Categories
latest news

രാഹുലിനെ ബിജെപിയുടെ പ്രധാന പ്രതിപക്ഷ ശബ്ദമാക്കി കേന്ദ്രസര്‍ക്കാരിന്റെ ‘മണ്ടത്തരം’

അമിതമായ രാഹുല്‍ഗാന്ധി വിരോധം നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും നല്‍കുന്നത് വലിയ തിരിച്ചടിയായിരിക്കുമോ…രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കാന്‍ സ്വീകരിച്ച നടപടികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബിജെപിയെ തിരിഞ്ഞുകുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. രാഹുലിനെ ‘അനാവശ്യമായി വളര്‍ത്തിയെടുത്തിരിക്കയാണ്’ അദ്ദേഹത്തിനെതിരായ നടപടികളിലൂടെ കേന്ദ്രസര്‍ക്കാര്‍.

രാഹുലിന്റെ പാര്‍ലമെന്ററി ഭാവി എന്തായാലും ശരി അദ്ദേഹതത്തെ ഇന്ത്യയിലെ പ്രധാന ബിജെപി വിരുദ്ധ ശബ്ദമായി മാറ്റിയത് കഴിഞ്ഞ ദിവസങ്ങളിലെ നടപടികളാണ്. ഭാരത് ജോഡോ യാത്രയുടെ വിജയകരമായ സമാപനത്തോടെ പുതിയൊരു പ്രതിച്ഛായയില്‍ പ്രതിഷ്ഠിക്കപ്പെട്ട രാഹുല്‍ ഗാന്ധി ഇപ്പോള്‍ മോദി ഭരണത്തെ ചോദ്യം ചെയ്യുന്ന പ്രധാന പ്രതിപക്ഷ ശബ്ദമായി മാറിയിരിക്കയാണ്. ബി.ജെ.പി.യും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് രാഹുലിന് അത് താലത്തിലെടുത്ത് സമ്മാനിക്കുകയായിരുന്നു എന്നതാണ് സത്യം.

thepoliticaleditor

ഒരു പാട് അപാകതകള്‍ ഇതിനകം ചൂണ്ടിക്കാണിക്കപ്പെട്ടു കഴിഞ്ഞതാണ് രാഹുലിനെതിരായ സൂറത്ത് കോടതിയുടെ വിധി. മേല്‍ക്കോടതിയില്‍ നിന്നും ഈ വിധിക്ക് സ്‌റ്റേ ലഭിക്കാന്‍ സാധ്യത ഏകദേശം നൂറു ശതമാനമാണെന്ന് പല കേന്ദ്രങ്ങളും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ഇതുവരെ ഒരു ക്രിമിനല്‍, മാനഹാനിവരുത്തല്‍ കേസിലും ഉള്‍പ്പെടാത്ത ഒരു ക്ലീന്‍ നേതാവിനെതിരെ അസാധാരണമാം വിധം പരമാവധി ശിക്ഷ വിധിച്ചതിലെ സംശയങ്ങള്‍ നിലനില്‍ക്കുന്നു. ഈ വിധി മേല്‍ക്കോടതി മരവിപ്പിക്കുകയാണെങ്കില്‍ ബി.ജെ.പി.യും കേന്ദ്രസര്‍ക്കാരും വലിയ രീതിയില്‍ പരിഹാസ്യരാവും-അവര്‍ വിചാരിച്ചത് നടന്നുമില്ല, എന്നാല്‍ സൗജന്യമായി രാഹുല്‍ ഗാന്ധിക്ക് വീര പരിവേഷം ലഭിക്കുകയും ചെയ്തു എന്ന് വരും.

മറ്റൊരു പ്രധാന കാര്യം പ്രതിപക്ഷത്തെ ചങ്കിടിപ്പുകളാണ്. കോണ്‍ഗ്രസിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പോരടിക്കുന്ന ഇന്ത്യയിലെ അവസരവാദികളായ പ്രതിപക്ഷ നേതാക്കള്‍ എല്ലാവരും രാഹുലിനു വേണ്ടി ശബ്ദമുയര്‍ത്താന്‍ നിര്‍ബന്ധിതരായി എന്നത് വലിയൊരു സംഭവമാണ്. ഈ പ്രതിപക്ഷ നേതാക്കളെല്ലാം അവകാശപ്പെടുന്നത് തങ്ങളാണ് സംഘപരിവാര്‍ വാഴ്ചയ്‌ക്കെതിരായ പടനീക്കം നടത്തുന്നവര്‍ എന്നാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി ഒറ്റ ദിവസം കൊണ്ട് അവരെയെല്ലാം നിഷ്പ്രഭനാക്കി മുന്നിലെത്തിയിരിക്കുന്നു.

മോദിക്കെതിരായ എതിര്‍പ്പുയര്‍ത്തുന്ന ഇന്ത്യയുടെ മുഖം രാഹുല്‍ ആയി മാറുകയാണ്. ഈ സന്ദര്‍ഭം കോണ്‍ഗ്രസിന് ഫലപ്രദമായി വിനിയോഗിക്കാനാവുമോ എന്ന് കണ്ടറിയണം. ഉപയോഗിച്ചാല്‍ വരുന്ന നാളുകളില്‍ കോണ്‍ഗ്രസിന്റെ പുതിയ ഉണര്‍വ്വിലേക്ക് അത് നയിച്ചേക്കാം.

ഇതിലും പ്രധാനമായ കാര്യം ഗൗതം അദാനിയെപ്പോലുള്ളവരുമായുള്ള നരേന്ദ്രമോദിയുടെ ‘അവിശുദ്ധ ബന്ധം’ തുറന്നു കാണിക്കാന്‍ കെല്‍പുള്ള അഴിമതിക്കെതിരെ യുദ്ധം നടത്തുകയും കേന്ദ്രസര്‍ക്കാരിനെതിരെ പോരാടുകയും ചെയ്യുന്ന നേതാവ് എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ രാഹുലിന് സാധിച്ചിരിക്കുന്നു എന്നതാണ്. ഇത് ഇന്നത്തെ നിലയില്‍ ചെറിയ കാര്യമല്ല.

സ്വയം അവകാശവാദവുമായി നടക്കുന്ന എല്ലാ പ്രതിപക്ഷ നേതാക്കളെയും ബഹുദൂരം പിന്നിലാക്കിയിരിക്കയാണ് രാഹുല്‍. മറ്റുള്ളവരെല്ലാം സ്വന്തം സ്ഥാനങ്ങളും താല്‍പര്യങ്ങളും കൈവിടാന്‍ മടിയുള്ളവരായി തന്ത്രപൂര്‍വ്വം കളിക്കുമ്പോള്‍ രാഹുല്‍ കൈവിട്ട കളി കളിക്കുകയും താന്‍ ഇക്കാര്യത്തില്‍ ഒരു വിധ ഒത്തുതീര്‍പ്പിനും ഇല്ലാത്ത ആളാണെന്ന പ്രതിച്ഛായ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

അയോഗ്യനാക്കിയെന്ന വിജ്ഞാപനം വന്നതിനു പിറകെ, താന്‍ ഇന്ത്യയുടെ ശബ്ദത്തിനായി പോരാടുകയാണെന്നും അതിനായി എന്ത് വില കൊടുക്കാനും തയ്യാറാണെന്നും രാഹുല്‍ ഗാന്ധി ഇന്നലെ പ്രഖ്യാപിച്ചത് മേല്‍പറഞ്ഞ പ്രതിച്ഛായാസൃഷ്ട്ടി ഇന്ത്യന്‍ മനസ്സില്‍ ഉറപ്പിക്കുന്നതിന്റെ ഭാഗമാണ്.

Spread the love
English Summary: RAHUL IMPACT AND IFFECT WILL DAMAGE MODI IMAGE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick