Categories
latest news

ആകാശവാണി-ദൂരദര്‍ശന്‍… വാര്‍ത്തകള്‍ വായിക്കുന്നത് സംഘപരിവാര്‍; 7.69 കോടിക്ക് കരാര്‍

ദൂരദര്‍ശന്‍, ആകാശവാണി എന്നിവയിലെ വാര്‍ത്തകള്‍ ഇനി സംഘപരിവാര്‍ താല്‍പര്യത്തിന് അനുസരിച്ച്. വാര്‍ത്തകള്‍ ഈ സര്‍ക്കാര്‍ നിയന്ത്രിത സംവിധാനത്തിന് ഇനി നല്‍കുക ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്ന വാര്‍ത്താ ഏജന്‍സി. ഈ ഏജന്‍സി സ്ഥാപിച്ചതാവട്ടെ വിശ്വ ഹിന്ദു പരിഷത്ത് സ്ഥാപകന്‍ എസ്.എസ്.ആപ്‌തെ. ഫെബ്രുവരി 14-ന് കേന്ദ്രസര്‍ക്കാരിന്റെ പ്രസാര്‍ഭാരതി കോര്‍പ്പറേഷന്‍ ഏര്‍പ്പെട്ട കരാര്‍ പ്രകാരം 2025 മാര്‍ച്ച് 31 വരെ ആകാശവാണിക്കും ദൂരദര്‍ശനും വാര്‍ത്തകള്‍ നല്‍കുക ഹിന്ദുസ്ഥാന്‍ സമാചാര്‍ ആയിരിക്കും-7.69 കോടി രൂപയ്ക്കാണ് കരാര്‍. ദ് വയര്‍ ന്യൂസ് പോര്‍ട്ടല്‍ ആണ് ഇന്നലെ ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.
ശ്രദ്ധിക്കേണ്ട കാര്യം അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. ഈ കാലത്ത് വാര്‍ത്തകളുടെ സ്വഭാവത്തെ നിയന്ത്രിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം എന്നാണ് ഈ കരാറിലൂടെ സംശയിക്കപ്പെടുന്നത്. ഇന്ത്യയിലാകെ പ്രശസ്തമായ പ്രവര്‍ത്തന പാരമ്പര്യവും നിഷ്പക്ഷതയുമുള്ള വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യുമായുള്ള കരാര്‍ അവസാനിപ്പിച്ചാണ് ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാര്‍ ഏര്‍പ്പെടുന്നത് എന്നതും ശ്രദ്ധേയം.

കരാറനുസരിച്ച് കുറഞ്ഞത് 10 ദേശീയ വാർത്താ റിപ്പോർട്ടുകളും നിർദ്ദിഷ്ട പ്രാദേശിക ഭാഷകളിലെ 40 പ്രാദേശിക റിപ്പോർട്ടുകളും ഉൾപ്പെടെ കുറഞ്ഞത് 100 വാർത്താ റിപ്പോർട്ടുകളെങ്കിലും ഹിന്ദുസ്ഥാൻ സമാചാർ പ്രസാർ ഭാരതിക്ക് നൽകും. ഹിന്ദുസ്ഥാൻ സമാചാറിന്റെ ദേശീയ കവറേജ് ഹിന്ദിയിലും ഉറുദുവിലും ആണ്. ഒപ്പം മറാത്തി, ഒഡിയ, ബംഗ്ലാ, ആസാമിയ, പഞ്ചാബി, കന്നഡ, തെലുങ്ക്, ഗുജറാത്തി, ഇംഗ്ലീഷ്, നേപ്പാളി എന്നിവയിൽ പ്രാദേശിക വാർത്താ സംവിധാനവും ഉണ്ട്.
പി.ടി.ഐ. പോലുള്ള വാര്‍ത്താ ഏജന്‍സികള്‍ വാര്‍ത്തകളില്‍ കാണിക്കുന്ന നിഷ്പക്ഷത കേന്ദ്രസര്‍ക്കാരിന് വലിയ അസ്വസ്ഥതകള്‍ ഉണ്ടാക്കിയതിന്റെ അനന്തരഫലമാണ് ഇപ്പോഴത്തെ കരാര്‍. ചൈനീസ് അംബാസഡറുമായി പി.ടി.ഐ.നടത്തിയ അഭിമുഖവും ലഡാക്കിലെ ചൈനീസ് കടന്നു കയറ്റത്തെപ്പറ്റി ബീജിങില്‍ നിന്നും വന്ന റിപ്പോര്‍ട്ടും സര്‍ക്കാരിനെ അസ്വസ്ഥമാക്കിയിരുന്നതായി പറയുന്നു. 2020-ലായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് പി.ടി.ഐ.ക്ക് പ്രസാര്‍ഭാരതി പ്രതിഷേധക്കത്ത് അയക്കുകയുണ്ടായി. ‘ദേശീയ താല്‍പര്യത്തിന് ഹാനികരമായ’ വാര്‍ത്തകളാണ് പി.ടി.ഐ. നല്‍കിയതെന്നായിരുന്നു പ്രസാര്‍ ഭാരതിയുടെ കത്തിലെ വിമര്‍ശനം.
തുടര്‍ന്ന് പി.ടി.ഐ.യുമായുളള കരാര്‍ 2020-ല്‍ പ്രസാര്‍ ഭാരതി അവസാനിപ്പിച്ചു. ഒപ്പം ഇന്ത്യയുടെ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ യു.എന്‍.ഐ.-യുമായുളള ബന്ധവും അവസാനിപ്പിച്ചു. വാര്‍ഷിക വരിസംഖ്യ സംബന്ധിച്ച് ഉണ്ടായ ഭിന്നതയാണ് രാജ്യത്തെ ഏറ്റവും പഴയതും വിശ്വാസ്യതയുള്ളതുമായ വാര്‍ത്താ ഏജന്‍സികളുമായുളള ബന്ധം അവസാനിപ്പിക്കാന്‍ കാരണമെന്നായിരുന്നു പ്രസാര്‍ ഭാരതി അവകാശപ്പെട്ടത്. എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നായിരുന്നു. നിഷ്പക്ഷ വാര്‍ത്തകള്‍ കേന്ദ്രസര്‍ക്കാരിന്റെ പല നടപടികളെയും തൊലിയുരിക്കുന്നതായിരുന്നു എന്നതാണ് ഈ ബന്ധ വിഛേദനത്തിന് കാരണം എന്ന് പിറകെ ലോകം തിരിച്ചറിഞ്ഞു.

thepoliticaleditor

നരേന്ദ്രമോദിയുടെ ആദ്യ ഭരണവര്‍ഷങ്ങളിലും ഹിന്ദുസ്ഥാന്‍ സമാചാറുമായി കരാര്‍ ഉണ്ടാക്കാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍ ദൂരദര്‍ശനിലെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ നിന്നും എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു എന്ന് പറയുന്നു.

ഈ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കരാറിനെ പ്രതിപക്ഷ എംപിമാർ വിമർശിച്ചു. “അവസാനം. പ്രസാർ ഭാരതിയും ബിജെപിയും ലയിപ്പിക്കുന്നതാണ് നല്ലത്”- 2012 മുതൽ 2016 വരെ പ്രസാർ ഭാരതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന തൃണമൂൽ കോൺഗ്രസ് എംപി ജവഹർ സിർകാർ ട്വീറ്റ് ചെയ്തു. ആര്‍.എസ്.എസ്. നല്‍കുന്ന ഉള്ളടക്കം മാത്രം ഇനി ദൂരദര്‍ശനും ആകാശവാണിയും സംപ്രേഷണം ചെയ്യുമെന്നും പി.ടി.ഐ.യുമായുള്ള കരാര്‍ അവസാനിപ്പിച്ചാണ് വി.എച്ച്.പി. സ്ഥാപകനായ ആപ്‌തെയും ഗോള്‍വാള്‍ക്കറും ചേര്‍ന്ന് സ്ഥാപിച്ച ഹിന്ദുസ്ഥാന്‍ സമാചാറിന് കരാര്‍ നല്‍കിയിരിക്കുന്നതെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു.

Spread the love
English Summary: PRASAR BHARATHI TIE UP WITH HINDUSTHAN SAMACHAR RAISES SERIOUS QUESTIONS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick