Categories
latest news

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിക്ക് ജംബോ വലിപ്പം…രാഹുൽ ബ്രിഗേഡ്, ഗാർഡുകളും ഉറപ്പ് …അവർ ആരൊക്കെ

കൂടുതല്‍ യുവത്വമുള്ള പ്രവര്‍ത്തക സമിതി എന്നത് ഒരു സ്വപ്‌നം മാത്രമായിരിക്കും

Spread the love

പാര്‍ടിക്കകത്തെ നേതൃത്വപ്പോര് മയപ്പെടുത്താനായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയുടെ അംഗസംഖ്യ 23-ല്‍ നിന്നും 35 ആയി വര്‍ധിപ്പിച്ചത് നേതാവാകാന്‍ വിശന്നിരിക്കുന്ന നേതാക്കളെ അല്‍പം തൃപ്തിപ്പെടുത്തുമെങ്കിലും അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് വലിയ പാരയാണിനി വരാന്‍ പോകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ഖര്‍ഗെയെ കൂടാതെയാണ് 35 അംഗ പ്രവര്‍ത്തകസമിതി വരിക.
തങ്ങളുടെ അവകാശവാദം സ്ഥാപിക്കാൻ നിരവധി ഗ്രൂപ്പുകളും വ്യക്തികളും ഖാർഗെയുടെ മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ‘ടീം രാഹുൽ ഗാന്ധി’-യെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു ഡസനിലധികം പാർട്ടി നേതാക്കളുണ്ട്. രൺദീപ് സിംഗ് സുർജേവാല, ജയറാം രമേഷ്, കെ സി വേണുഗോപാൽ, ചെല്ല കുമാർ, മാണിക്കം ടാഗോർ, ജിതേന്ദ്ര സിംഗ് തുടങ്ങിയവർ ഇവരിൽ പ്രമുഖരാണ്. ഒപ്പം സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിവരെ ഉറപ്പായും സമിതിയിൽ ഉൾപ്പെടുത്തണം.

രാഹുൽ ഗാന്ധിയുടെ തുടർച്ച ആഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ ഗ്രൂപ്പ് ഇത്തവണയും കൂടുതൽ ദൃശ്യവും ശക്തവുമാകും. അംബികാ സോണി, മുകുൾ വാസ്‌നിക്, ദിഗ്‌വിജയ സിംഗ്, സെൽജ കുമാരി, താരിഖ് അൻവർ, ഭക്ത ചരൺ ദാസ്, പി ചിദംബരം, ജെപി അഗർവാൾ, ജയറാം രമേഷ്, രാജീവ് ശുക്ല, ശക്തിസിൻഹ് ഗോഹിൽ, എച്ച്‌കെ പാട്ടീൽ തുടങ്ങിയ പഴയ രാഹുൽ ഗാർഡ് സിഡബ്ല്യുസിയിലെ ശക്തമായ സാന്നിധ്യമാകാൻ സാധ്യത ഉണ്ട്.

thepoliticaleditor

ജി-23 നേതാക്കളെ ഉൾക്കൊള്ളാൻ ഖാർഗെ സമ്മർദ്ദത്തിലാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഖാർഗെയെ നേരിട്ട നേതാവായിരുന്നു ശശി തരൂർ. തരൂരിനെ സിഡബ്ല്യുസിയിൽ നിന്ന് ഒഴിവാക്കിയാൽ അത് മോശം ഇമേജ് ആയിരിക്കും പാർട്ടിക്ക് നൽകുക. മനീഷ് തിവാരി, പൃഥ്വിരാജ് ചവാൻ, ആനന്ദ് ശർമ എന്നിവരുടെ സംഭാവനകളും നിഷേധിക്കാൻ പ്രയാസമാണ്. അഭിഷേക് മനു സിങ്വി, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ നിയമ വൈദഗ്ധ്യവും അനുഭവ പരിചയവും ഒരു പോലെയുള്ളവരാണ്. അവരെ ഒഴിവാക്കുക പ്രയാസമാകും. രമേശ് ചെന്നിത്തല, ഡി.കെ.ശിവകുമാര്‍, സച്ചിന്‍ പൈലറ്റ്, ഹരിയാനയിലെ ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവര്‍ കോണ്‍ഗ്രസിന് ഭരണസാധ്യത ഉള്ള സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കളാണ്. അവരെ തള്ളാന്‍ സാധിക്കില്ല. വടക്കു കിഴക്കന്‍ മേഖലയ്ക്കും പ്രാതിനിധ്യം വേണം.

രാപ്പകൽ പ്രവർത്തിക്കുന്ന സയ്യിദ് നസീർ ഹുസൈൻ, ഗുർദീപ് സിംഗ് സത്പാൽ എന്നിവരെപ്പോലുള്ള ചിലരെ ഖാർഗെക്ക് മാറ്റി നിർത്താൻ പ്രയാസമുണ്ട്.

ചുരുക്കത്തിൽ, കൂടുതല്‍ യുവത്വമുള്ള പ്രവര്‍ത്തക സമിതി എന്നത് ഒരു സ്വപ്‌നം മാത്രമായിരിക്കും. യുവത്വമുള്ള കമ്മിറ്റി എന്നതാണ് ദേശീയ അധ്യക്ഷനും മുന്‍ അധ്യക്ഷനുമെല്ലാം വാതോരാതെ വാഗ്ദാനം ചെയ്യുന്നതെങ്കിലും താപ്പാനകളുടെ ബഹളം റായ്പൂരിലെ പ്ലീനറി സമ്മേളനത്തിന്റെ ആകെ ഫലത്തില്‍ വലിയ മാറ്റം കൊണ്ടുവരാനുള്ള സാധ്യത ഇല്ലാതാക്കുന്നു.

Spread the love
English Summary: CWC WILL BE A JUMBO COMMITEE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick