Categories
kerala

ഇവിടെ ഇ.ഡി. ന്യായം…അവിടെ അന്യായം : കയ്‌ച്ചിട്ട്‌ തുപ്പണോ മധുരിച്ചിട്ട്‌ ഇറക്കണോ

നാഷണല്‍ ഹെറാള്‍ഡിന്റെ 2000 കോടി വിലയുണ്ടെന്ന്‌ കരുതുന്ന ഓഹരികള്‍ വെറും 50 കോടി രൂപയ്‌ക്ക്‌ യങ്‌ ഇന്ത്യ ട്രസ്‌റ്റ്‌ വാങ്ങിയതായി ആരോപിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ അഖിലാന്ത്യാ കോണ്‍ഗ്രസ്‌ അധ്യക്ഷയെയും മുന്‍ അധ്യക്ഷനെയും ക്രൂരമായിത്തന്നെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന കാഴ്‌ച ഡെല്‍ഹിയില്‌ അരങ്ങേറുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്‌ ഇ.ഡി.യെ ന്യായീകരിക്കേണ്ടി വരുന്ന രാഷ്ട്രീയ പ്രതിസന്ധിയിലാണ്‌. ഇന്ന്‌ സോണിയ ഗാന്ധിയെ ഇഡി വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധിക്കാന്‍ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ കോണ്‍ഗ്രസിനൊപ്പം പിന്തുണയുമായി വന്നപ്പോള്‍ സംയുക്തമായി ഒരു വാര്‍ത്താ സമ്മേളനം നടത്താന്‍ കോണ്‍ഗ്രസ്‌ ഉല്‍സാഹിച്ചെങ്കിലും സാധിച്ചില്ല. എന്തു കൊണ്ടാണ്‌. ഡെല്‍ഹിയില്‍ സി.പി.എം. ഉള്‍പ്പെടെ ഇ.ഡി.ക്കെതിരെ കോണ്‍ഗ്രസിനൊപ്പം പ്രതിഷേധിക്കുന്നു. കേരളത്തിലാവട്ടെ സി.പി.എം.നേതാവായ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ഇ.ഡി. അന്വേഷണത്തിനെതിരെ പറയാന്‍ കഴിയാത്ത നപുംസകാവസ്ഥയിലുമായിരിക്കുന്നു കോണ്‍ഗ്രസ്‌. സംസ്ഥാന കോണ്‍ഗ്രസ്‌ നേതൃത്വം എന്തു പറഞ്ഞാലും ദേശീയ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ ഇ.ഡിയുടെ കേസന്വേഷണ രീതിയോടും നേതാക്കളെ കുരുക്കാനുള്ള അവരുടെ ആസൂത്രിത ശ്രമത്തോടും ഒട്ടും അനുകൂലമായി നില്‍ക്കാനാവില്ല. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടുകളെ വിലക്കാനോ തള്ളിപ്പറയാനോ ഉള്ള കെല്‍പ്‌ തല്‍ക്കാലം ദേശീയ നേതൃത്വത്തിന്‌ ഇല്ല താനും.
നിയമസഭാസമ്മേളനത്തിന്റെ അവസാനദിവസമായ ഇന്ന്‌ നിയമസഭയില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ സബ്‌മിഷന്‌ മറുപടി പറയവേ ഓര്‍മിപ്പിച്ച കാര്യം പ്രസക്തമാണ്‌. ഇ.ഡി.യെ കുറിച്ചുള്ള നിലപാട്‌ മാറ്റിയതിന്‌ പ്രതിപക്ഷത്തോട്‌ പിണറായിവിജയന്‍ നന്ദി പറഞ്ഞു. ഈ സമയം ഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇഡി വിരുദ്ധ സമരത്തില്‍ പങ്കെടുത്ത്‌ അറസ്റ്റ്‌ വരിക്കുകയായിരുന്നു എന്നത്‌ കൗതുകമുണര്‍ത്തുന്ന കാര്യമായി മാറി. കേരളത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ട്രെയിന്‍ തടഞ്ഞ്‌ അനുഭാവ സമരം നടത്തുകയുമായിരുന്നു. ഇ.ഡി. വേണ്ടപ്പെട്ടവരെ ചേര്‍ത്തു പിടിക്കുകയും രാഷ്ട്രീയ എതിരാളികളെ ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിക്കുകയുമാണ്‌ എന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍ പറഞ്ഞതിനുള്ള പ്രതികരണമായിരുന്നു മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായത്‌. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യത്തോടെ ദുരുപയോഗം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയതലത്തില്‍ ആരോപണം ഉന്നയിക്കുകയും പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുവാന്‍ കോണ്‍ഗ്രസ് വിമുഖത കാണിക്കുകയാണ്-മുഖ്യമന്ത്രി പറഞ്ഞു.

Spread the love
English Summary: congress against enforcement directorate in delhi but support in kerala

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick