മെട്രോ നഗരത്തിലേക്ക് തൊഴില്‍ തേടി എത്തിപ്പെട്ട് ജീവിക്കുന്ന ജനലക്ഷങ്ങളായ മലയാളികളുടെയും അല്ലാത്തവരുടെയും ജീവിതച്ചെലവുകള്‍ അനുദിനം താങ്ങാനാവാത്ത രീതിയില്‍ കുതിക്കുന്ന സാഹചര്യത്തില്‍ ഒരു വ്യത്യസ്ത സമരവും കാമ്പയിനുമായി സി.പി.എം.
പാര്‍ടിയുടെ ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോക്കല്‍ക്കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബംഗലുരുവിലെ ഒരു മാനദണ്ഡവുമില്ലാതെ വര്‍ധിപ്പിക്കുന്ന പാര്‍പ്പിട വാടകയ്‌ക്കെതിരെയും സമാന ജീവിതച്ചെലവുകള്‍ക്കെതിരെയും കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
ജീവിതച്ചെലവുകള്‍ അസഹ്യമാക്കുന്നതില്‍ പ്രധാനപങ്ക് കണ്ടമാനം കൂട്ടിക്കൂട്ടി വരുന്ന പാര്‍പ്പിടങ്ങളുടെ വാടകയാണ്.
തൊഴില്‍ തേടി ദശലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെ കുടിയേറിക്കഴിയുന്ന ബംഗലുരുവില്‍ എല്ലാവര്‍ക്കും എവിടെയെങ്കിലും താമസിച്ചേ ജോലി സാധ്യമാകൂ. ഈ സാഹചര്യവും നിസ്സഹായതയും മുതലെടുത്ത് സ്വകാര്യ അപ്പാര്‍ട്ട്‌മെന്റ് ഉടമകളും വീട്ടുടമകളും പേയിങ് ഗസ്റ്റുകളെ താമസിപ്പിക്കുന്ന വീട്ടുകാരുമെല്ലാം വായില്‍ത്തോന്നിയ രീതിയിലാണ് വാടക ഈടാക്കി മറുനാടന്‍ ജീവനക്കാരെ പിഴിയുന്നത് എന്ന് സി.പി.എം. ഐ.ടി.ലോക്കല്‍ക്കമ്മിറ്റി പ്രവര്‍ത്തകര്‍ പറയുന്നു.
പതിനയ്യായിരം-ഇരുപതിനായിരം തോതില്‍ മാസവേതനം ലഭിക്കുന്നവരാണ് ബംഗലുരുവിലെ ലക്ഷക്കണക്കിന് ജീവനക്കാര്‍. അവര്‍ക്ക് മാസം 15,000 രൂപ വരെ പാര്‍പ്പിടവാടകയായി നല്‍കേണ്ടിവരുന്നു. ഇതോടെ വരുമാനത്തിലെ ഭൂരിഭാഗവും നഷ്ടപ്പെടുകയും ദൈനംദിന ജീവിതത്തിന് പണം ഇല്ലാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യുകയാണ്.
കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള്‍, ആരോഗ്യപാലനത്തിനുള്ള ആശുപത്രിച്ചെലവുകള്‍, നിത്യോപയോഗ സാധനങ്ങള്‍ക്ക് നേരിടുന്ന കുത്തനെയുള്ള വില കൂട്ടല്‍ ഇവയെല്ലാം ചേര്‍ന്ന് പ്രവാസികളുടെ നഗരജീവിത നരകതുല്യമായി വരികയാണെന്ന് സി.പി.എം. പറയുന്നു.
ഇതിനെതിരെ ശക്തമായ ജനകീയ മുന്നേറ്റം അനിവാര്യമാണെന്ന് ഇവര്‍ കരുതുന്നു. ജനകീയ കാമ്പയിനുകളിലൂടെ സര്‍ക്കാരിന്റെ മുന്നില്‍ ഈ പ്രശ്‌നങ്ങള്‍ എത്തിക്കാനും വീട്ടുവാടക റെഗുലേഷന്‍ നടപ്പാക്കിക്കാനുമാണ് പാര്‍ടി ലക്ഷ്യമിടുന്നത്.
ഇതിനു തുടക്കം കുറിച്ചുകൊണ്ട്, ആഗസ്റ്റ് 20-ന് ബംഗലുരുവില്‍ വിപുലമായ ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കാന്‍ സി.പി.എം. ഐ.ടി. ഫ്രണ്ട് ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പ്രവാസികളായ മലയാളികള്‍ ഉള്‍പ്പെടെ നഗരത്തിലും പരിസര തൊഴില്‍ മേഖലകളിലും വന്നു താമസിക്കുന്ന എല്ലാ മനുഷ്യരുടെയും പങ്കാളിത്തവും കൂട്ടായ്മയുമാണ് സംഘാടകര്‍ അഭ്യര്‍ഥിക്കുന്നത്. ആഗസ്റ്റ് 20-ന് ഉച്ച തിരിഞ്ഞ് 2.30-ന് ബംഗലുരു ശിക്ഷക് സദനിലാണ് കണ്‍വെന്‍ഷന്‍ ചേരുന്നത്.
ജീവിതച്ചെലവ് വര്‍ധനയ്‌ക്കെതിരായ അതിജീവനസമരമാണ് തങ്ങള്‍ തുടങ്ങുന്നതെന്ന് അവര്‍ പറയുന്നു. പാര്‍പ്പിട വാടകയുടെ കാര്യത്തില്‍ സര്‍ക്കാരിനെ കൊണ്ട് ഒരു മാനദണ്ഡം പ്രാബല്യത്തില്‍ വരുത്തിക്കാനുള്ള ശ്രമമാണ് സംഘാടകരുടെ ആദ്യ ലക്ഷ്യം. ഇതിനായി എല്ലാവരുടെയും സഹകരണം അവര്‍ തേടുകയാണ്. സംഘാടകരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍- 9742045570, 7025984492, 9986097714