• Home
  • kerala
  • എകെജി സെന്ററിനു നേരെ ബോംബെറിഞ്ഞു…സംഘർഷം…കനത്ത പോലീസ് സന്നാഹം

എകെജി സെന്ററിനു നേരെ ബോംബെറിഞ്ഞു…സംഘർഷം…കനത്ത പോലീസ് സന്നാഹം

സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാനമായ തിരുവനന്തപുരം എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞു. എകെജി സെന്ററിൽ പ്രവർത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ കരിങ്കൽ ഭിത്തിയിലാണ് ഇരുചക്രവാഹനത്തിൽ എത്തിയ ആൾ സ്ഫോടകവസ്തു എറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി നാളെ വയനാട് സന്ദർശിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളിൽ കാണുന്നതു പ്രകാരം വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടകവസ്തു എറിഞ്ഞയാൾ എത്തിയത് സ്കൂട്ടറിൽ ആണ് . രാത്രി 11.24 ഓടെ കുന്നുകുഴി ഭാഗത്ത് നിന്ന് എകെജി സെന്ററിനു സമീപത്തേക്ക് എത്തിയ ഇയാൾ റോഡിൽ വാഹനം നിർത്തി മതിലിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ ശേഷം പെട്ടെന്ന് വാഹനം ഓടിച്ചു മറയുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതിയുടെ മുഖമോ വണ്ടി നമ്പറോ ദൃശ്യങ്ങളിൽ വ്യക്തമല്ലെന്നും ഇയാളെ പിടികൂടാൻ ഊർജിത ശ്രമം നടത്തുകയാണെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.

എകെജി സെന്റർ ആക്രമണത്തിനു പിന്നാലെ തലസ്ഥാനത്തും ആലപ്പുഴ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു. എകെജി സെന്ററിനു സമീപം വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. തിരുവനന്തപുരം നഗരത്തിലെ വിവിധ റോഡുകളിൽ പൊലീസ് പരിശോധന ശക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *