Categories
latest news

പാകിസ്താന്‍കാര്‍ക്ക് കവി ജാവേദ് അക്തര്‍ നല്‍കിയ ധീരമായ മറുപടി…

സമാധാന സന്ദേശം കൊണ്ടുപോയി ഇന്ത്യക്കാരോട് പറയ് എന്ന പ്രതികരണത്തിന് ജാവേദ് അക്തര്‍ പാകിസ്താനിലെ സദസ്സില്‍ പറഞ്ഞ കിടിലന്‍ മറുപടി…ഇതാണ് ധീരമായ ദേശസ്‌നേഹം

Spread the love

26/11 മുംബൈ ആക്രമണത്തിലെ കുറ്റവാളികൾ ഇപ്പോഴും പാക്കിസ്ഥാനിൽ സ്വതന്ത്രരായി വിഹരിക്കുന്നുണ്ടെന്നും 2008ലെ കൂട്ടക്കൊലയെക്കുറിച്ച് ഇന്ത്യ സംസാരിക്കുമ്പോൾ പാക്കിസ്ഥാനികൾ അസ്വസ്ഥരാകരുതെന്നും ഗാനരചയിതാവും കവിയുമായ ജാവേദ് അക്തർ പാകിസ്താനിലെ ലാഹോറിൽ പറഞ്ഞത് ലോകമാകെ വൈറൽ വീഡിയോ ആയി പ്രചരിക്കുന്നു.. പി.ടി.ഐ. ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രശസ്ത ഉർദു കവി ഫായിസ് അഹമ്മദ് ഫായിസിന്റെ സ്മരണയ്ക്കായി ലാഹോറിൽ സംഘടിപ്പിച്ച ഏഴാമത് ഫെസ്റ്റിവലിൽ സദസ്സിലുണ്ടായിരുന്ന ഒരു അംഗം അക്തറിനോട് സമാധാനത്തിന്റെ സന്ദേശം കൊണ്ടുപോയി ഇന്ത്യക്കാരോട് പറയണമെന്ന് പറഞ്ഞതിന് മറുപടിയായാണ് അക്തർ ഈ അഭിപ്രായപ്രകടനം നടത്തിയത്.
“നമ്മൾ പരസ്‌പരം കുറ്റപ്പെടുത്തരുത്. അത് ഒന്നും പരിഹരിക്കില്ല. അന്തരീക്ഷം പിരിമുറുക്കമാണ്, അത് ശമിപ്പിക്കണം”– ഇന്ത്യയുടെ പ്രശസ്‌തനായ ഗാനരചയിതാവ് പറഞ്ഞു.

thepoliticaleditor
ജാവേദ് അക്തറും ആദിൽ ഹാഷ്മിയും ലാഹോറിലെ ഫൈസ് ഫെസ്റ്റിവൽ 2023-ൽ

“ഞങ്ങൾ മുംബൈയിൽ നിന്നുള്ളവരാണ്, ഞങ്ങളുടെ നഗരത്തിന് നേരെയുള്ള ആക്രമണം ഞങ്ങൾ കണ്ടതാണ് . അവർ (അക്രമികൾ) നോർവേയിൽ നിന്നോ ഈജിപ്തിൽ നിന്നോ വന്നവരല്ല. അവർ ഇപ്പോഴും നിങ്ങളുടെ രാജ്യത്ത് സ്വതന്ത്രമായി വിഹരിക്കുന്നു. അതിനാൽ ഒരു ഹിന്ദുസ്ഥാനിയുടെ ഹൃദയത്തിൽ ഒരു പരാതിയുണ്ടെങ്കിൽ നിങ്ങൾ അസ്വസ്ഥരാകരുത്”– കവി ഫായിസിന്റെ ചെറുമകൻ ആദിൽ ഹാഷ്മി ആതിഥേയത്വം വഹിച്ച ചടങ്ങിൽ അക്തർ പറഞ്ഞു.

പാകിസ്ഥാൻ കലാകാരന്മാരായ നുസ്രത്ത് ഫത്തേ അലി ഖാൻ, മെഹ്ദി ഹസൻ എന്നിവരെ ഇന്ത്യയിൽ ഊഷ്മളമായി സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ലതാ മങ്കേഷ്കറിന്റെ ഒരു ഷോ പോലും പാകിസ്ഥാൻ നടത്തിയിട്ടില്ലെന്നും അക്തർ തുറന്നു പറഞ്ഞു.

“നസ്രത്ത് ഫത്തേ അലി ഖാന്റെയും മെഹ്ദി ഹസന്റെയും വലിയ ചടങ്ങുകൾക്ക് ഞങ്ങൾ ആതിഥേയത്വം വഹിച്ചു. നിങ്ങൾ ഒരിക്കലും ലതാ മങ്കേഷ്‌കറിന് വേണ്ടി ഒരു ചടങ്ങും സംഘടിപ്പിച്ചില്ല”– കവി ഇത് പറഞ്ഞപ്പോൾ സദസ്സിൽ നിന്ന് വലിയ ആരവവും കരഘോഷങ്ങളും ഉയർന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

2008 നവംബർ 26 ന് ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ലഷ്‌കർ-ഇ-തൊയ്ബയുടെ 10 പാകിസ്ഥാൻ ഭീകരർ കടൽ വഴി മുംബൈയിൽ എത്തി നടത്തിയ ഭീകരക്രമണത്തിൽ 18 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെടുകയും 60 മണിക്കൂർ നേരം മുംബൈ മരവിച്ചു നിൽക്കുകയും ചെയ്തിരുന്നു. നിരവധി ആളുകൾക്ക് ഭീകരാക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തു.

Spread the love
English Summary: words of poet javed akther to pakistan audience

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick