Categories
latest news

നേപ്പാള്‍ വിമാനാപകടം: 72 പേരില്‍ 68 മരണം സ്ഥിരീകരിച്ചു, അഞ്ച് ഇന്ത്യക്കാര്‍

നേപ്പാളില്‍ മുപ്പത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വിമാനാപകടത്തില്‍ മരണം 68 ആയി സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ ഇന്ത്യക്കാരാണ്. 32 മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തതായി ഹിമാലയൻ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. 68 യാത്രികരും നാല് വിമാന ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യെതി എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഇന്ന് രാവിലെ 10.33-ന് പറന്നുയര്‍ന്ന വിമാനം 11 മണിയോടെ പൊഖാറ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയായിരുന്നു തകര്‍ച്ച. പഴയ എയര്‍പോര്‍ട്ടിനും പുതിയ എയര്‍പോര്‍ട്ടിനും ഇടയിലുള്ള സേതി നദിയുടെ തീരത്താണ് വിമാനം തകര്‍ന്നു വീണത്. നേപ്പാളിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പൊഖാറ.
വിമാനത്തിലുണ്ടായിരുന്ന 10 വിദേശ പൗരന്മാരിൽ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നുവെന്ന് ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. അഞ്ച് ഇന്ത്യക്കാരിൽ നാല് പേർ വിനോദസഞ്ചാര കേന്ദ്രമായ പൊഖാറയിൽ പാരാഗ്ലൈഡിംഗിൽ പങ്കെടുക്കാൻ പോയവർ ആണെന്ന് റിപോർട്ടുണ്ട്.

തകർന്ന വിമാനത്തിലുണ്ടായിരുന്ന ഇന്ത്യൻ പൗരന്മാരിൽ അഭിഷേഖ് കുശ്വാഹ (25), ബിഷാൽ ശർമ (22), അനിൽ കുമാർ രാജ്ഭർ (27), സോനു ജയ്‌സ്വാൾ (35), സഞ്ജയ ജയ്‌സ്വാൾ എന്നിവരെയാണ് തിരിച്ചറിഞ്ഞതെന്ന് യെതി എയർലൈൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അഞ്ച് ഇന്ത്യൻ പൗരന്മാരിൽ നാല് പേർ വെള്ളിയാഴ്ച ഇന്ത്യയിൽ നിന്ന് കാഠ്മണ്ഡുവിൽ എത്തിയിരുന്നു.

thepoliticaleditor

“യെതി എയർലൈൻസിന്റെ ATR-72 വിമാനം ഇന്ന് കാഠ്മണ്ഡുവിൽ നിന്ന് പറക്കുന്നതിനിടെ പൊഖാറ വിമാനത്താവളത്തിന് സമീപം തകർന്നുവീണു. നേപ്പാളിലെ സിവിൽ ഏവിയേഷൻ അതോറിറ്റി നൽകിയ വിവരമനുസരിച്ച്, ഈ വിമാനത്തിൽ 5 ഇന്ത്യക്കാർ യാത്ര ചെയ്തിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്,” ഇന്ത്യൻ മിഷൻ ട്വീറ്റ് ചെയ്തു.
അപകടത്തെ തുടർന്ന് പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ ‘പ്രചണ്ഡ’ മന്ത്രിസഭയുടെ അടിയന്തര യോഗം ചേർന്നു. യെതി എയർലൈൻസ് വിമാനാപകടത്തിൽ മരിച്ചവരുടെ ദുഃഖത്തിൽ അനുശോചിച്ച് ജനുവരി 16 ന് പൊതു അവധി പ്രഖ്യാപിക്കാൻ ഞായറാഴ്ച ഉച്ചയ്ക്ക് ചേർന്ന മന്ത്രിസഭയുടെ അടിയന്തര യോഗം തീരുമാനിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്ന് സർക്കാർ അറിയിച്ചു.

അപകടമുണ്ടായി ഉടനെ തന്നെ രക്ഷാദൗത്യം ആരംഭിച്ചെങ്കിലും അപകടസ്ഥലത്തെത്തുക ദുഷ്‌കരമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഭൂപ്രദേശം വേഗം ചെന്നെത്താന്‍ പറ്റുന്ന തരത്തിലുള്ളതായിരുന്നില്ല. അപകടസ്ഥലത്ത് ജനക്കൂട്ടം തടിച്ചുകൂടിയതും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ആയിരങ്ങളുടെ തിക്കും തിരക്കും കാരണം ആംബുലൻസും അഗ്നിശമന സേനയും എത്തിപ്പെടാൻ പോലും തടസ്സമുണ്ടായി.
പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന എയർസ്ട്രിപ്പുകളും കാരണം നേപ്പാളിൽ വ്യോമയാന അപകടങ്ങൾ ഡ് വളരെ കൂടുതലാണ്.

നേപ്പാളിലെ അവസാനത്തെ വലിയ വിമാനാപകടം മെയ് 29 ന് നേപ്പാളിലെ പർവതപ്രദേശമായ മുസ്താങ് ജില്ലയിൽ താര എയർ വിമാനം തകർന്ന് വീണതാണ്. അന്ന് ഒരു ഇന്ത്യൻ കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 22 പേരും മരിച്ചു. 2016ൽ ഇതേ റൂട്ടിൽ പറന്ന അതേ എയർലൈനിന്റെ വിമാനം പറന്നുയർന്നതിന് ശേഷം തകർന്ന് വിമാനത്തിലുണ്ടായിരുന്ന 23 പേരും മരിച്ചിരുന്നു.

2018 മാർച്ചിൽ ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ടിൽ യുഎസ്-ബംഗ്ലാ വിമാന അപകടത്തിൽ 51 പേർ മരിച്ചു. 2012 സെപ്റ്റംബറിൽ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിനിടെ സീത എയർ വിമാനം തകർന്ന് 19 പേർ മരിക്കുകയുണ്ടായി. 2012 മെയ് 14 ന് പൊഖാറയിൽ നിന്ന് ജോംസോമിലേക്ക് പറക്കുന്ന വിമാനം ജോംസോം വിമാനത്താവളത്തിന് സമീപം തകർന്ന് 15 പേർ മരിച്ചു.

Spread the love
English Summary: nepal plane crash 68 died including 5 indians

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick