Categories
latest news

നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണം ; സുപ്രീംകോടതി

പ്രവാചകനെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ ബിജെപി മുൻവക്താവ് നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി.ഉദയ്പുർ കൊലപാതകം ഉൾപ്പടെ രാജ്യത്ത് ഇപ്പോൾ നടക്കുന്ന എല്ലാ പ്രശനങ്ങൾക്കും കാരണം നൂപുർ ശർമയാണെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി.

വിവിധ സംസ്ഥാങ്ങളിലായി തനിക്കെതിരെയുള്ള എല്ലാ കേസുകളും സംസ്ഥാന വ്യത്യാസമില്ലാതെ ഡൽഹിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സൂര്യകാന്ത്‌,ജെ.ബി. പർഡിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം.

thepoliticaleditor

അവരുടെ വാവിട്ട വാക്കുകൾ രാജ്യത്താകെ തീപടർത്തി. എന്തുപറഞ്ഞാലും അധികാരത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അവർ കരുതിയോ എന്നും സുപ്രീം കോടതി ചോദിച്ചു. ചാനൽ അവതാരകന്റെ ചോദ്യത്തിനു മറുപടി പറഞ്ഞതാണെന്നു നൂപുറിന്റെ അഭിഭാഷകൻ പറഞ്ഞപ്പോൾ എന്നാൽ അവതാരകനെതിരെയും കേസെടുക്കണമെന്ന് കോടതി പറഞ്ഞു. ‌‌

വരുംവരായ്കകൾ ആലോചിക്കാതെ തികച്ചും അപക്വമായാണ് നൂപുർ ശർമ വിവാദ പരാമർശം നടത്തിയതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഡൽഹി പോലീസിനെയും കോടതി വിമർശിച്ചു. നൂപുറിന്റെ പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. എന്നാൽ നിരവധി എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടും ഡൽഹി പൊലീസ് നൂപുറിനെ പിടികൂടിയിട്ടില്ലെന്നും കോടതി പറഞ്ഞു.

പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് നൂപുർ ശർമയുടെ അഭിഭാഷകൻ കോടതിയിൽ മറുപടി നൽകി. എന്നാൽ മാപ്പ് പറയാൻ അവർ വൈകിയെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ എന്ന നിബന്ധനയോടെയാണ് മാപ്പ് പറഞ്ഞത്. ഇത് സ്വീകാര്യമല്ല. നൂപുർ ശർമ മാധ്യമങ്ങളിലൂടെ രാജ്യത്തോട് നിരുപാധിക മാപ്പ് പറയണമെന്നും കോടതി വാക്കാൽ നിർദേശിച്ചു.

അവരുടെ ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ, അവർക്ക് ഭീഷണിയുണ്ടെന്നാണോ അവർ ഒരു സുരക്ഷാ ഭീഷണിയായെന്നാണോ എന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.

അതേസമയം, കേസുകളെല്ലാം ഡൽഹിയിൽ പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കാൻ തയാറായില്ല. ഇതേ തുടർന്ന് നൂപുർ ശർമ ഹർജി പിൻവലിച്ചു.

Spread the love
English Summary: Nupur Sharma should say sorry to the country says Supreme Court

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick