Categories
kerala

അയോഗ്യത നോട്ടീസിൽ വിമത എംഎൽഎമാർക്ക് മറുപടി നൽകാൻ സുപ്രീംകോടതി സാവകാശം നൽകി

മഹാരാഷ്ട്രയിൽ ശിവസേന വിമത എംഎൽഎമാർക്ക്‌ ഡപ്യൂട്ടി സ്പീക്കർ അയച്ച അയോഗ്യത നോട്ടീസിനു മറുപടി നൽകാൻ ജൂലൈ 12 വരെ സുപ്രീം കോടതി സാവകാശം അനുവദിച്ചു.

അയോഗ്യരാക്കാതിരിക്കാൻ ഇന്ന് വൈകുന്നേരത്തിനുള്ളിൽ കാരണം ബോധിപ്പിക്കണമെന്ന ഡപ്യൂട്ടി സ്പീക്കറുടെ നോട്ടീസിലാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ സമയം നീട്ടിയത്. വിമതപക്ഷത്തെ 16 എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരെ വിമത നേതാവ് ഏക്നാഥ് ഷിൻഡെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

thepoliticaleditor

ഹർജിയിൽ മഹാരാഷ്ട്ര ഡപ്യൂട്ടി സ്പീക്കർക്കും ശിവസേന കക്ഷി നേതാക്കൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഡപ്യൂട്ടി സ്പീക്കർ നർഹരി സീതാറാം സിർവാളിനും ശിവസേനാ നിയമസഭാ കക്ഷി നേതാവ് അജയ് ചൗധരി, ചീഫ് വിപ് സുനിൽ പ്രഭു എന്നിവർക്കുമാണ് നോട്ടീസ്. കേന്ദ്ര സർക്കാരിനും നോട്ടീസ് നൽകി. അഞ്ച് ദിവസത്തിനകം എതിർ സത്യവാങ്മൂലം നൽകണം. ജൂലൈ 11ന് കേസ് വീണ്ടും പരിഗണിക്കും.

നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് ഷിൻഡെയെ മാറ്റി ഉദ്ധവ് പക്ഷത്തെ അജയ് ചൗധരിയെ നിയമിച്ചതും ഡപ്യൂട്ടി സ്പീക്കറിനെതിരായ അവിശ്വാസപ്രമേയം തള്ളിയതും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. ഡപ്യൂട്ടി സ്പീക്കറെ നീക്കുന്നതിൽ തീരുമാനമാകുന്നതുവരെ എംഎൽഎമാർക്കെതിരെ നടപടി പാടില്ലെന്നായിരുന്നു ആവശ്യം.

വിഷയത്തിൽ ഹൈക്കോടതിയെ ആദ്യം സമീപിക്കാത്തതെന്തെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി. പാർദ‌ിവാല എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. സർക്കാർ സംവിധാനത്തെ ഭരണകക്ഷിയിലെ ന്യൂനപക്ഷ വിഭാഗം അട്ടിമറിച്ചിരിക്കുകയാണെന്നും നിയമനടപടികൾ നടക്കുന്നതിൽ സംസ്ഥാനത്ത് അനുകൂല അന്തരീക്ഷമല്ലെന്നും ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ നീരജ് കിഷൻ കൗൾ മറുപടി നൽകി.

എന്നാൽ, എന്തുകൊണ്ടാണ് ആദ്യം ഹൈക്കോടതിയെ സമീപിക്കാത്തത് എന്നതിന് വിമതപക്ഷത്തിനു കാരണം ബോധിപ്പിക്കാനായില്ലെന്ന് ശിവസേനയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിങ്‌വി വാദിച്ചു. വിമത എംഎൽഎമാരുടെ അയോഗ്യത നോട്ടിസിൽ തീരുമാനമെടുക്കാൻ ഡപ്യൂട്ടി സ്പീക്കർക്ക് അവകാശമുണ്ടെന്നും സുപ്രീം കോടതിയുടെ മുൻകാല വിധികളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. നിയമസഭാ നടപടികൾ മുടങ്ങുമ്പോൾ ജുഡീഷ്യൽ അവലോകനം നടത്താനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമത എംഎൽഎമാരുടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് മറ്റൊരു ഹർജിയും ഏക്നാഥ് ഷിൻഡെ സൂപ്രീം കോടതിയിൽ സമർപ്പിച്ചുണ്ട്. ശിവസേന എംപി സഞ്ജയ് റാവുത്തിന്റെ പരാമർശം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹർജി. വിമത എംഎൽഎമാർ ജീവിച്ചിരിക്കുന്ന ശവങ്ങളെപ്പോലെയാണെന്ന് സഞ്ജയ് റാവുത്ത് ഞായറാഴ്ച പറഞ്ഞിരുന്നു.

Spread the love
English Summary: Supreme Court orders status quo till July 12

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick