Categories
kerala

തെറിച്ചു പോയ മൊബൈല്‍ ഫോണ്‍, ഒടുവില്‍ തെറിച്ചത് പാര്‍ടി പദവി…ചെയ്തത് ക്രിമിനല്‍ കുറ്റം

ആലപ്പുഴയിലെ സി.പി.എമ്മില്‍ നോര്‍ത്ത് എരിയാ കമ്മിറ്റിയിലും സൗത്ത് ഏരിയാ കമ്മിറ്റിയിലും ഇപ്പോള്‍ അച്ചടക്ക നടപടികളുടെ കാലമാണ്. പാര്‍ടി ശക്തികേന്ദ്രമായ കുട്ടനാട്ടിലും ഉള്‍പാര്‍ടി ഉരുള്‍പൊട്ടലല്‍ ഉണ്ടായിരിക്കുന്നു.

ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്ന പാര്‍ടി നേതാക്കളെ പുറത്താക്കുന്ന ജോലിയിലാണ് സി.പി.എമ്മിന്റെ സംസ്ഥാന നേതൃത്വം. കര്‍ക്കശമായ നടപടിയിലേക്ക് പാര്‍ടി കടന്നതിന് കാരണം കുറ്റങ്ങളുടെ ഗൗരവ സ്വഭാവം തന്നെയാണ്. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ.സോണ ചെയ്തത് വര്‍ഷങ്ങള്‍ ജയില്‍ ശിക്ഷ കിട്ടാവുന്ന തരം ക്രിമിനല്‍ ഐ.ടി., സ്വകാര്യതാ നിയമലംഘന കുറ്റമാണ്. സഹപ്രവര്‍ത്തകരായ യുവതികളുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സൂക്ഷിച്ചു എന്നതാണ് സോണയുടെ മേല്‍ പാര്‍ടി സംവിധാനം ഉപയോഗിച്ച് തെളിയിക്കപ്പെട്ടിരിക്കുന്ന ആരോപണം. ആലപ്പുഴയിലും അമ്പലപ്പുഴയിലുമുള്ള 34 സ്ത്രീകളുടെ വീഡിയോകള്‍ സോണയുടെ ഫോണിലുണ്ടായിരുന്നു എന്നാണ് ആരോപണം. എത്ര വലിയ ലൈംഗിക വൈകൃതവും ക്രിമിനല്‍ കുറ്റവും ആണ് ഈ ആരോപണത്തില്‍ ഉള്ളത് എന്നത് ശ്രദ്ധേയമാണ്.

thepoliticaleditor

സോണയ്‌ക്കെതിരായ നടപടിയിലേക്ക് നയിച്ചത് യാദൃച്ഛികമായ ഒരു സംഭവം ആണെന്ന് പറയുന്നു. ഒരു യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ ഒളിഞ്ഞിരുന്ന് പകര്‍ത്താന്‍ ശ്രമിച്ചെന്ന പേരില്‍ സോണയ്ക്ക് അടുത്തിടെ നാട്ടുകാരുടെ മര്‍ദ്ദനമേറ്റിരുന്നു. ആ സമയം സോണയുടെ കയ്യില്‍ നിന്നും ഫോണ്‍ തെറിച്ചു പോയി. ഇത് നാട്ടുകാര്‍ പിടിച്ചെടുത്ത് പരിശോധിച്ചപ്പോഴാണേ് കൂടുതല്‍ വീഡിയോകള്‍ കണ്ടത്. പൊലീസില്‍ പരാതി നല്‍കാതെ പാര്‍ടി പ്രവര്‍ത്തകരായ ചിലര്‍ ചേര്‍ന്ന മന്ത്രി സജി ചെറിയാനെ വിവരം ധരിപ്പിക്കുകയും അദ്ദേഹം വഴി സംസ്ഥാന നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. സോണയുടെ വൈകൃതത്തിന് ഇരയായ ഒന്നിലധികം പാര്‍ടി പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കി. എന്നിട്ടും ജില്ലാ കമ്മിറ്റി തണുപ്പന്‍ മട്ടിലാണ് കാര്യങ്ങള്‍ മുന്നോട്ടു നീക്കിയത്. സംസ്ഥാന നേതൃത്വം ശക്തമായി ഇടപെട്ട ശേഷമാണ് ആലപ്പുഴ ജില്ലാക്കമ്മിറ്റിയില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വന്നതും നടപടിയുണ്ടായതും. എന്നിട്ടും സോണയ്ക്ക് അനുകൂലമായി വാദിക്കാനും പാര്‍ടി ജില്ലാ സെക്രട്ടറിയറ്റില്‍ ആളുണ്ടായി. സോണയ്‌ക്കെതിരെ ഒരു തെളിവുമില്ലെന്ന് വരെ വാദിക്കാന്‍ നേതാക്കള്‍ തുനിഞ്ഞു. ഒടുവില്‍ വീഡിയോ ദൃശ്യങ്ങള്‍ കണ്ട് ബോധ്യപ്പെട്ടതിനു ശേഷമാണേ്രത നേതാക്കള്‍ ഒതുങ്ങിയത്. സോണയ്‌ക്കെതിരെ ക്രിമിനില്‍ നടപടി അത്യാവശ്യമായ കേസാണിതെന്ന് ആലപ്പുഴയിലെ സകലരും വിശ്വസിക്കുന്നു. എന്നാല്‍ ഇത് പാര്‍ടി തലത്തില്‍ ഒതുക്കിത്തീര്‍ക്കാന്‍ സോണയുടെ ഭാഗത്തു നിന്നും ശക്തമായ ശ്രമമുണ്ട്.
ആലപ്പുഴ നോര്‍ത്ത് ഏരിയാകമ്മിറ്റി അംഗം ഷാനവാസ് പ്രതിയായിരിക്കുന്നത് ലഹരിവസ്തുക്കള്‍ ലോറിയില്‍ കടത്തിയ കേസിലാണ്. ഒരു ലോഡ് നിരോധിച്ച ലഹരി ഉല്‍പന്നങ്ങളാണ് ഷാനവാസിന്റെ നേതൃത്വത്തില്‍ കടത്തിയത്. ഇത് കൊല്ലം കരുനാഗപ്പള്ളിയില്‍ ലോറി സഹിതം പിടികൂടുകയായിരുന്നു. ഈ സംഭവത്തില്‍ പൊലീസ് കേസ് ഉണ്ടെന്നത് പ്രാഥമികമായി ആശ്വാസകരമാണ്. ഷാനവാസിനെതിരെ പാര്‍ടി അച്ചടക്ക നടപടി സ്വീകരിച്ച് സസ്‌പെന്‍ഡ് ചെയ്തു. പക്ഷേ പൊലീസ് കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുമെന്ന് ആലപ്പുഴയിലെ സാധാരണ പാര്‍ടി പ്രവര്‍ത്തകര്‍ ശക്തമായി വിശ്വസിക്കുന്നുണ്ട്. അത് ഇല്ലാതെ നോക്കാനുള്ള ജാഗ്രത സമൂഹത്തിനുണ്ടാകണമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.
കുട്ടനാട് സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ്. രാമങ്കരി പോലുള്ള സ്ഥലങ്ങളില്‍ പാര്‍ടിയുടെ താഴെത്തട്ടില്‍ കടുത്ത ഭിന്നത രൂപം കൊണ്ടത് അടുത്ത നാളുകളില്‍ മാത്രമാണ് സംസ്ഥാന നേതാക്കളുടെ ഇടപെടലോടെ ഗൗരവുമുള്ളതാണെന്ന് ബോധ്യമായത്. 280 പാര്‍ടി പ്രവര്‍ത്തകരാണ് രാജി നല്‍കാന്‍ തയ്യാറായത്. ഒരു ലോക്കല്‍ കമ്മിറ്റ് അപ്പാടെ രാജിവെച്ചു. കുട്ടനാട് ഏരിയാ നേതൃത്വത്തിനെതിരായിരുന്നു ഇവര്‍ക്കെല്ലാം പരാതി. പുത്തന്‍ കൂറ്റുകാര്‍ പാര്‍ടിയില്‍ പ്രാമാണ്യം നേടുകയും പാരമ്പര്യമുള്ളവരെ അവര്‍ ഒതുക്കുകയും ചെയ്യുന്നു എന്നതായിരുന്നു അസംതൃപ്തിക്ക് പ്രധാന കാരണം. പരാതിയില്‍ കഴമ്പുണ്ടെന്ന് ജില്ലാ സെക്രട്ടറി ആര്‍.നാസറിന് സമ്മതിക്കേണ്ടി വന്നത് കഴിഞ്ഞ ദിവസമാണ്. ഈ കാര്യത്തിലും സംസ്ഥാന നേതൃത്വത്തിന്റെ കര്‍ക്കശമായ ഇടപെടലാണ് പ്രശ്‌നത്തില്‍ സജവമായി ശ്രദ്ധിക്കുന്നതിലേക്ക് നയിച്ചത്.
ആലപ്പുഴ സൗത്തില്‍ പുറത്താക്കപ്പെട്ട ഏരിയാ കമ്മിറ്റി അംഗം എ.സോണയ്‌ക്കെതിരെ പ്രവര്‍ത്തകര്‍ക്ക് ധാരാളം പരാതിയുണ്ട്. സോണയുടെ മൂന്ന് സഹോദരിമാരും സഹോദരീ ഭര്‍ത്താവുമൊക്കെ പാര്‍ടി സ്വാധിനമുപയോഗിച്ചു വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി തരപ്പെടുത്തിയവരാണ്. മാത്രമല്ല സോണ തന്നെ നഗരത്തിലെ പുതിയ കെട്ടിടം പണിയുന്നവരില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം പണം വാങ്ങുന്നുവെന്ന ആരോപണം ഉണ്ട്. സാമ്പത്തിക ആരോപണത്തെ തുടര്‍ന്ന് സോണയെ സി.ഐ.ടി.യു.യൂണിയന്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നേരത്തെ ഒഴിവാക്കിയതുമാണെന്ന് പറയുന്നു.

Spread the love
English Summary: disciplinary-actions-in-allapuzha-cpm

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick