Categories
kerala

ഇന്നസെന്റ് വിടവാങ്ങി

അനന്യമായ ഹാസ്യശൈലിയാല്‍ കാഴ്ചക്കാരെ കുടുകുടാ ചിരിപ്പിച്ച അനുഗൃഹീത നടനും മുന്‍ ചാലക്കുടി ലോക്‌സഭാംഗവുമായ ഇന്നസെന്റ് വിടവാങ്ങി. പതിറ്റാണ്ടുകള്‍ വെളളിത്തിരയില്‍ ചിരിയുടെ തിരയിളക്കം സൃഷ്ടിച്ച ആ അഭിനയപ്രതിഭ ഇനി ഓര്‍മയുടെ നിതാന്തത്തിളക്കമാകുന്നു.

75 വയസ്സായ ഇദ്ദേഹം കാന്‍സര്‍ ബാധയുടെ അതിജീവനത്തിനിടയില്‍ നേരിട്ട ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ ഏതാനും ദിവസങ്ങളായി കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാത്രി 10.30ഓടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും. മന്ത്രി പി.രാജീവാണ് ഇന്നസെന്റിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ദ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയാക്കിയ ശേഷമായിരുന്നു മന്ത്രി മരണവാർത്ത അറിയിച്ചത്.

thepoliticaleditor

കാൻസറിനെ ധൈര്യത്തോടെ നേരിട്ട വ്യക്തിയായിരുന്നു ഇന്നസെന്റ്. 2013ലാണ് ഇന്നസെന്റിന് തൊണ്ടയിൽ ക്യാൻസർ സ്ഥിരീകരിച്ചത്. ഏറെനാളത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ചിരുന്നു.

മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ഇന്നസെന്റ് ദീർഘകാലം സേവനമനുഷ്ഠിച്ചു. ആർ‌എസ്പിയുടെ തൃശൂർ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1979 ൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2014ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ചാലക്കുടി ലോക്‌സഭാ നിയോജക മണ്ഡലത്തിൽ നിന്ന് ജയിച്ച്‌ എം പിയായി. പിന്നീട് 2019ൽ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ഹാസ്യനടനും സ്വഭാവ നടനുമായി തിളങ്ങിയ ഇന്നസന്റ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി എഴുനൂറ്റൻ‌പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. താൻ കീഴടക്കിയ രോഗത്തെക്കുറിച്ച് ‘കാൻസർ വാർഡിലെ ചിരി’ എന്ന പേരിൽ പുസ്തകം രചിച്ചിട്ടുണ്ട്. 1989ൽ മഴവിൽക്കാവടി എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ ഒട്ടേറെ സ്വകാര്യ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി വന്നു.

ഇരിങ്ങാലക്കുടയിൽ 1948 ഫെബ്രുവരി 28നാണ് ഇന്നസന്റ് ജനിച്ചത്. തെക്കേത്തല വറീത് – മാർഗലീത്ത ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമൻ. ലിറ്റിൽഫ്ലവർ കോണ്‍വെന്റ് ഹൈസ്കൂൾ, നാഷനൽ ഹൈസ്കൂൾ, ഡോണ്‍ ബോസ്കോ എസ്എൻഎച്ച് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ച ശേഷം കുറച്ചുകാലം കച്ചവടക്കാരനായി. തീപ്പെട്ടിക്കമ്പനി ഉടമ, തുകൽക്കച്ചവടക്കാരൻ, വോളിബോൾ കോച്ച്, സൈക്കിളിൽ സഞ്ചരിച്ചു ചീപ്പും സോപ്പും കണ്ണാടിയും വിൽക്കുന്ന കച്ചവടക്കാരൻ എന്നിങ്ങനെ പല ജോലികൾ ചെയ്തു. ഇക്കാലത്ത് നാടകങ്ങളിൽ അഭിനയിച്ചു.

1972ൽ ഇരിങ്ങാലക്കുടക്കാരനായ കെ മോഹൻ സംവിധാനം ചെയ്ത ‘നൃത്തശാല’ എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റ് സിനിമയിലെത്തിയത്.
ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമാണ കമ്പനിയും ഇന്നസെന്റ് ആരംഭിച്ചിരുന്നു. ഈ ബാനറിൽ പുറത്തിറങ്ങിയ ചിത്രങ്ങളാണ് ഇളക്കങ്ങൾ, വിട പറയും മുൻപേ, ഓർമ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ എന്നിവ.

Spread the love
English Summary: actor innocent passed away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick