തയല്ലേ യഥാര്‍ഥത്തില്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ സ്ഥാനം പിടിക്കുക’ എന്ന് മുഖപ്രസംഗം ചോദിക്കുന്നു. പുറത്തു വന്ന റിപ്പോര്‍ട്ടിനെ വസ്തുതകള്‍ കൊണ്ടാണ് ചോദ്യം ചെയ്യേണ്ടത്, തമസ്‌കരണം കൊണ്ടോ ഭീഷണി കൊണ്ടോ അല്ല എന്നു പറഞ്ഞാണ് മനോരമ അവസാനിപ്പിക്കുന്നത്. ലേഖകനെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയാ അവഹേളനത്തിനെതിരെയും മുഖപ്രസംഗം പ്രതികരിച്ചിട്ടുണ്ട്.
സി.പി.എം.-മനോരമ യുദ്ധം ശക്തമായതോടെ പ്രധാനപ്പെട്ട ഒരേയൊരു ചോദ്യത്തിനാണ് ഉത്തരം തേടുന്നത്. വീണ വിജയന്റെ കമ്പനി സേവനമൊന്നും നല്‍കാതെയാണോ പണം വാങ്ങിയത്. ഇത് വ്യക്തമാക്കേണ്ടത് ആധികാരികമായി രണ്ടു പേരാണ്-വീണ വിജയനും പിന്നെ സേവനം സ്വീകരിക്കാന്‍ പണം നല്‍കിയ ധാതുവ്യവസായ സംരംഭക കമ്പനിയും. ഇതില്‍ കമ്പനി നല്‍കിയ മൊഴിയിലെ സേവനം ലഭിച്ചില്ല, പക്ഷേ പണം കൃത്യമായി നല്‍കി എന്ന ഭാഗമാണ് ഇത്രയും വിവാദമായ വാര്‍ത്തയ്ക്ക് അടിസ്ഥാനമായ ഏക കാര്യം. ആ ഭാഗം ഇല്ലായിരുന്നെങ്കില്‍ ഈ വാര്‍ത്തയ്ക്ക് യാതൊരു പ്രസക്തിയുമില്ല. സോഫ്റ്റ് വെയര്‍ കമ്പനി പണം വാങ്ങി സേവനം നല്‍കുന്നതില്‍ എന്ത് വാര്‍ത്ത.
വീണ വിജയന്‍ വ്യക്തിപരമായും കമ്പനിയുടെ അക്കൗണ്ടിലേക്കും മാസാമാസമായി കരാര്‍ പ്രകാരം തന്നെയുള്ള സേവനത്തുക വാങ്ങിയത് സേവനം നല്‍കാതെയാണെന്ന മൊഴിയിലൂടെ ഇടപാട് നിയമവിരുദ്ധമാണെന്ന വിലയിരുത്തലാണ് ആദായനികുതി ഇടക്കാല സെറ്റില്‍മെന്റ് ബോര്‍ഡ് നടത്തിയത്. ഇതാണ് വാര്‍ത്തയുടെ മര്‍മ്മവും. സ്വാധീനമുള്ള വ്യക്തിയുടെ ഭാഗമായതിനാലാണ് പണം ഇങ്ങനെ നല്‍കിയത് എന്ന ആരോപണത്തിലാണ് മുഖ്യമന്ത്രിയിലേക്കും മനോരമ വാര്‍ത്തയില്‍ സൂചിമുനകള്‍ നീട്ടുന്നത്.
രണ്ടേ രണ്ടു കാര്യങ്ങളേ ഇക്കാര്യത്തില്‍ ഉള്ളൂ-1. ടി.വീണ താന്‍ സേവനം നല്‍കിയതിനാണോ കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡില്‍ നിന്നും സേവനപ്പണം വാങ്ങിയത്. 2.-തനിക്ക് സേവനമൊന്നും ലഭിക്കാതെ തന്നെ എന്തിനാണ് കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് കമ്പനി മൂന്ന് വര്‍ഷമായി സേവനപ്പണമായി 1.72 കോടി രൂപ കൊടുത്തത്. ഈ രണ്ടു കാര്യവും വ്യക്തമാക്കാതെ ഈ വിവാദം പുതുപ്പള്ളി തിരഞ്ഞെടുപ്പല്ല, അതിനപ്പുറം കടന്നാലും തീരില്ലെന്നതാണ് വസ്തുത.
ടി.വീണ എന്ന സ്വകാര്യ സംരംഭകയുടെ സ്വകാര്യമായ പ്രവര്‍ത്തനമെല്ലാം അവരുടെ സ്വാതന്ത്ര്യമാണെന്നും അതിന് മുഖ്യമന്ത്രിയുമായി ബന്ധമൊന്നുമില്ലെന്നും സി.പി.എം. പറയുന്നത് പ്രധാനമാണ്. എന്നാല്‍ കരാര്‍ സേവനം നല്‍കിയോ എന്ന് വെളിപ്പെടുത്താനുള്ള സംരംഭകയുടെ ഉത്തരവാദിത്വവും സുപ്രധാനമാകുകയാണ്, പ്രത്യേകിച്ച് ഇപ്പോള്‍ അത് സിപിഎമ്മിനെ ചൂഴ്ന്നു നില്‍ക്കുന്ന ഒരു വിവാദമായി മാറിക്കഴിയുമ്പോള്‍.