Categories
kerala

രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം നശിപ്പിച്ചതിൽ എസ്എഫ്‌ഐക്ക് പങ്കില്ലെന്ന് പൊലീസ് റിപ്പോർട്ട്

രാഹുല്‍ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫീസിലെ ഗാന്ധിചിത്രം ചുമരിൽ നിന്നും താഴെയിട്ടു നശിപ്പിച്ചതിൽ എസ്എഫ്‌ഐക്ക് പങ്കില്ലെന്ന് പൊലീസ് റിപ്പോർട്ട് നൽകി . ആക്രമണത്തിന് ശേഷം പുറത്തുവന്ന ഫോട്ടോകള്‍ തെളിവായി ഉള്‍പെടുത്തിയാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. കസേരയില്‍ വാഴവച്ചശേഷവും ചുമരില്‍ ഗാന്ധിചിത്രം ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വയനാട് ജില്ലാ പൊലീസ് മേധാവി ഡിജിപി, അന്വേഷണ സംഘത്തെ നയിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി, ക്രൈംബ്രാഞ്ച് മേധാവി എന്നിവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ആക്രമണം നടത്തിയ എസ്എഫ്ഐ പ്രവർത്തകർ പോയതിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഓഫീസിലേക്കെത്തിയിരുന്നു. ഇതിന് ശേഷമാണ് ഗാന്ധി ചിത്രം താഴെ വീണുകിടക്കുന്ന ചിത്രങ്ങള്‍ വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 24ന് ഉച്ചയ്ക്കുശേഷം മൂന്നരയോടെയാണ് അക്രമം നടന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോയ ശേഷം 4 മണിക്ക് പൊലീസ് ഫൊട്ടോഗ്രഫര്‍ എടുത്ത ചിത്രങ്ങളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം ചുവരിലും ഫയലുകള്‍ മേശപ്പുറത്തും ഇരിക്കുന്നതും വ്യക്തമാണ്. വീണ്ടും നാലരയ്ക്ക് ഫൊട്ടോഗ്രഫര്‍ മുകളിലെത്തി എടുത്ത ചിത്രങ്ങളില്‍, ഓഫിസില്‍ ആ സമയം യുഡിഎഫ് പ്രവര്‍ത്തകര്‍ ഉള്ളതായും ഒരു ഫോട്ടോ ചില്ലുപൊട്ടി താഴെക്കിടക്കുന്നതായും കാണാം. ഫയലുകള്‍ വലിച്ചുവാരി ഇട്ടിരുന്ന നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഓഫീസ് അടിച്ച് തകര്‍ത്ത ശേഷം രാഹുലിന്റെ ചിത്രവും വാഴയും എസ്എഫ്ഐക്കാര്‍ അവിടെ സ്ഥാപിച്ചു. ഈ സമയത്തും ഗാന്ധി ചിത്രം ചുമരില്‍ തന്നെ ഉണ്ടായിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോയതിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്നതിനും ശേഷം പുറത്തുവന്ന ആദ്യ ചിത്രത്തില്‍ ഗാന്ധി ചിത്രം കമിഴ്ന്ന നിലയിലായിരുന്നു. പിന്നീടത് മുഖം കാണുന്ന രീതിയിലേക്ക് മാറിയെന്നും പോലീസ് പറയുന്നു.

Spread the love
English Summary: police report on rahul gandhi office attack

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick