Categories
kerala

മുഖ്യമന്ത്രി നല്ലപിള്ള ചമയുന്നു : പഴയ കാര്യങ്ങൾ ഓർമിപ്പിച്ച് പ്രതിപക്ഷ നേതാവിന്റെ മറുപടി

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാവിന് നേരെ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി
സതീശൻ. മാധ്യമ സിൻഡിക്കേറ്റാണെന്ന് പറഞ്ഞ് മാധ്യമ പ്രവർത്തകരെ ആക്രമിച്ചയാളാണ് ഇപ്പോൾ നല്ലപിള്ള ചമയുന്നതെന്ന് സതീശൻ പറഞ്ഞു.മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോട് ചെയ്ത പഴയ കാര്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി മറവി രോഗം മറവി രോഗം ബാധിച്ചയാളെപ്പോലാണെന്നും ആരോപിച്ചു.

പത്രസമ്മേളനത്തിനിടെ നിരന്തരം ശല്യപ്പെടുത്തുകയും ഒരേ ചോദ്യം തന്നെ നാലും അഞ്ചും തവണ ചോദിക്കുകയും ചെയ്തപ്പോഴാണ് ഇറങ്ങിപ്പോകാൻ എന്നെക്കൊണ്ട് പറയിക്കരുത് എന്ന് പറഞ്ഞത്. എന്നാൽ പൊതുയോഗത്തിനിടെ അന്നത്തെ മാതൃഭൂമി എഡിറ്ററെ എടോ ഗോപാലകൃഷ്ണാ എന്ന് വിളിച്ച് സംസാരിച്ചത് ആരാണെന്ന് സതീശൻ ചോദിച്ചു. മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്ത് എന്ന് പറഞ്ഞത് ആരാണ് ? ചെവി ഇങ്ങോട്ട് കാണിച്ചാൽ മറുപടി പറയാം എന്ന് പറഞ്ഞത് ആരാണ് ? കേരളത്തിൽ മാധ്യമ സിൻഡിക്കേറ്റ് ഉണ്ടെന്ന് പറയുകയും മാധ്യമ പ്രവർത്തകരോട് ആക്രോശിക്കുകയും ചെയ്തിട്ടുള്ളയാൾ ഇപ്പോൾ നല്ലപിള്ള ചമയുമ്പോൾ ഇന്നലത്തെ കാര്യങ്ങളെല്ലാം മറന്നോ എന്ന് എങ്ങനെ ചോദിക്കാതിരിക്കുമെന്നും സതീശൻ ചോദിച്ചു.

thepoliticaleditor

രാഹുൽഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം കോൺഗ്രസുകാർ തറയിലിട്ടെന്ന് എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് വിവരം ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

രാഹുൽഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകർത്ത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി പറയുന്നു. പോലീസ് അന്വേഷിക്കുന്ന വിഷയമാണിത്. എഡിജിപി മനോജ് എബ്രഹാമിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചോ ? പോലീസ് സീൻ മഹസർപോലും തയ്യാറാക്കാത്ത സാഹചര്യത്തിൽ കോൺഗ്രസാണ് ഗാന്ധിചിത്രം തകർത്തത് എന്ന വിവരം എവിടെനിന്ന് കിട്ടി ? എസ്.എഫ്.ഐക്കാർ പറഞ്ഞതാണോ ? ഒരു കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഇത്തരത്തിൽ പറഞ്ഞത് നിയമവിരുദ്ധമാണ്. അന്വേഷണം നടത്തുന്ന എഡിജിപി മനോജ് എബ്രഹാമിന് ഇനി മറ്റൊരു നിലപാട് സ്വീകരിക്കാൻ കഴിയുമോ ? അന്വേഷണം പുരോഗമിക്കുന്ന സ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുക്കുന്നത് എന്തടിസ്ഥാനത്തിലാണ് ? പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ലല്ലോ എന്നും വി.ഡി സതീശൻ ചോദിച്ചു.

അടിയന്തരപ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷം നോട്ടിസ് കൊടുത്തത്. സഭയിൽ പ്രതിഷേധം മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ, എല്ലാ മന്ത്രിമാരും ഒരുമിച്ച് എണീറ്റുനിന്ന് മുദ്രാവാക്യം വിളിച്ചതാണ് സഭയിലെ ആദ്യത്തെ സംഭവം. സഭയിൽ മാന്യതയില്ലാതെ ഭരണപക്ഷം പെരുമാറിയപ്പോൾ സഭ വിടാൻ പ്രതിപക്ഷം തീരുമാനിച്ചു. അത് പ്രതിപക്ഷത്തിന്റെ വിവേചനാധികാരമാണ്. ദൃശ്യങ്ങൾ കാണിക്കാതിരുന്നാൽ സഭാ ടിവിയുമായി സഹകരിക്കില്ലെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ഭരണകക്ഷിയെ മാത്രം കാണിക്കാനാണെങ്കിൽ സിപിഎം ടിവി മതി. സഭാ ടിവി സംപ്രേഷണം അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിയമസഭയിൽ പ്രതിപക്ഷത്തിന്റേത് ഹീനമായ പെരുമാറ്റമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. സ്പീക്കറുടെ ഡയസടക്കം അടിച്ചു തകർക്കുന്ന തരത്തിൽ നിയമസഭയ്ക്കുതന്നെ അമപാനമുണ്ടായ പ്രവർത്തനങ്ങൾക്ക് നിർദ്ദേശം കൊടുത്ത പിണറായി വിജയൻതന്നെ പ്രതിപക്ഷത്തിന്റേത് ഹീനമായ പെരുമാറ്റമാണെന്ന് ആരോപിക്കുന്നു. അദ്ദേഹം പെരുമാറിയതുപോലെ ഒരു കാലത്തും യുഡിഎഫ് നിയമസഭയിൽ പെരുമാറിയിട്ടില്ല. അദ്ദേഹത്തിൽനിന്ന് സഭാമര്യാദ പഠിക്കേണ്ട ആവശ്യം യുഡിഎഫിനും കോൺഗ്രസിനുമില്ല.

കെപിസിസി ഓഫീസ് ആക്രമിച്ചു, പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ അതിക്രമിച്ചു കയറി, കോൺഗ്രസിന്റെ ഓഫീസുകൾ ആക്രമിച്ചു, 5 ഓഫീസുകൾ കത്തിച്ചു. 30 – 40 ഓഫീസുകളാണ് ആക്രമിക്കപ്പെട്ടത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു. എന്നിട്ടും കോൺഗ്രസ് കലാപം നടത്തിയെന്നാണ് പറയുന്നത്. രണ്ട് കുട്ടികൾ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കിയതിന് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

കോൺഗ്രസ് കലാപാഹ്വാനം നടത്തി എന്ന് പറയുന്നവർ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന് വീണ ജോർജിന്റെ സ്റ്റാഫിനെതിരെ കേസെടുത്തോ ? സിപിഎം നൽകുന്ന ലിസ്റ്റ് പ്രകാരം കേസെടുക്കുകയാണ്. അന്വേഷണം കാര്യക്ഷമമല്ല. പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ അതിക്രമിച്ച് കയറിയ ആളെ ജാമ്യത്തിൽ വിടാൻ നിർദ്ദേശം നൽകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ അതിക്രമിച്ച് കടന്നാൽ ജാമ്യം കിട്ടുമേ ? പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന് പറഞ്ഞാൾക്കെതിരെ പോലും കേസെടുത്തില്ല.

കേരളത്തിൽ മുഴുവൻ അക്രമവും അഴിച്ചുവിട്ടിട്ട് ന്യായീകരിക്കുന്നതു കേട്ടാൽ അത്ഭുതം തോന്നുന്നു. ബഫർസോൺ വിഷയത്തിൽ സിപിഎം ഹർത്താൽ നടത്തി. പക്ഷെ മുഖ്യമന്ത്രി അധ്യക്ഷനായ മന്ത്രിസഭാ യോഗമാണ് ബഫർസോൺ വിഷയത്തിൽ തീരുമാനമെടുത്ത്. സുപ്രീം കോടതി അതേ തീരുമാനമെടുത്തപ്പോൾ ഹർത്താൽ നടത്തിയത് ആരെ പറ്റിക്കാനാണ് ? മന്ത്രിസഭായോഗ തീരുമാനം ഉത്തരവായി പുറത്തിറങ്ങിയതാണ്. കർഷകരെയും ജനങ്ങളെയും ദ്രോഹിക്കാനുള്ള തീരുമാനം ആദ്യം എടുത്തത് പിണറായി വിജയന്റെ മന്ത്രിസഭയാണ്. അതേ തീരുമാനമാണ് സുപ്രീം കോടതി ഉത്തരവായി പുറത്തുവന്നതെന്നും വി.ഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Spread the love
English Summary: VD satheesan's reply to CM

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick