മുൻ ബിജെപി വക്താവ് നൂപുർ ശർമ്മ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ തനിക്ക് വ്യക്തിപരമായ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നതായി സുപ്രീം കോടതി ജസ്റ്റിസ് ജെ ബി പർദിവാല. നൂപുർ ശർമ്മയെ വിമർശിച്ച സുപ്രീം കോടതി ബഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ജെ ബി പർദിവാല. നൂപുർ ശർമ്മയുടെ എല്ലില്ലാത്ത നാവ് രാജ്യത്താകെ വികാരങ്ങൾക്ക് തീപിടിപ്പിച്ചെന്നും ഇപ്പോൾ രാജ്യത്ത് സംഭവിക്കുന്നതിനെല്ലാം ഈ സ്ത്രീ മാത്രമാണ് ഉത്തരവാദിയെന്നുമായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെ വിമർശനം. മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് നൂപുറിന്റെ അഭിഭാഷകൻ മനിന്ദർ സിംഗ് ചൂണ്ടിക്കാട്ടി. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കിൽ എന്ന ഉപാധിയോടെയാണ് മാപ്പ് പറഞ്ഞതെന്നും അത് സ്വീകാര്യമല്ലെന്നും മാദ്ധ്യമങ്ങളിലൂടെ രാജ്യത്തോട് നിരുപാധികം മാപ്പ് പറയണമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.
വിധി പ്രസ്താവനകളുടെ പേരിൽ ന്യായാധിപന്മാരെ അധിക്ഷേപിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് ജസ്റ്റിസ് പർദിവാല പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്തായിരുന്നു ബെഞ്ചിലെ മറ്റൊരു അംഗം. ജഡ്ജിമാർക്കെതിരെ വസ്തുനിഷ്ഠമായ വിമർശനങ്ങൾ ഉയരുന്നതിൽ തെറ്റില്ലെങ്കിലും വിധിപ്രസ്താവനകളുടെ അന്തസ്സത്തയെ തകർക്കുന്ന നടപടികൾ ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവാൻ പാടില്ലെന്ന് ജസ്റ്റിസ് പർദിവാല പറഞ്ഞു. വിധിപ്രസ്താവനകളിലെ പരാതികൾക്ക് പരിഹാരം കാണുന്നത് സമൂഹമാദ്ധ്യമങ്ങളല്ലെന്നും അതിന് ജഡ്ജിമാരുണ്ടെന്നും ജസ്റ്റിസ്പർദിവാല പറഞ്ഞു.