Categories
kerala

ഇന്നസെന്റ് ഇവര്‍ക്കെല്ലാം ആരായിരുന്നു…ഇതൊരു അപൂര്‍വ്വ അനുഭവം

ഇന്നസെന്റിനെക്കുറിച്ച്മോ ഹന്‍ലാല്‍, മമ്മൂട്ടി, സലിംകുമാര്‍, ദിലീപ്, പിണറായി വിജയന്‍, വിഡി സതീശന്‍ എന്നിവരുടെ കുറിപ്പുകള്‍

Spread the love

അന്തരിച്ച നടന്‍ ഇന്നസെന്റിനെക്കുറിച്ച് മലയാള സിനിമയിലും രാഷ്ട്രീയത്തിലുമുള്ള തലപ്പൊക്കമുള്ളവര്‍ ഓര്‍ക്കുന്നത് എന്തുമാത്രം വൈകാരികമായാണ് എന്നത് മനസ്സിലാക്കുമ്പോഴാണ് ഈ മഹാപ്രതിഭ എല്ലാവരിലും ആഴത്തില്‍ പതിപ്പിച്ച ബന്ധങ്ങളുടെ, ചിരസ്മരണയുടെ ആഴം നമുക്ക് തിരിച്ചറിയാനാവുന്നത്. അവര്‍ ഓരോരുത്തരും പറയുന്നത് കേള്‍ക്കൂ…ഇന്നസെന്റ് ആരാണെന്നറിയാന്‍ വേറെ സാക്ഷ്യപത്രം വേണ്ട.

മോഹൻലാലിന്റെ ഫേസ്ബുക് കുറിപ്പ് :

thepoliticaleditor

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് … ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്.

ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും…

മമ്മൂട്ടിയുടെ പി ആർ ഒയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്‌ടറുമായ റോബർട്ട് കുര്യാക്കോസിന്റെ ഫേസ്ബുക് പോസ്റ്റ് :

“റോബർട്ടെ, ഈ കൊച്ചന്റെ കാര്യം ഒന്ന് നോക്കണേ.. ഞാൻ മമ്മൂട്ടിയെ വിളിച്ചു പറഞ്ഞിട്ടുണ്ട് ” ഫോണിൽ പലവട്ടം ഞാൻ കേട്ട ഈ വാക്കുകൾ ഇനി കേൾക്കില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിലൊരു വല്ലാത്ത വിങ്ങൽ!

“ഇന്നസന്റ് ചേട്ടൻ വിളിച്ചു പറഞ്ഞിട്ടുണ്ടേൽ എന്നോട് ചോദിക്കാൻ നിൽക്കണ്ട, പറ്റും പോലെ ചെയ്തേക്കണം.അങ്ങേര് അങ്ങനെഉള്ളവർക്ക് വേണ്ടിയേ പറയൂ.. ആളെ കുറിച്ച് അന്വേഷിക്കാനുള്ള സംവിധാനമൊക്കെ അങ്ങേർക്കുണ്ട് ” മമ്മുക്കയുടെ ഈ ഒരു നിർദ്ദേശം കൂടി ഉള്ളതിനാൽ പിന്നെ എല്ലാം പെട്ടന്ന് തന്നെ ഞങ്ങൾ ചെയ്യുമായിരുന്നു

കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനെ ഏറ്റവും സ്നേഹിച്ച സിനിമക്കാരനും പൊതുപ്രവർത്തകനും ഇന്നസന്റ് ചേട്ടനായിരുന്നു. കഴിഞ്ഞ 14 വർഷങ്ങളിൽ അദ്ദേഹത്തിന്റെ ശുപാർശയിൽ ഒരു ഇരുപത് പേരെയെങ്കിലും ജീവിതവഴിയിലേക്ക് കൊണ്ട് വരാൻ ഞങ്ങൾക്കും നിമിത്തമായിട്ടുണ്ട്.

സലിംകുമാറിന്റെ ഫേസ്ബുക് പോസ്റ്റ് :

ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നു.
എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളിൽ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികൾ ഓർമ്മകളുടെ നനുത്ത കാറ്റിൽ ജീവിതാവസാനം വരെ നമ്മളിൽ പെയ്തുകൊണ്ടേയിരിക്കും.


ഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല,
മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല,
അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ.
എന്നാലും മാസത്തിൽ രണ്ടു തവണയെങ്കിലും എന്റെ ഫോണിൽ തെളിഞ്ഞു വരാറുള്ള Innocent എന്ന പേര് ഇനി മുതൽ വരില്ല എന്നോർക്കുമ്പോൾ………

ദിലീപിന്റെ ഫേസ്ബുക് കുറിപ്പ് :

വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു… ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്… ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്…. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു…

കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു… ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ… വാക്കുകൾ മുറിയുന്നു… ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും……

പിണറായി വിജയന്റെ ഫേസ്ബുക് കുറിപ്പ് :

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരനും സാമൂഹ്യചുറ്റുപാടുകളെയും ജനജീവിതത്തെയും സ്പർശിച്ച് നിലപാടുകൾ എടുത്ത പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റ്.ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിർമാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി.എക്കാലവും ഇടതുപക്ഷ മനസ് സൂക്ഷിച്ച ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന പ്രകാരം ലോക്സഭ സ്ഥാനാർഥി ആയതും വിജയിച്ചശേഷം പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓർക്കും.

നിശ്ചയദാർഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്. രോഗം എന്ന് കേൾക്കുന്ന മാത്രയിൽതന്നെ തളർന്നുപോകുന്ന പലർക്കും ഇടയിൽ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങൾ നിലനിൽക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി.ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അദ്ധ്യായമാണെന്ന് ഇന്നസെന്റ് പറയുമായിരുന്നു.ചലച്ചിത്രത്തിൽ എന്നതുപോലെ ജീവിതത്തിലും നർമ്മമധുരമായ വാക്കുകൾ കൊണ്ടും പെരുമാറ്റം കൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്റ്. പല പതിറ്റാണ്ടുകൾ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാവിധം നയിച്ചു.നമ്മുടെ കലാസാംസ്കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത്. അത് മലയാളികളുടെ ആകെ നഷ്ടമാണ്. സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.

വി ഡി സതീശന്റെ ഫേസ്ബുക് കുറിപ്പ് :

പതിറ്റാണ്ടുകൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെൻ്റ് ഇന്ന് വേദനിപ്പിക്കുന്ന ഓർമ്മയായിരിക്കുന്നു. വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹ്യൂമർ സെൻസിന്റെ മധുരം നിറച്ച ഒരാൾ. അഭിനയത്തിലും എഴുത്തിലും അത്രമേൽ ആത്മാർഥത കാട്ടിയ ഒരാൾ. നിഷ്ക്കളങ്കമായ ഒരു ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കിയ ഒരാൾ. അതിലേറെ ശരീരത്തെ കാർന്നു കൊണ്ടിരിക്കുന്ന രോഗത്തെ ധീരതയോടെ നേരിടുകയും സമൂഹത്തിന് ഒന്നാകെ ധൈര്യം പകർന്ന് നൽകുകയും ചെയ്തൊരാൾ. ഇന്നസെൻ്റിന് പകരം വയ്ക്കാൻ മറ്റൊരാളില്ല.

സിനിമയിൽ സൃഷ്ടിച്ച കഥാപാത്രങ്ങളെ പോലെ ജീവിതത്തിലും പല വേഷങ്ങൾ. ഇരിഞ്ഞാലക്കുട നഗരസഭ മുതൽ ഇന്ത്യൻ പാർലമെൻ്റ് വരെ നീണ്ട രാഷ്ട്രീയ ജീവിതം. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് 18 വർഷം. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ ഹാസ്യതാരങ്ങളില്‍ ഒരാളാണ്.
എന്റെ കൗമാരത്തിലും യൗവനത്തിലും ഇന്നസെൻ്റ് സ്ക്രീനിൽ നിറഞ്ഞാടുകയായിരുന്നു. 80കളിലും 90 കളിലും വർഷത്തിൽ നാൽപ്പതും നാൽപത്തഞ്ചും സിനിമകൾ വരെ ചെയ്തു. പ്രത്യേക ശരീരഭാഷയും സംഭാഷണ ശൈലിയും അനുപമമായ അഭിനയസിദ്ധിയും കൊണ്ട് ഇന്നസെൻ്റെന്ന ഇരിങ്ങാലക്കുടക്കാരൻ അരനൂറ്റാണ്ട് മലയാള സിനിമക്കൊപ്പം നടന്നു. അദ്ദേഹത്തിൻ്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്.
കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

Spread the love
English Summary: INNOCENT IN MEMMORIES- PROMINENT PEOPLE REMEMBERS HIS DEEP FRIENDHIPS TOWARDS THEM.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick